കോഴിക്കോട്: ലോണ്‍ ആപ്പ് സംഘങ്ങളുടെയും ബ്ലേഡ് മാഫിയയുടെയും ഭീഷണിയില്‍ മനംനൊന്ത് വടകര ആയഞ്ചേരിയില്‍ നിന്നും കാണാതായ യുവാവിനെ എട്ടുദിവസത്തിന് ശേഷം കണ്ടെത്തിയത് ഫോണ്‍ വിളി എത്തിയതിനെ തുടര്‍ന്ന്. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ സഹയാത്രികന്റെ ഫോണില്‍ നിന്നും വിഷ്ണു സഹോദരനെ വിളിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. നേത്രാവതി എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് വിഷ്ണു വീട്ടുകാരെ ബന്ധപ്പെട്ടത്. ഉടന്‍ തന്നെ അവര്‍ പോലീസിന് വിവരം കൈമാറുകയും പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പോലീസ് വിഷ്ണുവിനെ കണ്ടെത്തുകയുമായിരുന്നു. ലോണ്‍ ആപ്പ് സംഘങ്ങളുടെയും പലിശക്കാരുടെയും ഭീഷണി ഭയന്നാണ് താന്‍ മാറിനിന്നതെന്ന് വിഷ്ണു പോലീസിന് പ്രാഥമിക മൊഴി നല്കി.
ലോണ്‍ ആപ്പുകളില്‍ നിന്നും ബ്ലേഡ് മാഫിയയില്‍ നിന്നും കടമെടുത്ത പണം തിരിച്ചടക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നുണ്ടായ കടുത്ത സമ്മര്‍ദ്ദമാണ് വിഷ്ണുവിനെ വീട് വിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചത്. വെറും 10,000 രൂപ വായ്പയെടുത്ത വിഷ്ണുവിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കുമെന്ന് ലോണ്‍ ആപ്പ് സംഘം ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിന് പുറമെ, ആപ്പിലെ കടം തീര്‍ക്കാന്‍ ബ്ലേഡ് മാഫിയയില്‍ നിന്നും വാങ്ങിയ 65,000 രൂപ പലിശയടക്കം ഒരു ലക്ഷത്തിന് മുകളില്‍ ആയി. കടം നല്കിയ ഇരുവിഭാഗവും കടുത്ത ഭീഷണിയുമായി യുവാവിനെ പിന്തുടര്‍ന്നതോടെ കഴിഞ്ഞ തിങ്കളാഴ്ച ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വിഷ്ണു വീട് വിടുകയായിരുന്നു. യുവാവിന് ലഭിച്ച ഭീഷണി സന്ദേശങ്ങള്‍ കുടുംബം നേരത്തെ പോലീസിന് കൈമാറിയിരുന്നു.
കാണാതായ ദിവസം വിഷ്ണു മറ്റൊരാള്‍ക്കൊപ്പം വടകര ടൗണിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അവസാനമായി കാസര്‍കോട് ബേക്കല്‍ പനയാലിലാണ് കാണിച്ചത്. ഇതോടെ അന്വേഷണം മംഗലാപുരത്തേക്കും ബംഗളൂരുവിലേക്കും വ്യാപിപ്പിച്ചു. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ഒടുവില്‍ സഹയാത്രികന്റെ ഫോണില്‍ നിന്നും വീട്ടുകാരെ വിളിച്ചതോടെ വിഷ്ണുവിനെ കണ്ടെത്താനുള്ള വഴി തെളിയുകയായിരുന്നു. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച വിഷ്ണുവിനെ വടകരയില്‍ നിന്നുള്ള പോലീസ് സംഘമെത്തി നാട്ടിലേക്ക് കൊണ്ടുപോകും. യുവാവിനെ വടകരയിലെത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി കുടുംബത്തിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിവാഹവാഗ്ദാനം നൽകി പീഡനം; ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസർ യദു ഗിരീഷ് അറസ്റ്റിൽ.





