സമാധാന ചര്‍ച്ചകള്‍ക്ക് ഇറാന് പോകില്ല? കടല്‍ക്കൊള്ളയെന്ന് ഇറാന്‍; അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം; പശ്ചിമേഷ്യ യുദ്ധമുനമ്പില്‍

വാഷിങ്ടണ്‍/ടെഹ്‌റാന്‍: ഒമാന്‍ കടലില്‍ ഇറാനിയന്‍ ചരക്കുകപ്പലായ ‘ടുസ്‌ക’  അമേരിക്കന്‍ നാവികസേന വെടിവെച്ച് പിടിച്ചെടുത്തതോടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി വീണ്ടും പാരമ്യത്തിലെത്തി. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇസ്ലാമാബാദില്‍ നടക്കാനിരുന്ന നിര്‍ണ്ണായകമായ രണ്ടാം ഘട്ട സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറുന്നതായാണ് സൂചന. അമേരിക്കയുടെ നടപടി ‘കടല്‍ക്കൊള്ള’യാണെന്ന് വിശേഷിപ്പിച്ച ഇറാന്‍, ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെ ഒമാന്‍ കടലിലെ അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കന്‍ നാവികസേന ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ച് ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തേക്ക് നീങ്ങുകയായിരുന്നു ‘ടുസ്‌ക’ എന്ന ഭീമന്‍ ചരക്കുകപ്പല്‍. യുഎസ് ഡിസ്‌ട്രോയറായ യുഎസ്എസ് സ്പ്രുവാന്‍സ് (ഡടട ടുൃൗമിരല) കപ്പലിനെ തടയാന്‍ ആറ് മണിക്കൂര്‍ നീണ്ട ശ്രമം നടത്തി. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് കപ്പല്‍ മുന്നോട്ട് നീങ്ങിയതോടെ അമേരിക്കന്‍ സൈന്യം ബലപ്രയോഗത്തിലേക്ക് നീങ്ങി. കപ്പലിന്റെ എഞ്ചിന്‍ റൂമിലേക്ക് നാവികസേന വെടിയുതിര്‍ക്കുകയായിരുന്നു. എഞ്ചിന്‍ തകരാറിലായതോടെ കടലില്‍ നിശ്ചലമായ കപ്പലിലേക്ക് യുഎസ് മറീനുകള്‍ ഇരച്ചുകയറി നിയന്ത്രണം ഏറ്റെടുത്തു.
കപ്പല്‍ പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെ ഇറാന്‍ പ്രത്യാക്രമണം ആരംഭിച്ചതായാണ് വിവരം. ഒമാന്‍ കടലിലെ അമേരിക്കന്‍ കപ്പലുകളെ ലക്ഷ്യം വെച്ച് ഇറാന്‍ നിരവധി ഡ്രോണുകള്‍ അയച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കന്‍ നടപടിക്ക് വൈകാതെ തന്നെ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോള്‍ഫഗാരി മുന്നറിയിപ്പ് നല്‍കി.
ഏപ്രില്‍ 8-ന് നിലവില്‍ വന്ന രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അമേരിക്ക ലംഘിച്ചുവെന്നാണ് ഇറാന്റെ പ്രധാന ആരോപണം. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇത്തരമൊരു സൈനിക നീക്കം നടത്തിയത് പ്രകോപനപരമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, നിരോധിത വസ്തുക്കള്‍ കടത്തുന്നു എന്ന സംശയത്തെത്തുടര്‍ന്നാണ് കപ്പല്‍ പരിശോധിക്കുന്നതെന്നും കപ്പല്‍ ഇപ്പോള്‍ തങ്ങളുടെ കസ്റ്റഡിയിലാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫിന്റെ മധ്യസ്ഥതയില്‍ ഇസ്ലാമാബാദില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ചകള്‍ ഇതോടെ അനിശ്ചിതത്വത്തിലായി. ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അമേരിക്ക അറിയിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇറാന്‍ വിമുഖത കാട്ടുകയാണ്. അമേരിക്കയുടെ അമിതമായ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്നും ടെഹ്‌റാന്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കായി പാകിസ്ഥാന്‍ നടത്തുന്ന നയതന്ത്ര നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ സംഭവം.
ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്ക് ശത്രുക്കള്‍ക്കായി പൂര്‍ണ്ണമായും അടച്ചിടുമെന്ന് ഇറാന്‍ വീണ്ടും ഭീഷണി മുഴക്കി. അമേരിക്കന്‍ ഉപരോധം കാരണം പ്രതിദിനം 400 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഇറാന് സംഭവിക്കുന്നത്. കപ്പല്‍ പിടിച്ചെടുത്തതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിക്കാനും സാധ്യതയുണ്ട്. ഇറാന്‍ കടലിടുക്ക് അടച്ചാല്‍ അത് ആഗോള സമ്പദ്വ്യവസ്ഥയെ തന്നെ തകിടം മറിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ആശങ്ക.
ഏപ്രില്‍ 22-ന് വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാനിരിക്കെ, പശ്ചിമേഷ്യയിലെ സാഹചര്യം സ്‌ഫോടനാത്മകമായി തുടരുകയാണ്. ഐക്യരാഷ്ട്രസഭയും മറ്റ് അറബ് രാഷ്ട്രങ്ങളും ഇരുപക്ഷത്തോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ചരക്കുകപ്പല്‍ വിട്ടുകൊടുക്കാന്‍ അമേരിക്ക തയ്യാറാകാത്തതും ഇറാന്‍ തിരിച്ചടി തുടരുന്നതും മേഖലയെ ഒരു വലിയ യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ഇസ്ലാമാബാദിലെ ചര്‍ച്ചകള്‍ നടന്നില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ സൈനിക നീക്കങ്ങള്‍ ഉണ്ടായേക്കാം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.