നിതിൻ രാജിന്റെ മരണം: പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപണം; ഏപ്രിൽ 28-ന് സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്ത് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: കണ്ണൂർ ഡെന്റൽ കോളേജ് ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹത നീങ്ങുന്നില്ലെന്നും, പ്രതികളെ സംരക്ഷിക്കാൻ കോളേജ് മാനേജ്‌മെന്റും അധികൃതരും ശ്രമിക്കുന്നുവെന്നും ആരോപിച്ച് നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംസ്ഥാന ഹർത്താലിന് ആഹ്വാനം. ഏപ്രിൽ 28-നാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

നിതിൻ രാജിന്റെ മരണം ലോൺ ആപ്പുകളുടെ മറവിൽ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു.മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക. പ്രതികളായ അധ്യാപകരെയും ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിടുക. കുറ്റക്കാരനായ പ്രിൻസിപ്പൽ ഡോ. വിനോദ് മോനിയെ കേസിൽ പ്രതി ചേർക്കുക.സർക്കാർ ഭൂമി അനധികൃതമായി കൈയേറിയും ജാതി അധിക്ഷേപം നടത്തിയും പ്രവർത്തിക്കുന്ന കണ്ണൂർ ഡെന്റൽ കോളേജിന്റെ അംഗീകാരം റദ്ദാക്കുക.നിതിൻ രാജിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക.

വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് നിരന്തരം ജാതി അധിക്ഷേപ പരാതികൾ ഉയർന്നിട്ടും, കോളേജിൽ അത്തരം വിവേചനങ്ങൾ നടക്കുന്നില്ലെന്നും പ്രതികൾ നിരപരാധികളാണെന്നും പറയുന്ന മാനേജ്‌മെന്റിന്റെ നിലപാട് തികച്ചും നിരുത്തരവാദപരമാണെന്ന് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. ട്രസ്റ്റ് ഉടമ ജബ്ബാർ ഹാജിക്കെതിരെ നേരത്തെ തന്നെ നിരവധി കേസുകൾ നിലവിലുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

 കെ.കെ. സുരേഷ് ചെയർമാനും സണ്ണി എം. കപിക്കാട് ജനറൽ കൺവീനറുമായുള്ള നിതിൻ രാജ് ആക്ഷൻ കൗൺസിലാണ് സമരങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഹർത്താലിന് മുന്നോടിയായി, ഏപ്രിൽ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ ഇ.കെ. നായനാർ ഓഡിറ്റോറിയത്തിൽ വെച്ച് സമര പ്രഖ്യാപന കൺവെൻഷൻ നടക്കുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.