തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കില്‍ ഉണ്ടായത് വന്‍ തീപിടിത്തം. ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ ഒന്നാം നിലയിലെ സര്‍ജിക്കല്‍ ഐസിയുവിലാണ് സംഭവം. ഐസിയുവില്‍ ഉണ്ടായിരുന്ന ഒരു വെന്റിലേറ്ററിനുള്ളില്‍ നിന്നാണ് തീപടര്‍ന്നത്. വെന്റിലേറ്റര്‍ കത്തി ഒരു കട്ടിലിലേക്ക് തീ പടര്‍ന്നെങ്കിലും ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ വലിയൊരു ദുരന്തം ഒഴിവാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക സൂചന.
വെന്റിലേറ്ററില്‍ നിന്ന് തീപടരുന്നത് കണ്ട ഉടന്‍ തന്നെ ഐസിയുവിലെ ഓക്സിജന്‍ വിതരണം വിച്ഛേദിച്ചു. ഇത് തീ കൂടുതല്‍ കട്ടിലുകളിലേക്ക് പടരാതിരിക്കാന്‍ സഹായകമായി. ഈ സമയം ഐസിയുവില്‍ ഉണ്ടായിരുന്ന 33 രോഗികളെയും അതിവേഗം മറ്റ് വാര്‍ഡുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തീപിടിച്ച വെന്റിലേറ്ററിനും അനുബന്ധ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഐസിയു ബ്ലോക്ക് പൂര്‍ണ്ണമായും ഒഴിപ്പിച്ചു. അഗ്നിശമന സേന വരും മുമ്പ് തന്നെ തീ നിയന്ത്രിക്കാനുള്ള ഉപകരണം ഉപയോഗിച്ച് ജീവനക്കാര്‍ തീ നിയന്ത്രണ വിധേയമാക്കി. ഫയര്‍ഫോഴ്സ് എത്തും മുമ്പ് തന്നെ തീ അണച്ചു. ഇതും അപകട വ്യാപ്തി കൂട്ടുന്നതിനെ തടഞ്ഞു.
സംഭവസ്ഥലത്തെത്തിയ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാ രോഗികളും നിലവില്‍ സ്റ്റേബിള്‍ ആണെന്നും ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മേയര്‍ അറിയിച്ചു. അതിവേഗം രോഗികളെ മാറ്റാന്‍ കഴിഞ്ഞത് വലിയ ആശ്വാസമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐസിയുവില്‍ നല്ല രീതിയില്‍ പുക പടര്‍ന്നിരുന്നെങ്കിലും ഫയര്‍ഫോഴ്സിന്റെ മൂന്ന് യൂണിറ്റുകള്‍ എത്തി തീയും പുകയും പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കി.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജിലെ എല്ലാ ഐസിയുകളിലും അടിയന്തര സുരക്ഷാ പരിശോധന നടത്താന്‍ തീരുമാനിച്ചു. ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമതയും ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതകളും പരിശോധിക്കും. നിലവില്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആറന്മുളയിൽ പോരാട്ടം മുറുകുന്നു; അബിൻ വർക്കിക്ക് കെട്ടിവെക്കാനുള്ള തുക നൽകി ‘വയറ്റിൽ കത്രിക കുടുങ്ങിയ’ ഉഷ ജോസഫ്





