മെഡിക്കൽ കോളേജ് ഐസിയു പ്രതിസന്ധി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; അടിയന്തര അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഐസിയു വാർഡുകൾ തുണികൊണ്ട് മറച്ച് ചികിത്സ നടത്തുന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി.. ഡെപ്യൂട്ടി ഡിഎംഇ റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കുള്ളിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്.

കഴിഞ്ഞ മാസം 17-നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടുത്തം ഉണ്ടായത്. ഇതിനെത്തുടർന്ന് 36 ബെഡുകളുള്ള സർജിക്കൽ, ട്രോമ ഐസിയു വാർഡുകൾ പൂർണ്ണമായും ഒഴിപ്പിക്കേണ്ടി വന്നു. തീപിടുത്തം നടന്ന് ഒരു മാസം പിന്നിട്ടിട്ടും വാർഡുകൾ പ്രവർത്തനസജ്ജമാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.

നിലവിൽ സർജിക്കൽ ട്രോമാകെയർ വാർഡുകൾ ഏഴ്, എട്ട് വാർഡുകളിലേക്കാണ് മാറ്റിയത്. ഇവിടെ മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ മുണ്ട് വലിച്ചുകെട്ടിയാണ് രോഗികളെ കിടത്തി ചികിത്സിക്കുന്നത്. കാഷ്വാലിറ്റിയിൽ ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികൾക്ക് ഐസിയു ബെഡ് ലഭിക്കാത്ത സാഹചര്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ ഗുരുതര സാഹചര്യം ചൂണ്ടിക്കാണിച്ച് സർജിക്കൽ വകുപ്പ് മേധാവി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും സൂപ്രണ്ടിനും കത്ത് നൽകിയിരുന്നു.

 ഐസിയു വാർഡുകൾ പ്രവർത്തനസജ്ജമാക്കുന്നതിൽ കാലതാമസം നേരിടുന്നതിന് പിന്നിൽ പിഡബ്ല്യുഡി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗങ്ങളിൽ നിന്ന് ക്ലിയറൻസ് ലഭിക്കാത്തതാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ ഒരുമാസമായിട്ടും ജീവൻരക്ഷാ സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയാത്തത് മെഡിക്കൽ കോളേജ് ഭരണകൂടത്തിന്റെ വീഴ്ചയാണെന്ന ആക്ഷേപം ശക്തമാണ്.അടിയന്തരമായി ഇടപെടേണ്ട വിഷയത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തത് രോഗികൾക്ക് ആശ്വാസമാണ് .

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.