നിതിൻ രാജിന്റെ മരണം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ അധ്യാപകരുടെ രാജി തുടരുന്നു; ഓർത്തോഡോണ്ടിക്സ് വിഭാഗം മേധാവി ഡോ. ഹാഷിം അലിയും പടിയിറങ്ങി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ, കൂടുതൽ അധ്യാപകർ രാജിവെക്കുന്നു. ഓർത്തോഡോണ്ടിക്സ് വിഭാഗം മേധാവി ഡോ. ഹാഷിം അലിയാണ് രാജി വെച്ചത്. നേരത്തെ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ ഡോ. റാമിനൊപ്പം ഹാഷിം അലിയുടെ പേരും പരാമർശിക്കപ്പെട്ടിരുന്നു. സംഭവത്തിൽ ആരോപണ വിധേയരായ കൂടുതൽ ജീവനക്കാർ വരും ദിവസങ്ങളിൽ രാജിവെച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

നിതിൻ രാജ് ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ വഴിത്തിരിവാകുന്നു. പ്രിൻസിപ്പാളിന്റെ മുറിയിൽ വെച്ച് നിതിന്റെ ഫോൺ അധ്യാപകർ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രിൻസിപ്പാളും മൂന്ന് അധ്യാപകരും മുറിയിലുണ്ടായിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ പോലീസിന് കേസന്വേഷണത്തിൽ നിർണ്ണായക തെളിവായി മാറും. കേസിൽ പ്രതികളായ ഡോ. റാം, ഡോ. സംഗീത എന്നിവർ മുൻകൂർ ജാമ്യത്തിനായി തലശേരി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇരുവരും നിലവിൽ ഒളിവിലാണ്.

ആരോപണവിധേയനായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം.കെ. റാമിനെ മാനേജ്മെന്റ് നേരത്തെ തന്നെ ചുമതലയിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമവും ചുമത്തിയിട്ടുണ്ട്.നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് കോളേജിലെ വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന പ്രതിഷേധം ശക്തമായി തുടരുകയാണ്.

വിദ്യാർത്ഥികളുടെ മരണത്തിന് കാരണക്കാരായ മുഴുവൻ പേരെയും പുറത്താക്കണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. ലോൺ ആപ്പ് ഭീഷണി, അധ്യാപകരുടെ ജാതി അധിക്ഷേപം, മാനസിക പീഡനം എന്നിവയെല്ലാം നിതിനെ മരണത്തിലേക്ക് നയിച്ച ഘടകങ്ങളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.