സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം അനുവദിച്ച് കോടതി, ജാമ്യം നല്‍കിയത് ആരോഗ്യസ്ഥിതി പരിഗണിച്ച് , പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുകളുണ്ടെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രകടമാണെന്ന് നിരീക്ഷിച്ച കോടതി, കേസിന്റെ ഗൗരവം അടിവരയിട്ടു. എന്നാൽ, ആരോഗ്യസ്ഥിതിയും പ്രായവും പരിഗണിച്ചാണ് കോടതി രഞ്ജിത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
പരാതിയുടെ വസ്‌തുതകളിലേക്ക് ഈ ഘട്ടത്തിൽ കടക്കുന്നില്ലെങ്കിലും സാഹചര്യ തെളിവുകൾ രഞ്ജിത്തിന് എതിരാണെന്ന് കോടതി ഉത്തരവിൽ പരാമർശിച്ചു. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്റെ ആശങ്ക ഗൗരവത്തോടെ കാണുന്നതായും കോടതി വ്യക്തമാക്കി.
 ചുമത്തിയ കുറ്റങ്ങളിൽ അഞ്ച് വർഷത്തിൽ താഴെയാണ് ശിക്ഷാ കാലാവധി എന്നത് ജാമ്യം അനുവദിക്കാൻ കാരണമായി. പ്രതിയുടെ സാമൂഹ്യ ബന്ധങ്ങളും പ്രായവും പരിഗണിക്കുമ്പോൾ ഒളിവിൽ പോകാൻ സാധ്യത കുറവാണെന്നും കോടതി വിലയിരുത്തി.
 ജാമ്യ ഉപാധികൾ ഏതെങ്കിലും തരത്തിൽ ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദ് ചെയ്ത് പ്രതിയെ തിരികെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിൽ വ്യവസ്ഥയുണ്ട്.മൊബൈൽ ടവർ ലൊക്കേഷൻ, സാക്ഷി മൊഴികൾ തുടങ്ങിയ സാഹചര്യ തെളിവുകൾ രഞ്ജിത്തിന് എതിരാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ജനുവരി 30-ന് സിനിമ ഷൂട്ടിങ്ങിനിടെ കാരവാനിൽ വെച്ച് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവനടിയുടെ പരാതി. നടിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അറസ്റ്റ് നടപടികളിലേക്ക് കടന്നത്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് രഞ്ജിത്തിന്റെ വാദം. നേരത്തെ ബംഗാളി നടിയും പീഡനാരോപണം ഉന്നയിച്ചിരുന്ന വിവരം റിമാൻഡ് റിപ്പോർട്ടിൽ പോലീസ് എടുത്തുപറഞ്ഞിട്ടുണ്ട്.
ജാമ്യം ലഭിച്ചെങ്കിലും രഞ്ജിത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന കോടതിയുടെ പരാമർശം അന്വേഷണ സംഘത്തിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. വരും ദിവസങ്ങളിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.