കൊച്ചി: കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തിൽ തനിക്ക് വധഭീഷണിയുണ്ടെന്നും തിരഞ്ഞെടുപ്പ് ദിവസം അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ ഹൈക്കോടതിയെ സമീപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളക്കെതിരെയാണ് തളിപ്പറമ്പിൽ ഗോവിന്ദൻ മത്സരിക്കുന്നത്. ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശ്യാമളക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയതിന് പിന്നാലെയാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി അദ്ദേഹം കോടതിയിലെത്തിയത്.
ഹർജി പരിഗണിച്ച കോടതി, സ്ഥാനാർത്ഥികളെല്ലാം പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വന്നാൽ എന്ത് ചെയ്യുമെന്ന് ആരാഞ്ഞു. എന്നാൽ തന്റെ സാഹചര്യം വ്യത്യസ്തമാണെന്നും തന്നെ അപായപ്പെടുത്താൻ നീക്കം നടക്കുന്നതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ടെന്നും ടി.കെ. ഗോവിന്ദൻ കോടതിയെ ബോധിപ്പിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നിലവിൽ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും.
ആറ് പതിറ്റാണ്ടുകാലം സി.പി.എമ്മിന്റെ അടിയുറച്ച പ്രവർത്തകനായിരുന്നു ടി.കെ. ഗോവിന്ദൻ. കെ.എസ്.എഫിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം കെ.എസ്.വൈ.എഫ് താലൂക്ക് സെക്രട്ടറി, ശ്രീകണ്ഠാപുരം ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ 9 വർഷവും ജില്ലാ കമ്മിറ്റിയിൽ 25 വർഷത്തിലേറെയും അംഗമായിരുന്നു. തളിപ്പറമ്പ് മേഖലയിൽ പാർട്ടിയുടെ കരുത്തുറ്റ മുഖമായിരുന്നു അദ്ദേഹം.പാർട്ടി വിട്ട് യുഡിഎഫ് പാളയത്തിലെത്തിയ ഗോവിന്ദൻ, പി.കെ. ശ്യാമളക്കെതിരെ മത്സരിക്കുന്നത് മണ്ഡലത്തിലെ പോരാട്ടം പ്രവചനാതീതമാക്കിയിട്ടുണ്ട്.
ആന്തൂർ നഗരസഭാ അധ്യക്ഷയായിരുന്ന കാലത്ത് പി.കെ. ശ്യാമള സ്വീകരിച്ച നിലപാടുകളാണ് സാജന്റെ മരണത്തിന് കാരണമായതെന്നാണ് ഗോവിന്ദന്റെ പ്രധാന ആരോപണം. പാർട്ടിക്കുള്ളിലെ രഹസ്യങ്ങൾ നന്നായി അറിയാവുന്ന മുൻ നേതാവ് തന്നെ എതിരാളിയായി എത്തിയത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കോടതിയുടെ നാളത്തെ നിലപാട് തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഒറ്റപ്പാലത്ത് പി.കെ. ശശി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും; സ്വതന്ത്ര നിലപാടിൽ മാറ്റം; യുഡിഎഫ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പ് പോരാട്ടം





