തൃശൂരിൽ വോട്ടിനായി ബിജെപി കിറ്റുകൾ വിതരണം ചെയ്തെന്ന് പരാതി; പോലീസ് കേസെടുത്തു, സൂപ്പർമാർക്കറ്റ് അടപ്പിച്ചു

തൃശൂർ: തിരഞ്ഞെടുപ്പിൽ വോട്ട് നേടാനായി ബിജെപി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ തൃശൂർ വെസ്റ്റ് പോലീസ് കേസെടുത്തു. കിറ്റുകൾ ഓർഡർ ചെയ്ത പ്രാദേശിക ബിജെപി നേതാവ് രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തി. തൃശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ ഇലക്ഷൻ ഫ്ലൈയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 900 രൂപ വിലമതിക്കുന്ന 26 കിറ്റുകൾ പിടിച്ചെടുത്തു.
18 ഇനങ്ങൾ അടങ്ങിയ കിറ്റുകളാണ് സൂപ്പർമാർക്കറ്റിന് പിന്നിലായി തയ്യാറാക്കി വെച്ചിരുന്നത്. ഏകദേശം അമ്പതോളം പേർ ഇതിനോടകം കിറ്റുകൾ കൈപ്പറ്റിയതായി സിപിഎം പ്രവർത്തകർ ആരോപിച്ചു. രാധാകൃഷ്ണൻ എന്ന നേതാവ് പറഞ്ഞിട്ടാണ് സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തിയതെന്ന് കടയുടമ സമ്മതിച്ചതായും വിവരമുണ്ട്. ആകെ 75 കിറ്റുകൾ തയ്യാറാക്കിയതിൽ 50 എണ്ണം വിതരണം ചെയ്തതായാണ് സൂപ്പർമാർക്കറ്റ് ഉടമ നൽകുന്ന വിശദീകരണം. സംഭവത്തെത്തുടർന്ന് അധികൃതർ സൂപ്പർമാർക്കറ്റ് അടപ്പിച്ചു.
“പണവും മദ്യവും കിറ്റും നൽകി ബിജെപി തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. 2024-ൽ ചെയ്ത അതേ കാര്യങ്ങൾ അവർ വീണ്ടും ആവർത്തിക്കുന്നു. ഇത് നഗ്നമായ ചട്ടലംഘനമാണ്. കേന്ദ്ര നേതാക്കൾ പെട്ടിയിൽ പണവുമായാണ് കേരളത്തിലേക്ക് വരുന്നത്. സൂപ്പർമാർക്കറ്റ് ഉടമകളെ സ്വാധീനിച്ച് വോട്ടർമാരെ വിലയ്ക്കെടുക്കാനാണ് നീക്കം,” എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽ കുമാർ ആഞ്ഞടിച്ചു.
വിഷുവിനായി തയ്യാറാക്കിയ കിറ്റുകളാണെന്ന ബിജെപി നേതാക്കളുടെ വാദം പോലീസ് തള്ളി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത്തരം വിതരണങ്ങൾ വോട്ടർമാരെ സ്വാധീനിക്കുന്നതാണെന്ന് ഫ്ലൈയിങ് സ്ക്വാഡ് വിലയിരുത്തി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.