തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന് സംഭവിച്ചത് ഗുരുതര വീഴ്ചകള്‍. കേസില്‍ വിധിപറഞ്ഞ എറണാകുളം ഡിസ്ട്രിക്ട് ആന്‍ഡ് സെക്ഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് ഈ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലൈംഗികമായി ആക്രമിക്കപ്പെട്ടത് സിനിമാ മേഖലയിലെ അറിയപ്പെടുന്ന ഒരു നടിയായിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഉള്‍പ്പെടെ പോലീസ് വീഴ്ചവരുത്തി. ഈ വീഴ്ചയ്ക്ക് വ്യക്തമായ വിശദീകരണം കോടതിയില്‍ നല്‍കാന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി അജകുമാറിന് കഴിഞ്ഞതുമില്ല. നടന്‍ ദിലീപിനെ കുറ്റവിമുക്തമാക്കിയ കോടതി നടപടിക്കെതിരെ അപ്പീല്‍ യുദ്ധത്തിന് പ്രോസിക്യൂഷന്‍ ഒരുങ്ങുകയാണ്. അതിനിടെയാണ് ഈ വിവരങ്ങള്‍ പുറത്തു വരുന്നത്.
2017 ഫെബ്രുവരി 17ന് രാത്രി ഉദ്ദേശം 9. 30 മണിയോടെയാണ് കേരളത്തെ നടുക്കിയ ആ സംഭവം ഉണ്ടാകുന്നത്. എറണാകുളം നഗരത്തില്‍ ഓടുന്ന കാറില്‍ വച്ച് ഒരു പ്രശസ്ത നടി ബലാത്സംഗം ചെയ്യപ്പെട്ടു എന്നത് അതീവ ഗൗരവത്തോടെയാണ് പോലീസ് കണ്ടത്.വിവരമറിഞ്ഞ് ഡിജിപി ലോകനാഥ് ബഹ്‌റ സംഭവത്തില്‍ ഇടപെടുകയും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം പി ദിനേശ്, എറണാകുളം റൂറല്‍ പോലീസ് സൂപ്രണ്ട് എ വി ജോര്‍ജ്, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ എം ബിനോയ് എന്നിവര്‍ സ്ഥലത്ത് എത്തുകയും ചെയ്‌തെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും മറ്റു നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കുന്നതിലും ജാഗ്രത ഉണ്ടായില്ല.
ആക്രമിക്കപ്പെട്ട നടിയില്‍നിന്ന് മൊഴിരേഖപ്പെടുത്താനായി സിറ്റി പോലീസ് കമ്മീഷണര്‍ വിളിച്ചു വരുത്തിയ ഇന്‍ഫോപാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ രാധാമണി 18ന് പുലര്‍ച്ചെ മൂന്നു മണിക്ക് തന്നെ നടിയില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. ആ സമയംതന്നെ സംഭവസമയത്ത് അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം വനിതാ സിഐ ശേഖരിക്കുകയും ചെയ്തു.സംഭവസ്ഥലം റൂറല്‍ ജില്ലയിലെ ആലുവ സബ് ഡിവിഷനില്‍ ആയിരുന്നതിനാല്‍ അവിടുത്തെ ഡിവൈഎസ്പി ആയിരുന്ന കെ ജി ബാബുകുമാറിനെ വിവരമറിയിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ട സംഭവമായിട്ടും രാവിലെ 8:30ന് തൃക്കാക്കര പോലീസ് സ്റ്റേഷനില്‍വന്ന് പ്രഥമ വിവരമൊഴി കൈപ്പറ്റാം എന്നായിരുന്നു ബാബുകുമാറിന്റെ മറുപടി.
ഫെബ്രുവരി 18ന് രാവിലെ എട്ടര മണിക്ക് ബാബു കുമാര്‍ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ എത്തി രാധാമണിയുടെ പക്കല്‍നിന്നും പ്രഥമവിവര മൊഴി കൈപ്പറ്റി.സീല്‍ വെച്ച കവറിലാണ് വനിതാ സി ഐ മൊഴിപ്പകര്‍പ്പ് നല്‍കിയത്. ഉച്ചയ്ക്ക് 12.30 മണിക്കാണ് സംഭവസ്ഥലത്തെ പോലീസ് സ്റ്റേഷനായ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.12 മണിക്ക് സ്റ്റേഷനില്‍ മൊഴിപകര്‍പ്പ് എത്തിച്ചതായും തുടര്‍ന്ന് 12.30 മണിക്ക് കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രോസിക്യൂഷന്‍ രേഖകളില്‍ പറയുന്നു.
രാധാമണിയില്‍ നിന്നും ഏറ്റുവാങ്ങിയ മൊഴി പകര്‍പ്പ് തന്റെ ഓഫീസില്‍ ഡ്യൂട്ടി ചെയ്യുന്ന സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ അനില്‍കുമാര്‍ വശം രാവിലെതന്നെ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് കൊടുത്തു വിട്ടന്നാണ് ബാബുകുമാറിന്റെ മൊഴി. സീല്‍ വച്ച കവറില്‍ ആയതിനാല്‍ മൊഴി വായിച്ചു നോക്കിയില്ലെന്നും അദ്ദേഹം പറയുന്നു. ആലുവയില്‍ നിന്നും നെടുമ്പാശ്ശേരി വരെ എത്താനുള്ള സമയം ഒരു മണിക്കൂറില്‍ താഴെയാണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ രാവിലെ 10 മണിക്ക് മുന്‍പ് നെടുമ്പാശ്ശേരിയില്‍ മൊഴി എത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യേണ്ടതാണ്. ഈ കാലതാമസം വിശദീകരിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു മാത്രമല്ല, സാക്ഷിപ്പട്ടികയില്‍ മൊഴി കൊണ്ടുപോയ അനില്‍കുമാറിനെ ഉള്‍പ്പെടുത്തിയതുമില്ല.ഇത് ദുരൂഹമാണ് എന്നാണ് കോടതിയുടെ കണ്ടെത്തല്‍.
പ്രധാനപ്പെട്ട മറ്റു സാക്ഷികളില്‍ പലരെയും വിസ്താരവേളയില്‍ ഒഴിവാക്കിയതായും കോടതി കണ്ടെത്തിയിട്ടുണ്ട്.പ്രതികളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ശേഖരിച്ച് പരിശോധന നടത്തിയ സംസ്ഥാന സ്‌പെഷല്‍ബ്രാഞ്ച് കോഴിക്കോട് ഡിജിറ്റല്‍ സര്‍വലയന്‍സ് യൂണിറ്റിലെ എ എസ് ഐ മനോജ് കുമാര്‍, രാധാമണി നടിയില്‍ നിന്നും മൊഴി എടുക്കുമ്പോള്‍ അത് എഴുതിയ സിവില്‍ പോലീസ് ഓഫീസര്‍ ബഷീറ, അതിജീവിത എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്ന അവരുടെ മാതാവ് എന്നിവര്‍ പ്രോസിക്യൂഷന്‍ ഒഴിവാക്കിയ സാക്ഷികളില്‍ ഉള്‍പ്പെടുന്നു. ഇത് എന്തിനാണെന്ന് കോടതി ആശ്ചര്യപ്പെടുന്നുണ്ട്.
ഇനിയുമുണ്ട് വൈരുദ്ധ്യം. ഫെബ്രുവരി 18ന് രാവിലെ 6.45 മണിക്ക് എറണാകുളം മെഡിക്കല്‍ കോളേജിലെ ഗൈനക്ക് വിഭാഗം ഡോക്ടര്‍ മിലന്‍ രാജു ആക്രമിക്കപ്പെട്ട നടിയുടെ ശാരീരിക പരിശോധന നടത്തുന്നുണ്ട്. സി ഐ രാധാമണിയാണ് നടിയെ കൊണ്ടുവന്നത്. അപ്പോള്‍തന്നെ ഡോക്ടര്‍ ഫോറന്‍സിക്, രാസ പരിശോധനയ്ക്കുള്ളവ ശേഖരിക്കുന്നുമുണ്ട്.എന്നാല്‍ രാവിലെ ശേഖരിച്ച് സീല്‍ ചെയ്ത പാക്കറ്റില്‍ ഉച്ചയ്ക്ക് 12. 30ന് മാത്രം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ നമ്പര്‍ വന്നത് പ്രോസിക്യൂഷന്‍ പിഴവായി കോടതി കണ്ടെത്തിയിട്ടുണ്ട്.
ഈ വൈരുദ്ധ്യത്തിന് ‘വിസ്മയിപ്പിക്കുന്ന ഒരു മറുപടി ബഹുമാന്യനായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസി ക്യുട്ടര്‍ നല്‍കിയിട്ടുണ്ടെന്ന്’ വിധിയില്‍ പറയുന്നു. സംഭവം അറിഞ്ഞുടന്‍ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനില്‍ ഒരു എഫ്‌ഐആര്‍ നമ്പര്‍ റിസര്‍വ് ചെയ്‌തെന്നാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാറിന്റെ വിശദീകരണം. ഡിവൈഎസ്പി ബാബു കുമാര്‍ മൊഴി വായിച്ചു നോക്കാത്തതി നും സ്ഥലം ഡി വൈ എസ് പി ആയിരുന്നിട്ടും അദ്ദേഹം കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതിനും വിധിയില്‍ വിമര്‍ശനമുണ്ട്. പുലര്‍ച്ചെ മൊഴി യെടുത്ത വേളയില്‍ സി ഐ രാധാമണി ശേഖരിച്ച അതിജീവിതയുടെ വസ്ത്രങ്ങള്‍ രാവിലെ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ വച്ച് ഡിവൈഎസ്പി ബാബു കുമാറിന് കൈമാറിയിട്ടും അന്ന് വൈകിട്ട് 4. 30 മണിക്കാണ് മഹസറില്‍ വിവരിച്ച് രേഖയില്‍ ഉള്‍പ്പെടുത്തുന്നത്.ഈ കാലതാമസവും കോടതി കണ്ടെത്തിയിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘മരിച്ചവരുടെ പോക്കറ്റടിക്കുന്ന കോണ്‍ഗ്രസ്’; യു.ഡി.എഫിനെ പച്ചയ്ക്കൊട്ടിച്ച് പിണറായി; സംവാദത്തിന് ഫെയ്സ്ബുക്ക് മതിയെന്ന് മുഖ്യമന്ത്രി; ശബരിമലയില്‍ പോറ്റിയെ കയറ്റിയത് നിങ്ങളല്ലേ? മാതൃഭൂമിയില്‍ പിണറായിയുടെ ലേഖനം
ശബരിമലയില്‍ പിണറായിയുടെ വിശ്വസ്തനും കുടുങ്ങും; പി.എസ്. പ്രശാന്ത് അറസ്റ്റിലേക്ക്? മരാമത്ത് വിഭാഗത്തെ അറിയിക്കാതെ ശ്രീകോവിലില്‍ ‘കള്ളക്കളി’; ദ്വാരപാലക ശില്പങ്ങള് ഇളക്കിമാറ്റിയത് ഹൈക്കോടതിയെപ്പോലും ഇരുട്ടില്‍ നിര്‍ത്തി; സന്നിധാനത്തെ സ്വര്‍ണ്ണക്കൊള്ളയില്‍ പുതിയ എഫ്‌ഐആര്‍ വരുമോ?





