പത്തനംതിട്ട: ശബരിമലയിലെ ശ്രീകോവില്‍ ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട് 2025-ല്‍ നടന്ന ദുരൂഹ നീക്കങ്ങളിലേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രദ്ധ തിരിയുമ്പോള്‍ പല പ്രമുഖരും അന്താളിപ്പില്‍. സംസ്ഥാനത്ത് രാഷ്ട്രീയ സാഹചര്യം മാറുന്നതോടെ അന്വേഷണത്തിന്റെ ഗതിയും മാറുമെന്ന സൂചനകള്‍ക്കിടെ, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ കുടുങ്ങാനാണ് സാധ്യത. ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഊര്‍ജ്ജിതമായ അന്വേഷണം ഇപ്പോള്‍ 2025 സെപ്റ്റംബറിലെ വിവാദ നടപടികളിലേക്കാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
2025 സെപ്റ്റംബര്‍ 7-നാണ് ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമ്മീഷണറെ പോലും അറിയിക്കാതെ ശ്രീകോവിലിന്റെ ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ സ്വര്‍ണ്ണം പൂശാനായി ഇളക്കിക്കൊണ്ടുപോയത്. ജില്ലാ ജഡ്ജി പദവിയിലുള്ള സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍. ജയകൃഷ്ണന്‍ ഈ നിയമലംഘനം കൃത്യസമയത്ത് കണ്ടെത്തുകയും ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ജയകൃഷ്ണന്റെ ഈ ഇടപെടലാണ് 2019-ല്‍ നടന്ന വന്‍ സ്വര്‍ണ്ണക്കൊള്ളയുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ നിമിത്തമായത്. 2019-ലെ കൊള്ള മറച്ചുപിടിക്കാനാണോ 2025-ല്‍ വീണ്ടും സ്വര്‍ണ്ണം പൂശാന്‍ ശ്രമിച്ചതെന്ന സംശയം കോടതി തന്നെ ഉന്നയിച്ചിരുന്നു.
അന്നത്തെ ബോര്‍ഡ് ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് സ്വര്‍ണ്ണം ഇളക്കി മാറ്റിയത് എന്നതിനാല്‍ അന്നത്തെ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ പങ്കിനെക്കുറിച്ച് എസ്.ഐ.ടി ഗൗരവമായി അന്വേഷിക്കുന്നുണ്ട്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കൊടിമരം സ്വര്‍ണ്ണം പൂശിയതുമായി ബന്ധപ്പെട്ട് ‘സ്മാര്‍ട്ട് ക്രിയേഷന്‍സ്’ എന്ന കമ്പനി അത്ര പ്രൊഫഷണലല്ലെന്ന് തിരുവാഭരണം കമ്മീഷണര്‍ ആദ്യം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ എട്ടു ദിവസത്തിനുശേഷം ഈ റിപ്പോര്‍ട്ട് തിരുത്തി സ്മാര്‍ട്ട് ക്രിയേഷന്‍സ് വൈദഗ്ധ്യമുള്ളവരാണെന്ന് കമ്മീഷണറെക്കൊണ്ട് മാറ്റിയെഴുതിച്ചതിന് പിന്നില്‍ വന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായതായാണ് എസ്.ഐ.ടി കണ്ടെത്തല്‍.
2019-ലെ കേസില്‍ പ്രതികളായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍, മുരാരി ബാബു എന്നിവര്‍ക്ക് 2025-ലെ സ്വര്‍ണ്ണം പൂശല്‍ നീക്കത്തിലും ബന്ധമുണ്ടെന്ന് തെളിഞ്ഞത് അന്വേഷണ സംഘത്തെ ഞെട്ടിച്ചിട്ടുണ്ട്. ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനാ ഫലം ഏപ്രില്‍ അവസാനത്തോടെ ലഭിക്കും. ഇത് ലഭിക്കുന്നതോടെ 2019-ലെയും 2025-ലെയും ക്രമക്കേടുകള്‍ കോര്‍ത്തിണക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്.ഐ.ടി ലക്ഷ്യം.
ഭരണം മാറിയാല്‍ കേസിലെ രാഷ്ട്രീയ സ്വാധീനം ഇല്ലാതാകുമെന്നും വമ്പന്‍ സ്രാവുകള്‍ വലയിലാകുമെന്നുമാണ് വിശ്വാസിസമൂഹം കരുതുന്നത്. വരും ദിവസങ്ങളില്‍ അന്നത്തെ ബോര്‍ഡ് ഭാരവാഹികളെയും ഉന്നത ഉദ്യോഗസ്ഥരെയും എസ്.ഐ.ടി ചോദ്യം ചെയ്യും. സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍. ജയകൃഷ്ണന്റെ ജാഗ്രത കൊണ്ടുമാത്രം പുറത്തുവന്ന ഈ സ്വര്‍ണ്ണക്കൊള്ളയില്‍ ഇനി ആരൊക്കെ അകത്താകുമെന്ന് കണ്ടറിയണം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരഞ്ഞെടുപ്പിന് മുമ്പെ പോലീസില്‍ വീണ്ടും സ്ഥലംമാറ്റ ലിസ്റ്റ് തയ്യാറാകുന്നു! ഡി.വൈ.എസ്.പിമാരുടെ മാറ്റത്തില്‍ വന്‍ അട്ടിമറിയെന്ന് ആരോപണം ആഭ്യന്തര വകുപ്പ് പരിശോധന തുടങ്ങി; ഇന്‍സ്പെക്ടര്‍മാരുടെ പട്ടികയും ഉടന്‍!





