കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ അഴീക്കോട്ടെയും തളിപ്പറമ്പിലെയും എൽഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ടഭ്യർത്ഥിച്ച് നിഖില വിമൽ. അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥി കെ.വി. സുമേഷിനായും തളിപ്പറമ്പിലെ പി.കെ. ശ്യാമളയ്ക്കായും താരം നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ പത്ത് വർഷമായി നാട്ടിലുണ്ടായ വികസന മുന്നേറ്റങ്ങൾ തുടരണമെന്ന് നിഖില വോട്ടർമാരോട് ആവശ്യപ്പെട്ടു.
അഴീക്കോട്ടെ പ്രചാരണ പരിപാടിക്കിടെ കെ.വി. സുമേഷുമായുള്ള തന്റെ വ്യക്തിപരമായ സൗഹൃദത്തെക്കുറിച്ച് നിഖില മനസ് തുറന്നു. “കഴിഞ്ഞ തവണ സുമേഷേട്ടൻ മത്സരിച്ചപ്പോൾ ഞാൻ റോഡ് ജാഥയിൽ പങ്കെടുത്തിരുന്നു. എന്റെ ആദ്യത്തെ റോഡ് ജാഥയായിരുന്നു അത്. അദ്ദേഹം ജയിക്കണേ എന്ന് ഞാൻ അന്ന് എന്നും പ്രാർത്ഥിക്കുമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലം തൊട്ട് സുമേഷേട്ടനെ അറിയാം. പുതിയതെരുവിലെ ബ്ലോക്ക് ഒഴിവാക്കാൻ അദ്ദേഹം നടത്തിയ പരിശ്രമം എന്നെപ്പോലെ ഒരുപാട് പേർക്ക് ഉപകാരപ്പെട്ടു,” നിഖില പറഞ്ഞു. സുമേഷേട്ടൻ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കണമെന്നും താരം ആശംസിച്ചു.
തളിപ്പറമ്പിലെ സ്ഥാനാർത്ഥി പി.കെ. ശ്യാമളയ്ക്കായും നിഖില വോട്ടഭ്യർത്ഥിച്ചു. ടീച്ചറുടെ രാഷ്ട്രീയ പാരമ്പര്യവും സ്നേഹവും കരുതലും നേരിട്ടറിഞ്ഞവളാണ് താനെന്ന് നിഖില പറഞ്ഞു. തളിപ്പറമ്പിലെ കലാ-സാംസ്കാരിക രംഗത്തുണ്ടായ മാറ്റങ്ങൾ എടുത്തുപറഞ്ഞ താരം, ഹാപ്പിനസ് സ്ക്വയറും ധർമ്മശാലയിൽ വരാനിരിക്കുന്ന തിയേറ്റർ കോംപ്ലക്സും വികസനത്തിന്റെ അടയാളങ്ങളാണെന്ന് ചൂണ്ടിക്കാട്ടി.താൻ ജനിച്ചുവളർന്ന നാട്ടിലെ വികസനത്തിന്റെ തുടർച്ചയ്ക്കായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന നിഖിലയുടെ ആഹ്വാനം വലിയ ആവേശമാണ് പ്രവർത്തകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്.
കണ്ണൂരിൽ നിർത്തിയിട്ട കാറിൽ രക്തക്കറ ; അന്വേഷണം


മലപ്പുറത്ത് വൻ വേട്ട: 3.28 കോടി രൂപയും ലഹരിവസ്തുക്കളും പിടികൂടി





