തൃശൂര്‍: വികസനം മാത്രം ചര്‍ച്ചയാക്കി കേരളത്തില്‍ മുന്നേറാന്‍ ശ്രമിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളിയായി ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്റെ വിവാദ ഫ്ലക്സ് ബോര്‍ഡ്. 1977 മുതല്‍ 2021 വരെ ഗുരുവായൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎല്‍എമാരുടെ പട്ടിക നിരത്തിക്കൊണ്ടാണ് ഗോപാലകൃഷ്ണന് പുതിയ പ്രചരണ തന്ത്രം മെനഞ്ഞിരിക്കുന്നത്. പട്ടികയിലുള്ളവരെല്ലാം ഒരു പ്രത്യേക സമുദായത്തില്‍ നിന്നുള്ളവരാണെന്ന് പരോക്ഷമായി ചൂണ്ടിക്കാട്ടുന്ന ഈ നീക്കം, വര്‍ഗ്ഗീയത നേരിട്ട് പറയാതെ തന്നെ വോട്ടര്‍മാര്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാനുള്ള ‘അതിബുദ്ധി’യാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
’50 വര്‍ഷത്തെ അവഗണന, ഇതു മാറണം, മാറ്റത്തിനായി ഒരു വോട്ട്’ എന്ന വാചകത്തോടെ സ്ഥാപിച്ച ഫ്ലക്സില്‍ ബി.വി.എസ്. തങ്ങള്‍ മുതല്‍ എന്‍.കെ. അക്ബര്‍ വരെയുള്ളവരുടെ പേരുകളാണുള്ളത്. ഗുരുവായൂരില്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരെ മാത്രമേ മുന്നണികള്‍ മത്സരിപ്പിക്കാറുള്ളൂ എന്ന ഗോപാലകൃഷ്ണന്റെ മുന്‍പത്തെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ച നടപടി അറിയിക്കാന്‍ കോടതി സമയം അനുവദിച്ചിരിക്കെയാണ്, അതേ നിലപാടിനെ ശരിവെക്കുന്ന തരത്തില്‍ പുതിയ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പക്ഷേ വര്‍ഗ്ഗീയമായി ഒന്നും അതിലില്ല.
ഗുരുവായൂരിലെ ‘രാഷ്ട്രീയ കുത്തക’ അവസാനിപ്പിച്ചാല്‍ മാത്രമേ വികസനം സാധ്യമാകൂ എന്നാണ് ഗോപാലകൃഷ്ണന്റെ വാദം. ഗുരുവായൂരിലെത്തുന്ന തീര്‍ത്ഥാടകര്‍ ചാവക്കാട് കടപ്പുറത്തേക്ക് കൂടി എത്തുന്ന രീതിയില്‍ ടൂറിസം വികസിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു. ചരിത്രപരമായ വസ്തുതകള്‍ മാത്രമാണ് ഫ്ലക്സിലുള്ളതെന്നും ഇതില്‍ എന്ത് തെറ്റാണുള്ളതെന്നും അദ്ദേഹം ചോദിക്കുമ്പോഴും, പേരുകളിലൂടെ വോട്ടര്‍മാരുടെ ജാതി-മത വികാരം ഇളക്കിവിടാനാണ് സ്ഥാനാര്‍ത്ഥി ശ്രമിക്കുന്നതെന്ന വാദം ശക്തമാണ്.
സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളില്‍ വികസനവും മോദി സര്‍ക്കാരിന്റെ ഗ്യാരണ്ടിയും മാത്രം ചര്‍ച്ചയാക്കി ബിജെപി വോട്ട് തേടുമ്പോള്‍, ഗോപാലകൃഷ്ണന്റെ ഈ വേറിട്ട വഴി തൃശൂര്‍ ജില്ലയിലെ മറ്റ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിനയാകുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. സുരേഷ് ഗോപി അടക്കമുള്ള നേതാക്കള്‍ മതനിരപേക്ഷ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍, ഗുരുവായൂരിലെ ഈ ‘സമുദായ കാര്‍ഡ്’ ന്യൂനപക്ഷ വോട്ടുകള്‍ അകറ്റാന്‍ കാരണമാകുമെന്ന ഭയത്തിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍.
വികസന മുരടിപ്പിനെക്കുറിച്ച് സംസാരിക്കുമ്പോഴും സമുദായം തിരിച്ചുള്ള എംഎല്‍എമാരുടെ പട്ടിക പ്രദര്‍ശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. യുഡിഎഫും എല്‍ഡിഎഫും ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ കേസിനെ ഭയപ്പെടുന്നില്ലെന്നും അമ്പത് വര്‍ഷത്തെ ചരിത്രമാണ് താന്‍ പറയുന്നതെന്നുമാണ് ഗോപാലകൃഷ്ണന്റെ ഉറച്ച നിലപാട്.
ബിജെപി കേന്ദ്ര നേതൃത്വം വികസന രാഷ്ട്രീയത്തിന് ഊന്നല്‍ നല്കുമ്പോള് കേരളത്തില്‍ ഇത്തരം പ്രാദേശിക പരീക്ഷണങ്ങള്‍ പാര്‍ട്ടിയുടെ പൊതു പ്രതിച്ഛായയെ ബാധിക്കാനിടയുണ്ട്. പ്രത്യേകിച്ച് ക്രൈസ്തവ-മുസ്ലീം വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ പാര്‍ട്ടി ശ്രമിക്കുന്ന സാഹചര്യത്തില്‍ ഗോപാലകൃഷ്ണന്റെ ഈ ‘അതിബുദ്ധി’ തിരിച്ചടിയാകുമോ എന്നാണ് ചിലരുടെ ആശങ്ക.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഞാന്‍ പാര്‍ട്ടിയ്ക്ക് വിധേയനായി തുടരും….. സ്വതന്ത്രനായി മത്സരിക്കില്ല.. മത്സരം പാര്‍ട്ടി പറഞ്ഞാല്‍ മാത്രം; വിമതനാകില്ലെന്ന് സുധാകരന്; പത്തി താഴ്ത്തി പടത്തലവന്; സുധാകരന് ‘അച്ചടക്ക’ വഴിയില്‍, കണ്ണൂരില്‍ ഇനി എന്ത്?





