ബിജെപിയെ ഭയന്ന് സിപിഎം; കോഴിക്കോട് മാത്രമല്ല, എല്ലാ ജില്ലകളിലും വോട്ട് ചോര്‍ച്ച; താഴേത്തട്ടില്‍ കടുത്ത ആശങ്ക

കോഴിക്കോട്: പരമ്പരാഗത വോട്ട് ബാങ്കുകളില്‍ ബി.ജെ.പി വിള്ളലുണ്ടാക്കുന്നു എന്ന തിരിച്ചറിവ് സി.പി.എമ്മിനെ കടുത്ത ഭയത്തിലേക്കും അങ്കലാപ്പിലേക്കും തള്ളിവിടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉയര്‍ന്നത് പാര്‍ട്ടിയുടെ അടിത്തറ ഇളകുന്നതിനെക്കുറിച്ചുള്ള ഭീതിദമായ ചിത്രങ്ങളാണ്. എന്നാല്‍ ഇത് കോഴിക്കോട് ജില്ലയില്‍ മാത്രം ഒതുങ്ങുന്ന പ്രതിസദ്ധിയല്ലെന്നും, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലും ബി.ജെ.പി ഭയം പാര്‍ട്ടിയെ പിടികൂടിയിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.
സി.പി.എമ്മിന്റെ കുത്തകയെന്ന് അഹങ്കരിച്ചിരുന്ന കോഴിക്കോട് നോര്‍ത്ത് ഉള്‍പ്പെടെയുള്ള ശക്തികേന്ദ്രങ്ങളില്‍പ്പോലും ബി.ജെ.പി വലിയ മുന്നേറ്റമാണ് നടത്തിയത്. പാര്‍ട്ടിയുടെ വിശ്വസ്തരായ വോട്ടര്‍മാരും പരമ്പരാഗതമായി ഇടതുപക്ഷത്തിന് മാത്രം വോട്ട് ചെയ്തിരുന്ന ജനവിഭാഗങ്ങളും കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറി എന്നത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇത് കേവലമൊരു വോട്ട് ചോര്‍ച്ചയല്ല, മറിച്ച് പാര്‍ട്ടിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന അപകടമാണെന്നാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ നേതാക്കള്‍ തുറന്നടിച്ചത്. ഉടന്‍ തിരുത്തല്‍ വരുത്തിയില്ലെങ്കില്‍ പാര്‍ട്ടിക്ക് ഭാവിയിലുണ്ടാകാന്‍ പോകുന്നത് വന്‍ തിരിച്ചടിയായിരിക്കും.
കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ ഉണ്ടായ വലിയ വീഴ്ചകളും യോഗത്തില്‍ കടുത്ത വിമര്‍ശനത്തിന് വഴിവെച്ചു. എലത്തൂരില്‍ ജനവികാരം മാനിക്കാതെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതാണ് മണ്ഡലം നഷ്ടപ്പെടാന്‍ കാരണമെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ കടുത്ത അതൃപ്തി ഏറ്റുവാങ്ങുന്ന തീരുമാനങ്ങളാണ് പാര്‍ട്ടി എടുത്തത്. ഇതിന്റെ ഫലമായി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പോലും പലയിടത്തും പ്രചാരണരംഗത്ത് നിര്‍ജ്ജീവമായിരുന്നു. മുന്‍കാലങ്ങളില്‍ സംസ്ഥാനത്താകെ യു.ഡി.എഫ് തരംഗമുണ്ടായപ്പോള്‍ പോലും കോഴിക്കോട് ഇടതുപക്ഷം പിടിച്ചുനിന്നിരുന്നു. എന്നാല്‍ ഇത്തവണ പേരാമ്പ്രയിലെ ഇടതുകേന്ദ്രങ്ങളില്‍പ്പോലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുന്നിലെത്തിയത് പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നതിന്റെ തെളിവായി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
കോഴിക്കോട്ടെ ചര്‍ച്ചകള്‍ സൂചന മാത്രമാണ്. സമാനമായ രീതിയില്‍ ബി.ജെ.പി ഭയം കേരളത്തിലെ എല്ലാ ജില്ലകളിലെയും സി.പി.എം ഘടകങ്ങളെ ഉലയ്ക്കുന്നുണ്ട്. ദക്ഷിണ കേരളത്തിലും മധ്യകേരളത്തിലും പല സുരക്ഷിത മണ്ഡലങ്ങളിലും ബി.ജെ.പിക്ക് വോട്ട് കൂടിയത് സി.പി.എമ്മിന്റെ അക്കൗണ്ടില്‍ നിന്നാണെന്ന വിലയിരുത്തല്‍ സംസ്ഥാന നേതൃത്വത്തിനുണ്ട്. ജനങ്ങളുടെ ശൈലിയിലും സമീപനത്തിലും വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.
ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇത്രയും വിപുലവും തുറന്നതുമായ ചര്‍ച്ചകള്‍ക്ക് സി.പി.എം തുടക്കമിട്ടിരിക്കുന്നത്. എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.എ. മുഹമ്മദ് റിയാസ്, പി.കെ. ബിജു എന്നിവരുടെ സാന്നിധ്യത്തില്‍ രാവിലെ എട്ട് മണിക്ക് തുടങ്ങിയ യോഗം വൈകീട്ട് ഏഴ് മണിവരെയാണ് നീണ്ടത്. നേതാക്കള്‍ക്ക് പറയാനുള്ളത് മുഴുവന്‍ നേതൃത്വം തുറന്ന മനസ്സോടെ കേട്ടു.
എവിടെയാണ് വീഴ്ച പറ്റിയതെന്ന് കൃത്യമായി കണ്ടെത്താന്‍ വേണ്ടിയാണ് ജില്ലാ കമ്മിറ്റി യോഗം രണ്ടു ദിവസമാക്കിയത്. ഇതിന് ശേഷം ചര്‍ച്ചകള്‍ ഏരിയാ കമ്മിറ്റി തലങ്ങളിലേക്ക് നീളും. സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് ഏരിയാ യോഗങ്ങളില്‍ പങ്കെടുക്കുക.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.