കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് നടത്തിയ ‘ന്യൂനപക്ഷ വര്‍ഗീയത’ പ്രയോഗം ഇടതുമുന്നണിയിലും കേരള രാഷ്ട്രീയത്തിലും പുതിയ ചേരിതിരിവുകള്‍ക്ക് വഴിതുറക്കുന്നു. തോല്‍വിയുടെ ഭാരം ന്യൂനപക്ഷങ്ങളുടെ മേല്‍ കെട്ടിവെക്കാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നീക്കം രാഷ്ട്രീയമായി തിരിച്ചടിക്കുകയാണ്. രാഗേഷിന്റെ നിലപാടിനെതിരെ എല്‍ഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ ഐഎന്‍എല്‍ പരസ്യമായി രംഗത്തുവന്നപ്പോള്‍, രാഗേഷിന് പൂര്‍ണ്ണ പിന്തുണയുമായി ബിജെപി എത്തിയത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു.
മതം നോക്കിയും പള്ളി നോക്കിയും മാത്രമേ വോട്ട് ചെയ്യാവൂ എന്ന് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും തിരഞ്ഞെടുപ്പില്‍ പ്രചരിപ്പിച്ചെന്നും ഇതാണ് യുഡിഎഫ് വിജയത്തിന് ആധാരമെന്നുമാണ് രാഗേഷ് ആരോപിച്ചത്. എന്നാല്‍, ഈ നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയനും അനുകൂലിച്ചതോടെ വിഷയം വ്യക്തിപരമല്ല, പാര്‍ട്ടിയുടെ ഔദ്യോഗിക ലൈന്‍ തന്നെയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. ഐഎന്‍എല്‍ ഇടതു മുന്നണി വിടാന്‍ സാധ്യത ഏറെയാണ്.
സിപിഎം നേതൃത്വത്തിന്റെ കൊള്ളരുതായ്മയും അഹങ്കാരവുമാണ് ഇടതുമുന്നണിയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നത് മറച്ചുവെക്കാനാണ് രാഗേഷ് വര്‍ഗീയ കാര്‍ഡ് ഇറക്കുന്നതെന്ന് ഐഎന്‍എല്‍ കുറ്റപ്പെടുത്തുന്നു. ‘നിങ്ങളുടെ കൊള്ളരുതായ്മയും അഹങ്കാരവുംകൊണ്ട് അണികള്‍ കാലുവാരിയത് മറച്ചുവെക്കാനാണോ രാഗേഷ് സഖാവേ, ന്യൂനപക്ഷ വര്‍ഗീയത പറഞ്ഞ് ഒന്നടങ്കം ആക്ഷേപിക്കുന്നത്?’ എന്ന് ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് ഇക്ബാല്‍ പരസ്യമായി ചോദ്യമുയര്‍ത്തിയത് മുന്നണിക്കുള്ളിലെ വരുംദിവസങ്ങളിലെ അസ്വാരസ്യങ്ങളുടെ സൂചനയാണ്. ജനവിധി മാനിക്കാതെ വോട്ടര്‍മാരെ ഒന്നടങ്കം വര്‍ഗീയവാദികളാക്കി ചിത്രീകരിക്കുന്ന പ്രവണത ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേര്‍ന്നതല്ലെന്നാണ് ഘടകകക്ഷികളുടെ നിലപാട്.
സിപിഎം കോട്ടകളില്‍ വിള്ളലുണ്ടാക്കിയ രാഗേഷിന്റെ പ്രസ്താവനയെ ബിജെപി രാജ്യസഭാംഗം സി.സദാനന്ദന് സ്വാഗതം ചെയ്തത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ പിടിമുറുക്കുന്ന ‘രാഷ്ട്രീയ ഇസ്ലാമികത’ സിപിഎം നേതാക്കള്‍ വൈകിയാണെങ്കിലും തിരിച്ചറിയുന്നത് നല്ല കാര്യമാണെന്നാണ് ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സദാനന്ദന്റെ പ്രതികരണം.
എന്നാല്‍, ഈ പ്രസ്താവന സിപിഎമ്മിന്റെ ആര്‍എസ്എസ് ബന്ധത്തിന്റെ പരസ്യപ്രഖ്യാപനമാണെന്ന് വി.കുഞ്ഞിക്കൃഷ്ണന് എംഎല്‍എ കുറ്റപ്പെടുത്തി. തോല്‍വി രുചിച്ചിട്ടും തെറ്റുകള്‍ തിരുത്താന്‍ പിണറായി വിജയനും കൂട്ടരും തയ്യാറാകുന്നില്ലെന്നതിന്റെ തെളിവാണ് ഇതെന്നും, ബിജെപിയെപ്പോലെ മുസ്ലിംകളെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ സിപിഎമ്മിന് എങ്ങനെ സാധിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
കണ്ണൂരിലെ വോട്ടു കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സിപിഎമ്മിന്റെ ആത്മപരിശോധനകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ ഭയം വ്യക്തമാകും. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ജില്ലയില്‍ ഒരു ലക്ഷത്തോളം വോട്ടര്‍മാര്‍ അധികമായി ബൂത്തിലെത്തിയിട്ടും എല്‍ഡിഎഫിന് വോട്ട് കൂടുകയല്ല, മറിച്ച് 1.11 ലക്ഷം വോട്ടുകളുടെ വന്‍ കുറവാണ് രേഖപ്പെടുത്തിയത്.
പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളില്‍പ്പോലും കനത്ത ചോര്‍ച്ചയുണ്ടായെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭരണവിരുദ്ധ വികാരവും അണികളുടെ അതൃപ്തിയും തിരിച്ചറിയുന്നതിന് പകരം, പരാജയത്തിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും വര്‍ഗീയ ധ്രുവീകരണത്തിന്മേല് ചാരുന്നത് പാര്‍ട്ടിയെ കൂടുതല്‍ ഒറ്റപ്പെടുത്തുമെന്ന ആശങ്ക ഇടത് ചിന്തകര്‍ക്കുമുണ്ട്. ഹേമ കമ്മിറ്റിയും ഭരണപരമായ പാളിച്ചകളും ഉയര്‍ത്തിയ പ്രതിസന്ധികള്‍ക്ക് പിന്നാലെ, ഘടകകക്ഷികളെപ്പോലും പിണക്കിക്കൊണ്ടുള്ള സിപിഎമ്മിന്റെ ഈ പുതിയ ‘ന്യൂനപക്ഷ വിരുദ്ധ’ രാഷ്ട്രീയ വ്യാഖ്യാനം വരും ദിവസങ്ങളില്‍ കൂടുതല്‍ ആഭ്യന്തര കലഹങ്ങളിലേക്ക് വഴിമാറുമെന്ന് ഉറപ്പാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
കേരളത്തില്‍ ‘പാമ്പ്’ ഭീതി: തൃശൂരിലും തിരുവനന്തപുരത്തും പാമ്പുകടിയേറ്റു മരണം; ചൂടുകാലത്ത് ജാഗ്രത വേണം
കേരളത്തില്‍ ‘പാമ്പ്’ ഭീതി: തൃശൂരിലും തിരുവനന്തപുരത്തും പാമ്പുകടിയേറ്റു മരണം; ചൂടുകാലത്ത് ജാഗ്രത വേണം







