ആറ്റുകാല്‍ പൊങ്കാല: ബിജെപി ഭരണത്തെ തകര്‍ക്കാന്‍ ‘ശുചിത്വ അട്ടിമറി’? സന്നദ്ധസേനയുമായി മേയര്‍ വി.വി. രാജേഷ്; കുടിവെള്ള വിതരണത്തിലും ദുരൂഹത

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം തിരുവനന്തപുരം നഗരസഭ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കാറുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇത്തവണ അട്ടിമറിക്കപ്പെടാന്‍ ഗൂഢനീക്കം നടക്കുന്നതായി ബിജെപിയ്ക്ക് സംശയം. നഗരസഭയില്‍ ആദ്യമായി അധികാരം പിടിച്ച ബിജെപി ഭരണസമിതിയെ ജനമധ്യത്തില്‍ മോശമാക്കാന്‍ സി.പി.എമ്മും സര്‍ക്കാരും ചേര്‍ന്ന് ആസൂത്രിത നീക്കം നടത്തുന്നുവെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, ഏത് പ്രതിസന്ധിയും നേരിടാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയുള്ള ബദല്‍ സേനയെ സജ്ജമാക്കി മേയര്‍ വി.വി. രാജേഷ് കരുതല്‍ എടുക്കുകയാണ്.
പൊങ്കാല കഴിഞ്ഞാലുടന്‍ നഗരം വൃത്തിയാക്കുന്നതില്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കിടയിലെ യൂണിയന്‍ രാഷ്ട്രീയം ഉപയോഗിച്ച് മെല്ലെപ്പോക്ക് നയം സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ ആശങ്ക. നഗരസഭയുടെ ഔദ്യോഗിക സംവിധാനങ്ങള്‍ പരാജയപ്പെട്ടാല്‍ നഗരം മാലിന്യക്കൂമ്പാരമായി മാറുന്നത് ഒഴിവാക്കാന്‍ നൂറുകണക്കിന് ആര്‍.എസ്.എസ് – സേവാഭാരതി പ്രവര്‍ത്തകരെ ശുചീകരണത്തിന് നിയോഗിക്കും. ബിജെപി ഭരണത്തിന് കീഴില്‍ നഗരം കൂടുതല്‍ വൃത്തിയുള്ളതാക്കി മാറ്റുക എന്ന വെല്ലുവിളിയാണ് മേയര്‍ ഏറ്റെടുത്തിരിക്കുന്നത്.
നഗരത്തിലെ ജലവിതരണം മനഃപൂര്‍വ്വം അവതാളത്തിലാക്കാന്‍ വാട്ടര്‍ അതോറിറ്റിയിലെ ചിലര്‍ ശ്രമിക്കുന്നതായും മേയര്‍ വി.വി. രാജേഷ് ആരോപിക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ളം മുടങ്ങിയത് യാദൃച്ഛികമല്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് കത്തയച്ചു. വാല്‍വ് നിയന്ത്രണത്തില്‍ അട്ടിമറി: വെള്ളയമ്പലം ഫില്‍ട്ടര്‍ ഹൗസിലെ വാല്‍വ് നിയന്ത്രണത്തില്‍ ദുരൂഹമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. പൊങ്കാല ദിവസം കുടിവെള്ളം മുടങ്ങിയാല്‍ അത് ഭക്തരുടെ പ്രതിഷേധത്തിന് കാരണമാകുമെന്നും അത് ഭരണസമിതിക്കെതിരെയുള്ള ആയുധമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നുമാണ് ആരോപണം.
 ഫില്‍ട്ടര്‍ ഹൗസുകളിലും വാല്‍വ് നിയന്ത്രണ സംവിധാനങ്ങളിലും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും മേയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നഗരത്തില്‍ കൃത്രിമ ജലക്ഷാമം സൃഷ്ടിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ വസതിക്ക് മുന്നില്‍ ശക്തമായ പ്രതിഷേധം അരങ്ങേറി. തലയില്‍ കുടം കമഴ്ത്തിയായിരുന്നു നേതാക്കളുടെ കുത്തിയിരിപ്പ് സമരം. പൊങ്കാല മുടക്കി നഗരസഭയുടെ മാതൃകാ ഭരണം അട്ടിമറിക്കാനാണ് സി.പി.എമ്മും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് ആരോപിച്ചു.
നഗരസഭയുടെ നേതൃത്വത്തില്‍ എല്ലാ റോഡുകളും റീ ടാര്‍ ചെയ്യുകയും നിരവധി ശുചിമുറികളും വാട്ടര്‍ ടാങ്കുകളും ഒരുക്കുകയും ചെയ്തിട്ടും വെള്ളം മുടക്കി എല്ലാം നശിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് ബിജെപി പറയുന്നു. അമൃതം പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 600 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ജലവിതരണ ശൃംഖലയെ നിഷ്‌ക്രിയമാക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍ കുറ്റപ്പെടുത്തി. ഏത് സാഹചര്യമുണ്ടായാലും പൊങ്കാല ഭംഗിയായി നടത്തുമെന്നും അട്ടിമറി നീക്കങ്ങളെ ജനകീയമായി പ്രതിരോധിക്കുമെന്നുമാണ് ബിജെപി ഭരണസമിതിയുടെ നിലപാട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.