കൊല്ലം : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന തന്ത്രി കണ്ഠരര് രാജീവര്‍ക്ക് 41 ദിവസത്തിന് ശേഷം കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പ കേസ് എന്നീ രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ അദ്ദേഹം ഉടന്‍ ജയില്‍ മോചിതനാകും. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
ഈ ജാമ്യ ഉത്തരവിലൂടെ സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. തന്ത്രിയുടെ അനുജ്ഞയാണ് എല്ലാ ക്രമക്കേടുകള്‍ക്കും കാരണമെന്നും മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി അദ്ദേഹത്തിന് നേരിട്ട് ബന്ധമുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചെങ്കിലും അത് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. താന്ത്രിക വിധിപ്രകാരമുള്ള കാര്യങ്ങളില്‍ മാത്രമാണ് താന്‍ ഇടപെട്ടതെന്നും ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക കാര്യങ്ങളില്‍ തനിക്ക് അധികാരമില്ലെന്നുമുള്ള തന്ത്രിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
എങ്കിലും കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിവയാണ് പ്രധാന നിബന്ധനകള്‍. തന്ത്രിയുടെയും ഭാര്യയുടെയും പേരിലുള്ള കണക്കില്‍പ്പെടാത്ത വന്‍ നിക്ഷേപങ്ങളെക്കുറിച്ച് എസ്.ഐ.ടി കോടതിയില്‍ പരാമര്‍ശിച്ചെങ്കിലും, നിലവില്‍ അത് ജാമ്യം നിഷേധിക്കാനുള്ള തെളിവായി കോടതി കണക്കാക്കിയില്ല.
പൊലീസ് പരിശീലനത്തിനിടയിൽ അപ്രതീക്ഷിത അതിഥി; ട്രെയിനിങ് കോളേജിലേക്ക് പാമ്പ് ഇഴഞ്ഞെത്തി; പൊലീസുകാർ ചിതറിയോടി
അതേസമയം, കേസിലെ മറ്റ് പ്രതികളായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹര്‍ജി ഫെബ്രുവരി 19-നും കെ.പി. ശങ്കര്‍ദാസിന്റെ ഹര്‍ജികള്‍ ഫെബ്രുവരി 23-നും വിജിലന്‍സ് കോടതി പരിഗണിക്കും. ശബരിമല കേസില്‍ കുറ്റപത്രം വൈകുന്നത് പ്രതികള്‍ക്ക് നിയമപരമായി ഗുണകരമാകുന്നു എന്ന വിമര്‍ശനം ഇതിനോടകം ശക്തമായിട്ടുണ്ട്.


കൊല്ലം ആശ്രാമം മർദ്ദനക്കേസ്: പ്രതി ശ്യാംകുമാർ റിമാൻഡിൽ; ചുമത്തിയത് പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം





