പത്രികാ സമർപ്പണത്തിന് മുന്നോടിയായി ഉമ്മൻചാണ്ടിയുടെ ഓർമ്മകളിൽ വിതുമ്പി ടി. സിദ്ദീഖ്; കൽപ്പറ്റയിൽ കുഞ്ഞൂഞ്ഞിന്റെ സ്മരണയോടെ തുടക്കം

വയനാട്: വയനാട് ജില്ലയിലെ കൽപ്പറ്റ നിയസഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ടി. സിദ്ദീഖ് തന്റെ നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. രാഷ്ട്രീയ ഗുരുവും പിതൃതുല്യനുമായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അഭാവം തന്നെ വല്ലാതെ നോവിക്കുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് കുറുപ്പിന്റെ പൂർണം രൂപം ചുവടെ നൽകുന്നു:-

“വിടവാങ്ങാത്ത ഓർമ്മകൾക്കിടയിൽ ഞാൻ വീണ്ടും പത്രിക സമർപ്പിക്കുകയാണ്… കൽപ്പറ്റയുടെ മണ്ണിൽ ഈ തിരഞ്ഞെടുപ്പ് എത്തുമ്പോൾ, എന്റെ ഹൃദയത്തിൽ തിരതല്ലുന്നത് 2021-ലെ ആ ആവേശകരമായ ദിനങ്ങളാണ്. അന്ന് എന്റെ കൈപിടിച്ച്, കൽപ്പറ്റയിലെ വോട്ടർമാരോട് എനിക്ക് വേണ്ടി വോട്ട് ചോദിക്കാൻ കുഞ്ഞൂഞ്ഞ് എന്ന വലിയ മനുഷ്യൻ കൂടെയുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ആ സാന്നിധ്യം നൽകിയ ആത്മവിശ്വാസവും വാത്സല്യവുമാണ് എന്നെ ഇന്നിവിടെ എത്തിച്ചത്. ഇന്ന് വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ, നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോകുമ്പോൾ എന്റെ എല്ലാമെല്ലാമായ സാറില്ല എന്ന യാഥാർത്ഥ്യം ഹൃദയത്തെ വല്ലാതെ നോവിക്കുന്നു.
ഓരോ ചുവടിലും ആ വലിയ മനുഷ്യൻ നൽകിയ സുരക്ഷിതത്വം ഞാൻ ഇന്ന് അനുഭവിക്കുന്നുണ്ട്. അന്ന് കൽപ്പറ്റയിലെ കവലകളിൽ എനിക്കു വേണ്ടി അദ്ദേഹം തൊണ്ടയിടറി സംസാരിച്ചപ്പോൾ, അത് കേവലം വോട്ട് തേടലായിരുന്നില്ല, ഒരു പിതാവ് മകനോട് കാണിച്ച ഹൃദയവാത്സല്യമായിരുന്നു… കല്പറ്റയിലെ എന്റെ ജയം ഉറപ്പ് വരുത്താൻ തിരക്കിനിടയിലും നിരന്തരം അദ്ദേഹം ശ്രമിച്ചു കൊണ്ടേയിരുന്നു…
ആ സ്നേഹത്തിന്റെ തണലില്ലാതെ ആദ്യമായി ഒരു പത്രിക സമർപ്പിക്കുമ്പോൾ വല്ലാത്തൊരു ശൂന്യത എന്നെ വലയം ചെയ്യുന്നു. നേതാവായും പിതൃതുല്യനായും കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ അഭാവം ഈ തിരഞ്ഞെടുപ്പ് ഗോദയിൽ നികത്താനാവാത്ത ഒരു നഷ്ടമായി നീറിക്കൊണ്ടിരിക്കുന്നു… വല്ലാത്ത ഒരു ശൂന്യത എന്നെ പൊതിയുന്നു…
അദ്ദേഹം വിടപറഞ്ഞിട്ടില്ല… എന്നിലെ പോരാളിയുടെ വീര്യമായും ജനസേവനത്തിനുള്ള എന്റെ കരുത്തായും അദ്ദേഹം ഇപ്പോഴും കൂടെയുണ്ട്. ഉമ്മൻ ചാണ്ടി സാർ പഠിപ്പിച്ചുതന്ന രാഷ്ട്രീയ പാഠങ്ങളും ജനങ്ങളോടുള്ള ആ സ്നേഹവും നെഞ്ചേറ്റിയാണ് ഇത്തവണയും ഞാൻ ജനവിധി തേടുന്നത്. ഭൗതികമായി അദ്ദേഹം കൂടെയില്ലെങ്കിലും, ആകാശത്തിരുന്ന് അദ്ദേഹം എന്നെ അനുഗ്രഹിക്കുന്നുണ്ടാകും. ഓരോ വോട്ടറുടെ മുഖത്തും ഞാൻ കാണുന്നത് അദ്ദേഹത്തിന്റെ ആ സ്നേഹമാണ്. ആ ഓർമ്മകളുടെ കരുത്തിൽ, ജനങ്ങൾ നൽകുന്ന ആവേശത്തിൽ, കൽപ്പറ്റയുടെ വികസനത്തിനായി ഞാൻ വീണ്ടും വിനീതനായി പത്രിക സമർപ്പിക്കുന്നു”…
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.