ട്വന്റി20 മൂന്നാംഘട്ട പട്ടികയിലും സര്‍പ്രൈസ്; കൊടുങ്ങല്ലൂരില്‍ ഉമ്മന്‍ ചാണ്ടിയുടെ മുന്‍ മരുമകന്‍, ചാലക്കുടിയില്‍ ചാര്‍ളി പോള്‍

കൊച്ചി: കേരള രാഷ്ട്രീയത്തില്‍ അട്ടിമറി ലക്ഷ്യമിട്ട് സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി20 മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. പ്രമുഖരെയും മണ്ഡലത്തില്‍ വേരോട്ടമുള്ളവരെയും കളത്തിലിറക്കി രാഷ്ട്രീയ സമവാക്യങ്ങള്‍ തിരുത്താനാണ് പാര്‍ട്ടി നീക്കം. കൊടുങ്ങല്ലൂരില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരുമകനായിരുന്ന ഡോ. വര്‍ഗീസ് ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയത് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. ചാലക്കുടിയില്‍ അഡ്വ. ചാര്‍ളി പോളിനെയും പിറവത്ത് ജിബി അബ്രാഹത്തെയും റാന്നിയില്‍ തോമസ് കെ. സാമുവലിനെയുമാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
ട്വന്റി20 സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായ അഡ്വ. ചാര്‍ളി പോള്‍ രണ്ടാം തവണയാണ് പാര്‍ട്ടിക്ക് വേണ്ടി അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹത്തിന് മണ്ഡലത്തില്‍ വലിയ ജനസ്വാധീനമുണ്ട്. സിറോ മലബാര്‍ സഭയുടെ പി.ആര്‍.ഒ സമിതി അംഗം കൂടിയായ അദ്ദേഹം സഭാ കേന്ദ്രങ്ങളിലും സുപരിചിതനാണ്.
ഡോ. വര്‍ഗീസ് ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് മൂന്നാം പട്ടികയിലെ ശ്രദ്ധാകേന്ദ്രം. എഞ്ചിനീയറിങ്-മാനേജ്മെന്റ് മേഖലകളില്‍ പ്രാഗത്ഭ്യമുള്ള അദ്ദേഹം ട്വന്റി20 കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റാണ്. ഉമ്മന്‍ ചാണ്ടിയോടുള്ള സ്മരണകള്‍ ഇരമ്പുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ബന്ധു എന്ന നിലയിലുള്ള സ്വാധീനം വോട്ടാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
തിരുവാണിയൂര്‍ പഞ്ചായത്ത് സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്ത് ട്വന്റി20 വിപ്ലവം നയിച്ച ജിബി അബ്രാഹമാണ് പിറവത്ത് മാറ്റുരയ്ക്കുന്നത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഇവിടെ ജിബിയുടെ സ്ഥാനാര്‍ത്ഥിത്വം മുന്നണികള്‍ക്ക് വലിയ വെല്ലുവിളിയാകും. റാന്നിയില്‍ കന്നി അങ്കത്തിനിറങ്ങുന്ന തോമസ് കെ. സാമുവല്‍ (ബ്ലസന്‍) സാംസ്‌കാരിക മേഖലയിലെ സാന്നിധ്യത്തിലൂടെ മണ്ഡലത്തില്‍ ശ്രദ്ധേയനാണ്.
മൂന്നാംഘട്ട പട്ടിക പുറത്തിറങ്ങിയതോടെ എട്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടുതല്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക വൈകിട്ടോടെ പുറത്തുവിടുമെന്ന് സാബു എം. ജേക്കബ് അറിയിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.