തിരുവനന്തപുരം: സംസ്ഥാനത്ത് ഏകദേശം 80 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്താനാകുമെന്ന സിപിഎമ്മിന്റെ താഴെത്തട്ടിലുള്ള കണക്കുകള്‍ പുറത്തുവരുമ്പോള്‍ പല സിറ്റിങ് സീറ്റുകളിലും ആശങ്ക പടരുന്നു. കഴിഞ്ഞ തവണത്തെ 99 സീറ്റുകളുടെ ആധിപത്യം ഇത്തവണ ഉണ്ടാവില്ലെന്നാണ് പാര്‍ട്ടി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രത്യേകിച്ചും ആലപ്പുഴ ജില്ലയില്‍ സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ജി. സുധാകരന്റെ സാന്നിധ്യം അമ്പലപ്പുഴയില്‍ എല്‍ഡിഎഫിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. സുധാകരന്‍ മണ്ഡലത്തിലുള്ള സ്വാധീനം വോട്ടായി മാറിയാല്‍ സീറ്റ് നഷ്ടപ്പെടുമെന്ന തിരിച്ചറിവിലാണ് പാര്‍ട്ടി. അതേസമയം, ശക്തമായ ത്രികോണമത്സരം നടന്ന നേമത്ത് വി. ശിവന്‍കുട്ടിക്ക് നേരിയ വിജയപ്രതീക്ഷയുണ്ടെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
കണ്ണൂരടക്കമുള്ള ഇടതുകോട്ടകളില്‍ ഭൂരിപക്ഷം കുറയാനുള്ള സാധ്യതയും സിപിഎം ഗൗരവത്തോടെ കാണുന്നുണ്ട്. കണ്ണൂരില്‍ 9 മണ്ഡലങ്ങളില്‍ വിജയം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പയ്യന്നൂര്‍, മട്ടന്നൂര്‍, തലശ്ശേരി തുടങ്ങിയ ശക്തികേന്ദ്രങ്ങളില്‍ പഴയ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്, ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് കടന്നുകൂടുമെന്ന് കരുതുമ്പോഴും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് ഗുണകരമായോ എന്ന ആശങ്ക നിലനില്‍ക്കുന്നു. വയനാട്ടില്‍ മന്ത്രി ഒ.ആര്‍. കേളു മാനന്തവാടിയില്‍ കടുത്ത പോരാട്ടത്തിലൂടെ വിജയിക്കുമെന്നും ബത്തേരിയില്‍ ചെറിയ സാധ്യതയുണ്ടെന്നുമാണ് കണക്കുകൂട്ടല്‍.
കോഴിക്കോട് ജില്ലയിലെ സ്ഥിതി പാര്‍ട്ടിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. 13 സീറ്റുകളില്‍ എട്ട് ഇടത്ത് കടുത്ത വെല്ലുവിളി നേരിടുന്നതായും അഞ്ച് സീറ്റുകള്‍ വരെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ജില്ലാ ഘടകം റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴിക്കോട് സൗത്ത്, നാദാപുരം, തിരുവമ്പാടി മണ്ഡലങ്ങള്‍ കൈവിട്ടുപോയേക്കാമെന്ന ഭീതിയുണ്ട്. മലപ്പുറത്ത് പൊന്നാനിയും തവനൂരും നിലനിര്‍ത്താമെന്ന് കരുതുമ്പോള്‍ തിരൂരില്‍ മന്ത്രി വി. അബ്ദുറഹിമാന് കടുത്ത പോരാട്ടം നേരിടേണ്ടി വന്നു. പാലക്കാട് ജില്ലയില്‍ 10 സിറ്റിങ് സീറ്റുകളും നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷയെങ്കിലും തൃത്താലയില്‍ മന്ത്രി എം.ബി. രാജേഷിന്റെ ഭൂരിപക്ഷം മൂവായിരത്തിന് താഴേക്ക് കുറയാം. മലമ്പുഴയിലും ആലത്തൂരിലും ഭൂരിപക്ഷത്തില്‍ ഇടിവുണ്ടാകുമെന്നാണ് സൂചന.
തൃശൂര്‍ ജില്ലയില്‍ തൃശൂരും ചാലക്കുടിയും ഒഴികെ 11 ഇടത്തും വിജയം ഉറപ്പിക്കുമ്പോള്‍ എറണാകുളത്ത് 5 സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താമെന്നാണ് പാര്‍ട്ടി കരുതുന്നത്. ഇടുക്കിയില്‍ പീരുമേട് സീറ്റ് നഷ്ടപ്പെടാനുള്ള സാധ്യത റിപ്പോര്‍ട്ടിലുണ്ട്. കോട്ടയത്ത് 5 മണ്ഡലങ്ങളില്‍ പ്രതീക്ഷയുണ്ടെങ്കിലും വൈക്കത്ത് കര്‍ഷക ആത്മഹത്യകള്‍ തിരിച്ചടിയായോ എന്ന് പാര്‍ട്ടി പരിശോധിക്കുന്നു.
പത്തനംതിട്ടയില്‍ അഞ്ച് സീറ്റുകളും നിലനിര്‍ത്താമെന്നാണ് ആത്മവിശ്വാസം. കൊല്ലം ജില്ലയില്‍ 6 മുതല്‍ 9 വരെ സീറ്റുകള്‍ ലഭിക്കാമെന്നു കണക്കാക്കുമ്പോഴും കരുനാഗപ്പള്ളിയിലും ചവറയിലും യുഡിഎഫ് മുന്നേറ്റം നടത്തിയേക്കാമെന്നു കരുതുന്നു. തിരുവനന്തപുരത്ത് നേമവും തിരുവനന്തപുരവും പിടിച്ചെടുക്കാമെന്ന പ്രതീക്ഷയ്ക്കിടയിലും അപ്രതീക്ഷിത തിരിച്ചടികള്‍ ഉണ്ടാകുമോ എന്ന ഉത്കണ്ഠയും പാര്‍ട്ടി റിപ്പോര്‍ട്ട് പങ്കുവെക്കുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


എക്സിറ്റ് പോളുകളില്‍ യുഡിഎഫ് തരംഗം; കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കസേരയ്ക്കായി പോര് മുറുകും; ലീഗും കേരള കോണ്‍ഗ്രസ് ജോസഫും ആവേശത്തില്‍; കെസിയും ആര്‍സിയും വിഡിയും താക്കോല്‍ സ്ഥാന പോരില്‍





