മരണം വരെ കന്യാസ്ത്രീയായി തുടരും; ബിഷപ്പ് ഫ്രാങ്കോ കേസ്: ‘കൈകാലുകള്‍ കെട്ടപ്പെട്ട ജീവിതം, സഭയുടെ നിശബ്ദത ഞങ്ങളെ തെരുവിലെത്തിച്ചു’; അതിജീവിത സിസ്റ്റര്‍ റാണിറ്റിന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്; അപ്പീല്‍ നിര്‍ണ്ണായകം

തിരുവനന്തപുരം: കത്തോലിക്കാ സഭയെ പിടിച്ചുലച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അതിജീവിത സിസ്റ്റര്‍ റാണിറ്റ് (യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയിട്ടില്ല), കഴിഞ്ഞ എട്ട് വര്‍ഷമായി താന്‍ അനുഭവിക്കുന്ന സമാനതകളില്ലാത്ത യാതനകള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്നു പറഞ്ഞു. നീതിക്കായി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകളുടെ ജീവിതം ഇന്നും കല്ലേറുകള്‍ക്കും ഒറ്റപ്പെടുത്തലുകള്‍ക്കും നടുവിലാണെന്ന് സിസ്റ്റര്‍ വെളിപ്പെടുത്തല്‍. സര്‍ക്കാരിനെതിരെ ചില കുറ്റപ്പെടുത്തലുകളും ഉണ്ട്.

പീഡനവിവരം സഭയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത നിമിഷം മുതല്‍ താന്‍ അസ്പൃശ്യയായി മാറിയെന്ന് സിസ്റ്റര്‍ പറയുന്നു. ‘കൈകളും കാലുകളും കെട്ടപ്പെട്ട നിലയിലാണ് ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം. സഭാനേതൃത്വത്തിന്റെ കുറ്റകരമായ നിശബ്ദതയാണ് ഞങ്ങളെ തെരുവിലേക്ക് വലിച്ചെറിഞ്ഞത്,’ സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു. കൂടെയുണ്ടായിരുന്ന കന്യാസ്ത്രീകളെയും കുടുംബത്തെയും ബിഷപ്പ് ഫ്രാങ്കോ കള്ളക്കേസുകളില്‍ കുടുക്കാന്‍ ശ്രമിച്ചതായും, മഠത്തിനുള്ളില്‍ തന്നെ ബിഷപ്പിനെ സഹായിക്കാന്‍ ചില കന്യാസ്ത്രീകള്‍ നിലയുറപ്പിച്ചിരുന്നതായും സിസ്റ്റര്‍ വെളിപ്പെടുത്തി. താന്‍ പണത്തിന് വേണ്ടിയാണ് പരാതി നല്‍കിയതെന്ന വ്യാജപ്രചാരണത്തെ സിസ്റ്റര്‍ തള്ളി. സഭയില്‍ നിന്നോ ബിഷപ്പില്‍ നിന്നോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. ആദ്യമായാണ് അവര്‍ പരസ്യ പ്രതികരണം നടത്തുന്നത്.

എന്തുകൊണ്ട് ആദ്യം പരാതി നല്‍കിയില്ല എന്ന ചോദ്യത്തിന് സിസ്റ്റര്‍ നല്‍കിയ മറുപടി സഭയ്ക്കുള്ളിലെ കന്യാസ്ത്രീകളുടെ അരക്ഷിതാവസ്ഥ വെളിപ്പെടുത്തുന്നതാണ്. ‘ഒരു കന്യാസ്ത്രീക്ക് ഏറ്റവും വലുത് ചാരിത്ര്യശുദ്ധിയാണ്. പീഡിപ്പിക്കപ്പെട്ടു എന്ന് പുറത്തറിഞ്ഞാല്‍ അന്ന് തന്നെ മഠത്തിന് പുറത്താക്കപ്പെടുമെന്ന ഭയമായിരുന്നു എനിക്ക്. ‘മഠംചാടി’ എന്ന പേരുദോഷം കേള്‍പ്പിക്കാനാണ് സഭ ശ്രമിക്കുക. സഭ വിട്ട പലരുടെയും ഗതി എനിക്കറിയാമായിരുന്നു. ആ നാണക്കേട് ഭയന്നാണ് പലതും ഉള്ളിലൊതുക്കിയത്,’ സിസ്റ്റര്‍ തുറന്നുപറഞ്ഞു. തന്റെ അനുഭവം ഒറ്റപ്പെട്ടതല്ലെന്നും പല മഠങ്ങളിലും സമാനമായ പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

കൂട്ടത്തിലുണ്ടായിരുന്ന മൂന്ന് കന്യാസ്ത്രീകള്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും ഒറ്റപ്പെടുത്തലും കാരണം ഇതിനോടകം സഭ വിട്ടുപോയി. മഠത്തില്‍ തയ്യല്‍ ജോലി ചെയ്താണ് അവശേഷിക്കുന്ന മൂന്ന് കന്യാസ്ത്രീകള്‍ ഇന്ന് ഉപജീവനം കണ്ടെത്തുന്നത്. സഭയുടെ ഔദ്യോഗിക സംരക്ഷണമില്ലാതെ, സ്വന്തം മഠത്തിനുള്ളില്‍ തന്നെ പുറത്തുനിന്നുള്ളവരെപ്പോലെ കഴിയേണ്ടി വരുന്ന ദുരവസ്ഥയാണ് സിസ്റ്റര്‍ റാണിറ്റ് വിവരിച്ചത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് 2022 ജനുവരി 14-ന് ചരിത്രപ്രധാനമായ ഈ കേസില്‍ വിധി പറഞ്ഞത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ ബിഷപ്പിനെതിരെ കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് നിരീക്ഷിച്ച കോടതി, ഫ്രാങ്കോ മുളയ്ക്കലിനെ എല്ലാ കുറ്റങ്ങളില്‍ നിന്നും വെറുതെ വിട്ടു. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

അപ്പീല്‍: വിചാരണ കോടതിയുടെ ഈ വിധിക്കെതിരെ കേരള സര്‍ക്കാരും അതിജീവിതയായ കന്യാസ്ത്രീയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. വിധിയില്‍ ഗുരുതരമായ പിഴവുകളുണ്ടെന്നും സാക്ഷിമൊഴികള്‍ കൃത്യമായി വിലയിരുത്തിയില്ലെന്നുമാണ് അപ്പീലിലെ പ്രധാന വാദം. നിലവില്‍ ഈ കേസ് കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി, കേസ് രേഖകള്‍ (ഠൃശമഹ ഞലരീൃറ)െ ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു. ബിഷപ്പിനെ വെറുതെ വിട്ട വിധി റദ്ദാക്കണമെന്നും പുനര്‍വിചാരണ നടത്തണമെന്നുമാണ് അതിജീവിതയുടെ ആവശ്യം. ഈ കേസില്‍ ഹൈക്കോടതി നടത്തുന്ന അന്തിമ വാദം ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

കോടതി വെറുതെ വിട്ടെങ്കിലും കത്തോലിക്കാ സഭയ്ക്കുള്ളിലെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 2023 ജൂണില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചിരുന്നു. സഭയുടെ ഭരണപരമായ ചുമതലകളില്‍ നിന്ന് അദ്ദേഹം ഇപ്പോള്‍ വിട്ടുനില്‍ക്കുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.