ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ സ്പെഷ്യല്‍ കമ്മീഷണറായ ജില്ലാ ജഡ്ജിക്കും കുരുക്കോ? വീഴ്ചകള്‍ ഗൗരവതരം, ജില്ലാ ജഡ്ജിയെ എസ്ഐടി ചോദ്യം ചെയ്യുമോ?

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഉന്നതര്‍ ഓരോരുത്തരായി അന്വേഷണ നിഴലിലേക്ക്. സന്നിധാനത്തെ ഭരണപരമായ കാര്യങ്ങള്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനുമായി ഹൈക്കോടതി നിയോഗിച്ച മുന്‍ സ്പെഷ്യല്‍ കമ്മീഷണറായ ജില്ലാ ജഡ്ജിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് സൂചന. 2019-ല്‍ സന്നിധാനത്തെ സ്വര്‍ണ്ണപ്പാളികള്‍ കടത്തിയപ്പോള്‍ പദവിയിലിരുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് നടപടി. നിലവില്‍ മധ്യകേരളത്തില്‍ ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതി തേടിയേക്കും.
2016 മുതല്‍ 2024 വരെ സ്പെഷ്യല്‍ കമ്മീഷണറായിരുന്ന ജഡ്ജിയുടെ ഭാഗത്തുനിന്ന് അതീവ ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നിയമപരമായി ബാധ്യസ്ഥനായ ഉദ്യോഗസ്ഥന്‍ മൂക്കിനു താഴെ സ്വര്‍ണ്ണക്കൊള്ള നടന്നിട്ടും അത് ഹൈക്കോടതിയെ അറിയിച്ചില്ല. കവര്‍ച്ചയില്‍നേരിട്ട് പങ്കില്ലെങ്കിലും, വിട്ടുവീഴ്ചകള്‍ പ്രതികള്‍ക്ക് സഹായകമായി. ചോദ്യങ്ങള്‍ തയ്യാറാക്കി ഹൈക്കോടതിയുടെ അനുമതിയോടെ ഇദ്ദേഹത്തിന്റെ മൊഴിയെടുക്കാനാണ് എസ്ഐടി നീക്കം.
വര്‍ഷങ്ങളായി സന്നിധാനത്ത് നടന്നുവന്ന സ്വര്‍ണ്ണക്കവര്‍ച്ച പുറംലോകമറിഞ്ഞത് 2024-ല്‍ ചുമതലയേറ്റ ആര്‍. ജയകൃഷ്ണന്‍ എന്ന പുതിയ സ്പെഷ്യല്‍ കമ്മീഷണറുടെ ഇടപെടലോടെയാണ്. ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വര്‍ണ്ണപ്പാളികള്‍ രഹസ്യമായി മാറ്റിയത് ഇദ്ദേഹം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ 2018ല്‍ ചട്ടങ്ങള്‍ പാലിക്കാതെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണം പൂശാന്‍ അനുമതി നല്‍കിയ വിവരം ദേവസ്വം ബോര്‍ഡും അന്നത്തെ സ്‌പെഷ്യല്‍ കമ്മീഷണറും ഹൈക്കോടതിയെ അറിയിച്ചിരുന്നില്ല.
ശബരിമലയിലെ ദൈനംദിന കാര്യങ്ങളും ബോര്‍ഡ് തീരുമാനങ്ങളും പരിശോധിക്കാന്‍ വിപുലമായ അധികാരമാണ് ഹൈക്കോടതി സ്പെഷ്യല്‍ കമ്മീഷണര്‍ക്ക് നല്‍കിയിട്ടുള്ളത്. ക്രമക്കേട് കണ്ടാല്‍ ഉടനടി തടയാനും അധികാരമുണ്ട്. 2019 ജൂലൈയില്‍ വിഗ്രഹങ്ങളിലെ ദശാവതാര രൂപങ്ങളും സ്വര്‍ണ്ണപ്പാളികളും ഇളക്കിമാറ്റി ചെന്നൈയിലേക്ക് കടത്തിയപ്പോള്‍ പോലീസ് സുരക്ഷയോ ഔദ്യോഗിക രേഖകളോ ഉണ്ടായിരുന്നില്ല. ഈ ഗുരുതരമായ സുരക്ഷാ വീഴ്ചയും ആചാരലംഘനവും എന്തുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. പാളികള്‍ തിരികെ എത്തിച്ചപ്പോഴുള്ള മഹസ്സര്‍ ഉള്‍പ്പെടെയുള്ള രേഖകളും വ്യാജമാണെന്ന് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.