ശബരിമല സ്വര്‍ണ്ണക്കൊള്ള പ്രചാരണ വിഷയമല്ലെന്ന് റാന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി; തള്ളി കുമ്മനം; ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയുടെ നിലപാടില്‍ ബിജെപിയില്‍ അതൃപ്തി

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയില്‍ നില്‍ക്കെ പത്തനംതിട്ടയിലെ ബിജെപി ക്യാമ്പുകളില്‍ വന്‍ പൊട്ടിത്തെറി. ശബരിമല ഉള്‍പ്പെടുന്ന റാന്നി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തോമസ് കെ. സാമുവല്‍ നടത്തിയ വിവാദ പരാമര്‍ശമാണ് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള തിരഞ്ഞെടുപ്പില്‍ ഒരു പ്രചാരണ വിഷയമേ അല്ലെന്ന സ്ഥാനാര്‍ത്ഥിയുടെ തുറന്നുപറച്ചില്‍ നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. എന്‍ഡിഎയ്ക്ക് വേണ്ടി ട്വന്റി ട്വന്റി പാര്‍ട്ടി പ്രതിനിധിയായാണ് തോമസ് കെ സാമുവല്‍ മത്സരിക്കുന്നത്.
ശബരിമല വിഷയത്തെ സര്‍ക്കാരിനെതിരെയുള്ള പ്രധാന ആയുധമാക്കാന്‍ ബിജെപിയും യുഡിഎഫും ഒരുപോലെ കച്ചകെട്ടിയിറങ്ങുമ്പോഴാണ് സ്വന്തം സ്ഥാനാര്‍ത്ഥി തന്നെ പാര്‍ട്ടി ലൈനിന് വിരുദ്ധമായി രംഗത്തെത്തിയത്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തനിക്ക് പ്രത്യേക അഭിപ്രായമില്ലെന്നും അതൊരു വലിയ വിഷയമായി കാണുന്നില്ലെന്നും തോമസ് കെ. സാമുവല്‍ വ്യക്തമാക്കിയതോടെ അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ആരെയും കരിവാരിത്തേക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വികസന കാര്യങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നുമാണ് തോമസിന്റെ നിലപാട്. എന്നാല്‍, ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കാന്‍ ശബരിമല വിഷയം സജീവമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന് ഇത് വന്‍ തിരിച്ചടിയായി. സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ആറന്മുളയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരന്‍ തോമസിനെ പരസ്യമായി തള്ളി രംഗത്തെത്തി.
ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ അഴിമതികളും വിശ്വാസ ലംഘനങ്ങളും വോട്ടെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമാണെന്ന് കുമ്മനം തുറന്നടിച്ചു. സ്വര്‍ണ്ണക്കൊള്ള വെറുമൊരു ആരോപണമല്ലെന്നും ഭക്തലക്ഷങ്ങളുടെ വികാരമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് ഗോദയില്‍ എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ കരുതിവെച്ച ഏറ്റവും വലിയ ‘ആയുധം’ സ്വന്തം സ്ഥാനാര്‍ത്ഥി തന്നെ തെറ്റായ വാദത്തില്‍ ഉന്നയിച്ച അമര്‍ഷത്തിലാണ് ബിജെപി കേന്ദ്രങ്ങള്‍. റാന്നിയിലെ സ്ഥാനാര്‍ത്ഥിക്ക് രാഷ്ട്രീയ ബോധമില്ലെന്നും വിമര്‍ശനമുണ്ട്.
വിഷയം വഷളായതോടെ ആര്‍എസ്എസ് നേതൃത്വവും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളയില്‍ ഇത്തരമൊരു വിരുദ്ധാഭിപ്രായം വന്നത് പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. തോമസ് കെ. സാമുവലിനോട് വിശദീകരണം തേടാന്‍ എന്‍ഡിഎ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം, യുഡിഎഫ് ഈ സാഹചര്യം പരമാവധി മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.
ബിജെപി സ്ഥാനാര്‍ത്ഥി തന്നെ സ്വര്‍ണ്ണക്കൊള്ള ഒരു വിഷയമല്ലെന്ന് പറഞ്ഞതോടെ ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിഹിത ബന്ധമാണ് പുറത്തുവരുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ പരിഹസിച്ചു. ഇത് വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.