കോഴിക്കോട്: വടകരയിൽ വൻതോതിൽ സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എ കടത്തിയ കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം മുൻനിര ലഹരി മാഫിയകളിലേക്ക് വ്യാപിപ്പിച്ച് കോഴിക്കോട് റൂറൽ പോലീസ്. കോഴിക്കോട് റൂറൽ എസ്.പി മെറിൻ ജോസഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും കടുത്ത കൽപനയിലുമാണ് പോലീസിന്റെ നടപടികൾ പുരോഗമിക്കുന്നത്. ലഹരി ശൃംഖലയുടെ വേരുകൾ പിഴുതെറിയാൻ ലക്ഷ്യമിട്ട് അന്വേഷണം ഉന്നത സ്രാവുകളിലേക്ക് അതിവേഗം നീളുകയാണ്.
കേസിൽ അറസ്റ്റിലായ ചെറുവാളൂർ സർക്കാർ എൽ.പി സ്‌കൂളിനോട് ചേർന്നുള്ള ഓട്ടിസം സ്‌കൂളിലെ സ്‌പെഷ്യൽ എജ്യുക്കേറ്ററായ കാവ്യയെ വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പേരാമ്പ്ര ബി.ആർ.സിയിലെ താത്കാലിക കായിക അധ്യാപികയായിരുന്ന കീർത്തനയെ നേരത്തെ തന്നെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്നുകൊണ്ട്, സഹപ്രവർത്തകർക്കിടയിൽ വ്യക്തിപരമായ പ്രശ്നങ്ങൾ പങ്കുവെക്കുന്ന അടുത്ത സുഹൃത്തുക്കൾ എന്ന വ്യാജേനയാണ് ഇരുവരും ആഡംബര ജീവിതത്തിനായുള്ള കോടികളുടെ ലഹരിക്കടത്ത് നടത്തിയിരുന്നത്.
ലഹരി മാഫിയയുടെ കെണിയിൽപെട്ട അധ്യാപികമാരുടെ അക്കൗണ്ടുകൾ വഴി നടന്ന ‘മണി മ്യൂൾ’ സാമ്പത്തിക ഇടപാടുകളും ഡിജിറ്റൽ തെളിവുകളും വിശകലനം ചെയ്തതോടെയാണ് എസ്.പി മെറിൻ ജോസഫ് കേസിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലേക്ക് കടന്നത്. പേരാമ്പ്ര ബി.ആർ.സിക്ക് കീഴിൽ കായിക പരിശീലനത്തിനായി വിവിധ സ്‌കൂളുകളിൽ പോകുന്ന സൗകര്യം ഉപയോഗിച്ചാണ് കീർത്തന എം.ഡി.എം.എ വിതരണം ചെയ്തിരുന്നത്. ലഹരിയുമായി ആദ്യം പിടിയിലായ റിസ്വാനെ ചോദ്യം ചെയ്തതോടെയാണ് അധ്യാപികമാരുടെ ഞെട്ടിക്കുന്ന പങ്ക് പുറത്തുവന്നത്.
ലഹരി ആവശ്യക്കാരിൽ നിന്ന് നേരിട്ട് പണം വാങ്ങുന്നതിന് പകരം കീർത്തനയുടെ അക്കൗണ്ടിലേക്ക് 2000 രൂപ വീതം ക്യൂ.ആർ. കോഡ് വഴി അയപ്പിക്കുന്നു. അക്കൗണ്ടിൽ തുകയെത്തിയാൽ ലഹരി വെച്ചിരിക്കുന്ന രഹസ്യ ലൊക്കേഷൻ ഫോണിലൂടെ ആവശ്യക്കാർക്ക് നൽകുന്നു. അക്കൗണ്ടിൽ പണം കുമിഞ്ഞുകൂടുമ്പോൾ അടുത്ത കണ്ണിയായ കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റും. സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബ പശ്ചാത്തലമുള്ള കാവ്യ പെട്ടെന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര കാർ വാങ്ങിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
ചോദ്യം ചെയ്യലിൽ ഡിജിറ്റൽ തെളിവുകൾ നിരത്തിയതോടെ കാവ്യ കുറ്റം സമ്മതിക്കുകയായിരുന്നു. ലഹരി ശൃംഖലയിലെ പ്രധാനിയായ ‘ലേഡി ഡോൺ’ കീർത്തന അറസ്റ്റിലായതിന് പിന്നാലെ ലഭിച്ച ശക്തമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുഹൃത്തും ബി.ആർ.സി. സ്പെഷ്യൽ എജുക്കേറ്ററുമായ കാവ്യയെയും പോലീസ് കൃത്യമായി വലയിലാക്കിയത്. ഒരു സമൂഹത്തെത്തന്നെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാൻ ഈ അധ്യാപികമാരെ കുടുക്കിയതിലൂടെ മെറിൻ ജോസഫിന് സാധിച്ചു.
കേവലം വിതരണക്കാർ എന്നതിലുപരി കേരളത്തിന് പുറത്തുനിന്നും വൻതോതിൽ സിന്തറ്റിക് ലഹരി എത്തിച്ചു നൽകുന്ന ലഹരി മാഫിയയിലെ ‘വമ്പൻ സ്രാവുകളുമായി’ ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായി പോലീസ് ഉടൻ കോടതിയെ സമീപിക്കും. റൂറൽ എസ്.പി മെറിൻ ജോസഫിന്റെ കടുത്ത നിലപാടോടെ, ലഹരി ശൃംഖലയ്ക്ക് പിന്നിൽ പ്രവർത്തിച്ച വമ്പൻ മാഫിയ തലവന്മാരിലേക്ക് അന്വേഷണം അതിവേഗം എത്തും.
നേരത്തെ കൊല്ലത്ത് 13 വയസ്സുകാരിയെ പീഡിപ്പിച്ച് സൗദി അറേബ്യയിലേക്ക് കടന്നുകളഞ്ഞ പ്രതിയെ റിയാദിൽ നേരിട്ടെത്തി അറസ്റ്റ് ചെയ്ത് കേരളത്തിലെത്തിച്ച ചരിത്രനേട്ടത്തിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ ഐ.പി.എസ് ഓഫീസറാണ് മെറിൻ ജോസഫ്. ഇന്ത്യയും സൗദിയും തമ്മിൽ കുറ്റവാളികളെ കൈമാറുന്ന കരാർ നിലവിൽ വന്ന ശേഷം ഒരു പ്രതിയെ വിദേശത്തുപോയി കൊണ്ടുപൂർണ്ണമായി നീതി നടപ്പാക്കാൻ മുൻകൈയെടുത്ത ആദ്യ ഇന്ത്യൻ വനിതാ ഉദ്യോഗസ്ഥ എന്ന ബഹുമതിയും മെറിനുണ്ട്.
ഡൽഹി സ്റ്റെഫൻസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബി.എ.യും എം.എ.യും സ്വർണ്ണമെഡലോടെ പൂർത്തിയാക്കി, 23-ാം വയസ്സിൽ ആദ്യ ശ്രമത്തിൽത്തന്നെ ഐ.പി.എസ് സ്വന്തമാക്കിയ മെറിൻ, കേരള കേഡറിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഐ.പി.എസ് ഓഫീസറായി സർവീസിൽ പ്രവേശിക്കുകയായിരുന്നു. യു.കെ സർക്കാരിന്റെ അഭിമാനകരമായ ചീവനിങ് സ്‌കോളർഷിപ്പ് നേട്ടവും സിഡ്നിയിലെ അന്താരാഷ്ട്ര യൂത്ത് സമ്മിറ്റിൽ ഇന്ത്യൻ സംഘത്തെ നയിച്ചതും മെറിന്റെ അക്കാദമിക് മികവിന് തെളിവാണ്.
മൂന്നാർ എ.എസ്.പി ആയിരുന്നപ്പോൾ ‘പെണ്ണൊരുമൈ’ തോട്ടം തൊഴിലാളി സമരം തികഞ്ഞ സമചിത്തതയോടെ കൈകാര്യം ചെയ്തും, കൊല്ലം സിറ്റി പോലീസ് കമ്മീഷണറായിരിക്കെ ബ്ലേഡ് മാഫിയക്കെതിരെ ‘ഓപ്പറേഷൻ ഷൈലോക്ക്’, വയോജനങ്ങൾക്കായി ‘ബെൽ ഓഫ് ഫെയ്ത്ത്’ എന്നീ പദ്ധതികൾ ആവിഷ്‌കരിച്ചും മെറിൻ മികവ് തെളിയിച്ചിട്ടുണ്ട്. ‘എന്നെയൊരു പോലീസ് ഓഫീസറായി കാണുക, സൗന്ദര്യത്തിന്റെ പേരിൽ ജോലി അളക്കരുത്’ എന്ന് തുറന്നടിച്ച് സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾക്കും പുരുഷാധിപത്യ സെക്സിസ്റ്റ് കമന്റുകൾക്കും മൂർച്ചയേറിയ മറുപടി നൽകാനും ഈ ബോൾഡ് ഓഫീസർ മടിച്ചില്ല.
സൈബർ ആക്രമണങ്ങൾക്കും അധിക്ഷേപങ്ങൾക്കും മുന്നിൽ പതറാതെ, ശരികൾക്കൊപ്പം നിന്ന് കൃത്യനിഷ്ഠയോടെ സർവീസ് നടത്തുന്ന മെറിൻ ജോസഫ് ഐ.പി.എസ്., കാക്കിക്കുള്ളിലെ യഥാർത്ഥ മലയാളി പെൺപുലിയായി വടകരയിലെ ലഹരി മാഫിയകളെ അടിച്ചമർത്താൻ ‘ഓപ്പറേഷൻ തൂഫാനുമായി’ മുന്നോട്ട് കുതിക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


75 സീറ്റുകള് നേടി മുന്നണി അധികാരമുറപ്പിക്കും; എല്.ഡി.എഫിന് ഭരണത്തുടര്ച്ച, യു.ഡി.എഫിന് ശക്തമായ തിരിച്ചുവരവ്; പ്രവചനവുമായി എന്.എസ്. മാധവന്





