ന്യൂഡല്‍ഹി: രാജ്യത്തെ വോട്ടര്‍മാര്‍ക്ക് വലിയ ആശ്വാസമേകുന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെടുന്നത് കൊണ്ട് മാത്രം ഒരാള്‍ക്ക് പൗരത്വം നഷ്ടമാകില്ലെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികള്‍ പൂര്‍ണ്ണമായും ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഈ നിര്‍ണ്ണായക ഉത്തരവ്.
എസ്.ഐ.ആര് നടപടി ഭരണഘടനയ്ക്ക് ജീവന് നല്കുന്ന ഒന്നാണെന്നും, കൃത്യവും സമഗ്രവുമായ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്നും കോടതി നിരീക്ഷിച്ചു. ഇത് പിന്‍വാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്ന് ആരോപിച്ച് ഹര്‍ജിക്കാരും പ്രതിപക്ഷവും ഉയര്‍ത്തിയ തടസ്സവാദങ്ങള്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തള്ളി. വോട്ടര്‍ പട്ടികയില്‍ ഒരാളെ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ പൗരത്വ പരിശോധനയുടെ പരിമിതമായ വശങ്ങള് തിരഞ്ഞെടുപ്പ് കമ്മീഷന് ഉപയോഗിക്കാം. എന്നാല്‍ പൗരത്വം നിശ്ചയിക്കാനുള്ള അന്തിമ അധികാരം കമ്മീഷനില്ലെന്ന് കോടതി വ്യക്തമാക്കി.
‘വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നത് ഒരാളുടെ പൗരത്വം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കോടതി വിധിക്ക് ആധാരമായ 4 പ്രധാന മാനദണ്ഡങ്ങള്‍:
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ എസ്.ഐ.ആര് നടപടി അനിവാര്യമാണെന്ന് വിലയിരുത്തിയ കോടതി, നാല് പ്രധാന കാര്യങ്ങളാണ് ഇതിനായി പരിഗണിച്ചത്:
നിയമസാധുത: എസ്.ഐ.ആര് നടപടി കമ്മീഷന്റെ ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്വങ്ങള്‍ക്ക് അനുസൃതമാണോ?
യുക്തിസഹമായ ലക്ഷ്യം: ഈ നടപടിയിലൂടെ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ എത്രത്തോളം യുക്തിസഹമാണ്?
അനിവാര്യത: മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ ഇല്ലാത്ത പക്ഷം ഈ നടപടി അനിവാര്യമായിരുന്നോ?
സന്തുലിതാവസ്ഥ: കമ്മീഷന്റെ ലക്ഷ്യവും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നുണ്ടോ?
തിരഞ്ഞെടുപ്പിന്റെ സുതാര്യതയും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മില്‍ കൃത്യമായ സന്തുലിതാവസ്ഥ ഉറപ്പാക്കാന്‍ കമ്മീഷന് സാധിച്ചിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. എസ്.ഐ.ആര് പ്രക്രിയയിലുടനീളം പൊതുജനങ്ങള്‍ക്ക് പങ്കാളികളാകാനും പരാതി പരിഹാരത്തിനുമായി നിരവധി അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ബിഹാറിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യം; സമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയാകും





