പീഡന പരാതിയില്‍ ഐപിഎസുകാരന്‍ സുജിത് ദാസിനും കൂട്ടര്‍ക്കും വന്‍ ആശ്വാസം; പോലീസ് റിപ്പോര്‍ട്ട് തള്ളാനാവില്ലെന്ന് സുപ്രീംകോടതി; മജിസ്‌ട്രേട്ടിന് തീരുമാനം എടുക്കാം; പൊന്നാനി കേസില്‍ വമ്പന്‍ വിധിയുമായി പരമോന്നത നീതി പീഠം

ന്യൂഡല്‍ഹി: പൊന്നാനിയിലെ പീഡന പരാതിയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ കേരളത്തിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ്. സുജിത് ദാസിനും സംഘത്തിനും സുപ്രീംകോടതിയില്‍ നിന്ന് നിര്‍ണ്ണായക വിജയം. അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം മജിസ്ട്രേട്ട് കോടതിക്കുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള പരമോന്നത കോടതിയുടെ ഈ നിരീക്ഷണം, സുജിത് ദാസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന പോലീസ് റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ വഴിതുറക്കുന്നതാണ്. ഇതോടെ പരാതിയിലെ നിയമപരമായ തടസ്സങ്ങള്‍ നീങ്ങുകയും ഉദ്യോഗസ്ഥര്‍ക്ക് വലിയ ആശ്വാസം ലഭിക്കുകയും ചെയ്തു. മുട്ടില്‍ മരംമുറിക്കേസ് അന്വേഷിച്ചതിന്റെ പക തീര്‍ക്കാന്‍ തൃശൂര്‍ ഡി.വൈ.എസ്.പി വി.വി. ബെന്നി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടന്ന ഗൂഢാലോചനയാണ് ഈ പീഡന പരാതിയെന്ന വാദത്തിന് സുപ്രീംകോടതി വിധി കരുത്തുപകരും.
പൊന്നാനി സ്വദേശിയായ യുവതി ഉന്നയിച്ച ബലാത്സംഗ പരാതി വ്യാജമാണെന്ന് നേരത്തെ തന്നെ സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പരാതിക്കാരിയുടെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്കനുസരിച്ച് അന്വേഷണം നടക്കാത്തതിലുള്ള വിരോധമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും, ഒരു പ്രത്യേക വാര്‍ത്താ ചാനല്‍ വഴി തന്നെയും മറ്റ് ഉദ്യോഗസ്ഥരെയും തേജോവധം ചെയ്യുകയാണെന്നും വി.വി. ബെന്നി ആരോപിച്ചിരുന്നു. മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാരെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരം തീര്‍ക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവി നടത്തിയ നീക്കമാണിതെന്നാണ് പോലീസിന്റെ പക്ഷം.
പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് വിവാദമായ ഈ കേസില്‍, സുജിത് ദാസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമുള്ള യുവതിയുടെ മൊഴികള്‍ പോലീസ് അന്വേഷണത്തില്‍ തന്നെ തള്ളപ്പെട്ടവയാണ്. പീഡന പരാതിയുമായി വന്ന യുവതിയെ ഉദ്യോഗസ്ഥര്‍ ഉപദ്രവിച്ചു എന്ന ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള തിരക്കഥയാണെന്ന് പോലീസ് വൃത്തങ്ങള്‍ ആവര്‍ത്തിക്കുന്നു.
ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചതോടെ, പോലീസ് സമര്‍പ്പിച്ച ശാസ്ത്രീയമായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാന്‍ മജിസ്ട്രേട്ട് കോടതിക്ക് ഇനി തടസ്സമില്ല. ഇത് സുജിത് ദാസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഗൂഢാലോചനകള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.