അമേരിക്ക-ഇറാൻ സൈനിക ഏറ്റുമുട്ടൽ അതിതീവ്രം; പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിൽ

വാഷിംഗ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയെ വീണ്ടും ഭീതിയുടെ മുൾമുനയിൽ നിർത്തി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ അതിതീവ്രമായി തുടരുന്നു. താൽക്കാലിക വെടിനിർത്തൽ ധാരണകൾ പൂർണ്ണമായും ലംഘിക്കപ്പെട്ടതോടെയാണ് മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം വീണ്ടും രൂക്ഷമായിരിക്കുന്നത്.

ഹോർമുസ് കടലിടുക്കിനും തെക്കൻ തീരപ്രദേശങ്ങൾക്കും സമീപമുള്ള ഇറാന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, വ്യോമപ്രതിരോധ നിരകൾ എന്നിവ ലക്ഷ്യമിട്ട് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വൻതോതിലുള്ള വ്യോമാക്രമണമാണ് നടത്തിവരുന്നത്. ദക്ഷിണ ഇറാനിലെ വിവിധ പ്രവിശ്യകളിൽ അമേരിക്ക നടത്തിയ ശക്തമായ ബോംബാക്രമണങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾക്കും ആശയവിനിമയ ഗോപുരങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന വിവിധ അയൽരാജ്യങ്ങളിലേക്ക് ഇറാനും തിരിച്ചടി അതിശക്തമാക്കി. കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. യുഎസിന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളും ആക്രമണങ്ങളും തുടരുകയാണെങ്കിൽ മിഡിൽ ഈസ്റ്റിലെ മുഴുവൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് പൂർണ്ണതോതിലുള്ള പ്രത്യാക്രമണത്തിലേക്ക് കടക്കുമെന്ന കടുത്ത മുന്നറിയിപ്പാണ് ഇറാൻ ഭരണകൂടം നൽകിയിരിക്കുന്നത്.

ഇറാൻ ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ പാലങ്ങളും വൈദ്യുത നിലയങ്ങളും അടക്കമുള്ള സുപ്രധാന മേഖലകൾ തകർക്കുമെന്ന കടുത്ത നിലപാടിലാണ് ട്രംപ് ഭരണകൂടം. ഇതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുകയും ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണങ്ങളുണ്ടാകുകയും ചെയ്തതോടെ അന്താരാഷ്ട്ര തലത്തിൽ എണ്ണ വ്യാപാരവും വൻ പ്രതിസന്ധിയിലായിരിക്കുകയാണ്. ലോകത്തെ ഭീതിയിലാഴ്ത്തി ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം കടുക്കുന്നത് ആഗോളതലത്തിൽ ഗുരുതരമായ സാമ്പത്തിക-സുരക്ഷാ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.