വാഷിംഗ്ടൺ ഡിസി / ടെൽ അവീവ്: പശ്ചിമേഷ്യയെ വീണ്ടും ഭീതിയുടെ നിഴലിലാഴ്ത്തി ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടേക്കുമെന്ന് സൂചന. ഇതിന്റെ ആദ്യപടിയായി ഇസ്രയേലിലേക്ക് ഡസൻകണക്കിന് അത്യാധുനിക ഇന്ധനം നിറയ്ക്കുന്ന യുദ്ധവിമാനങ്ങൾ അമേരിക്ക അയച്ചതായി പ്രമുഖ അന്താരാഷ്ട്ര വാർത്താ മാധ്യമമായ അക്സിയോസ് റിപ്പോർട്ട് ചെയ്തു. ഇറാനിലെ തന്ത്രപ്രധാനമായ ഊർജ്ജനിലയങ്ങളും അതീവ സുരക്ഷിതമായ ഭൂഗർഭ ആണവകേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള വ്യോമാക്രമണ സാധ്യതകളെക്കുറിച്ചാണ് വൈറ്റ് ഹൗസിൽ ചേർന്ന ഉന്നതതല യോഗം ചർച്ച ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
: വെനസ്വേലയെ തകർത്ത് ഇരട്ട ഭൂചലനം; 235 മരണം, നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തിൽ നടുങ്ങി രാജ്യം
ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള ഉപരോധങ്ങൾ അവസാനിപ്പിക്കാനും ആണവ കരാർ വിഷയത്തിൽ തന്റെ കർശനമായ നിബന്ധനകൾ അംഗീകരിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഡൊണാൾഡ് ട്രംപ് തന്റെ പുതിയ പശ്ചിമേഷ്യൻ നയം രൂപീകരിച്ചിരിക്കുന്നത്. ഇതിനകം തന്നെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ തുടങ്ങിയ പ്രമുഖരുമായി ട്രംപ് അടുത്ത നീക്കങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്.
അതേസമയം, അമേരിക്കയുടെയും ഇസ്രയേലിന്റെയും നീക്കങ്ങൾക്ക് കടുത്ത ഭാഷയിലാണ് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാനെ സാമ്പത്തികമായി തകർക്കുക എന്ന ലക്ഷ്യത്തോടെ പശ്ചിമേഷ്യൻ കടൽ മേഖലയിൽ പട്രോളിംഗ് നടത്തുന്ന യുഎസ് നാവികസേനയുടെ ഓരോ ചലനങ്ങളും തങ്ങളുടെ കൃത്യമായ നിരീക്ഷണത്തിലാണെന്ന് ഇറാന്റെ നാവികസേനാ കമാൻഡ് വ്യക്തമാക്കി. യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) നാവിക യൂണിറ്റുകൾക്കെതിരായ സൈനിക നടപടിയുടെ അന്തിമ സമയം അഥവാ ‘സീറോ അവർ’ വളരെ അടുത്തുകഴിഞ്ഞെന്നും, വരും ദിവസങ്ങളിൽ ഇതിന്റെ പ്രത്യാഘാതം ലോകം കാണുമെന്നുമാണ് ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ പുറത്തുവിട്ട പ്രസ്താവനയിലൂടെ അവർ ഭീഷണി മുഴക്കുന്നത്.
ഹോർമുസ് കടലിടുക്ക് തുറന്നു: നിയന്ത്രണങ്ങളോടെ കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നു, ആഗോള എണ്ണവിപണിയിൽ ആശ്വാസം
ഇറാന്റെ ഭാഗത്തുനിന്നുണ്ടാകാൻ സാധ്യതയുള്ള ശക്തമായ പ്രത്യാക്രമണങ്ങളെ പ്രതിരോധിക്കാൻ ഇസ്രയേലിലെ അതീവ സുരക്ഷിതമായ ബെൻ ഗുരിയൻ അന്താരാഷ്ട്ര വിമാനാവളം കേന്ദ്രീകരിച്ചാണ് അമേരിക്ക തങ്ങളുടെ റീഫ്യൂവലിംഗ് വിമാനങ്ങൾ വൻതോതിൽ വിന്യസിക്കുന്നത്. ഇറാന്റെ ആക്രമണ പരിധിയിൽ നിന്ന് മാറിനിൽക്കാൻ മറ്റ് പ്രാദേശിക വ്യോമതാവളങ്ങളേക്കാൾ സുരക്ഷിതം ബെൻ ഗുരിയൻ ആണെന്നാണ് യുഎസ് വിലയിരുത്തൽ. നിലവിൽ ഇസ്രയേലിലെ ബെൻ ഗുരിയൻ, റാമോൺ വിമാനത്താവളങ്ങളിലായി അറുപതോളം അമേരിക്കൻ സൈനിക വിമാനങ്ങൾ അടിയന്തിര സാഹചര്യം നേരിടാൻ സജ്ജമായി നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന പുതിയ പ്രതിരോധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടുമൊരു വൻ യുദ്ധത്തിനുള്ള കളം ഒരുങ്ങുകയാണെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.







