മാവേലിക്കര : പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ അന്വേഷണ സംഘത്തോട് പൂര്‍ണ്ണമായും നിസ്സഹകരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അറസ്റ്റ് നടപടികള്‍ സാക്ഷ്യപ്പെടുത്തുന്ന ഔദ്യോഗിക രേഖകളില്‍ ഒപ്പിടാന്‍ അദ്ദേഹം വിസമ്മതിച്ചതോടെ, പ്രത്യേക അന്വേഷണ സംഘം അത്യപൂര്‍വ്വമായ നിയമനടപടികളിലേക്ക് കടന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തയ്യാറാക്കിയ അറസ്റ്റ് മെമ്മോ, ഇന്സ്പെക്ഷന് മെമ്മോ എന്നിവയില്‍ ഒപ്പിടാന്‍ രാഹുല്‍ തയ്യാറായില്ല. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങാത്തതിനെ തുടര്‍ന്ന്, ഗസറ്റഡ് ഉദ്യോഗസ്ഥരെ സാക്ഷികളാക്കി രാഹുലിന്റെ നിസ്സഹകരണം രേഖപ്പെടുത്തി അന്വേഷണ സംഘം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
മാവേലിക്കര സബ് ജയിലില്‍ കഴിഞ്ഞിരുന്ന രാഹുലിനെ ഇന്ന് രാവിലെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു. പരിശോധനകള്‍ക്ക് ശേഷം അദ്ദേഹത്തെ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. രാഹുലിന്റെ അറസ്റ്റ് വിവരം ബന്ധുക്കളെ അറിയിച്ചതായി അന്വേഷണ സംഘം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
അയ്യപ്പ സംഗമത്തിലെ സ്പോൺസർഷിപ്പ് വിവാദത്തിൽ; ദേവസ്വം ബോർഡും മന്ത്രിയും രണ്ട് തട്ടിൽ? നിയമസഭയിൽ വെളിപ്പെടുത്തൽ
രാഹുലിനെ 7 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് എസ്.ഐ.ടിയുടെ ആവശ്യം. 2019 മുതല്‍ കാനഡയില്‍ ജോലി ചെയ്യുന്ന യുവതി പീഡനത്തിന് ഇരയായതായി പറയുന്ന ഹോട്ടലില്‍ രാഹുലിനെ എത്തിച്ച് തെളിവെടുക്കണം.അതിജീവിതയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിക്കപ്പെടുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടതുണ്ട്. ഇത് കേസിലെ ഏറ്റവും നിര്‍ണ്ണായകമായ തൊണ്ടിമുതലാണ്.






