കൊച്ചി: കേരള പോലീസ് സേനയിലെ ഏറ്റവും കരുത്തുറ്റ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ശീതയുദ്ധത്തിന് നാടകീയമായ അന്ത്യം. മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കേരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പ് ചോദിച്ചുകൊണ്ട് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ രംഗത്തെത്തി. ചാനല്‍ അഭിമുഖത്തില്‍ തച്ചങ്കേരിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വിവാദമായതിന് പിന്നാലെയാണ് സ്വന്തം ഫേസ്ബുക്ക് പേജിലൂടെ അപ്രതീക്ഷിതമായ ഈ മാപ്പുപറച്ചില്‍ വീഡിയോ അവര്‍ പുറത്തുവിട്ടത്.
‘ഞാന്‍ മാപ്പ് ചോദിക്കുന്നു. ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പ് ചോദിക്കുന്നു. വിരമിച്ച ശേഷം ഒരു ശപഥം എടുത്തിരുന്നു, പഴയ കാര്യങ്ങളൊന്നും പറയില്ലെന്ന്. എന്നാല്‍ ആ ശപഥം ഞാന്‍ തെറ്റിച്ചു. അതുകൊണ്ട് ഒരു സഹോദരി എന്ന നിലയില്‍ ടോമിന്‍ എനിക്ക് മാപ്പ് തരണം,’ എന്നാണ് ശ്രീലേഖ വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചത്. വിരമിച്ച ശേഷവും ഇരുവരും തമ്മിലുള്ള പോര് മുറുകുമെന്ന് കരുതിയ മാധ്യമ ലോകത്തെയും പോലീസ് വൃത്തങ്ങളെയും ഒരേപോലെ അമ്പരപ്പിച്ചിരിക്കുകയാണ് ശ്രീലേഖയുടെ ഈ നീക്കം.
അഭിമുഖത്തിനിടയില്‍ പഴയ കാര്യങ്ങള്‍ പരാമര്‍ശിച്ചത് തന്റെ ശപഥം ലംഘിക്കുന്നതിന് തുല്യമായിപ്പോയി എന്ന തിരിച്ചറിവാണ് പരസ്യമായ മാപ്പുപറച്ചിലിലേക്ക് അവരെ നയിച്ചത്. ആവേശത്തിന്റെ പുറത്തോ വൈരാഗ്യബുദ്ധിയാലോ പഴയ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞത് തെറ്റായിപ്പോയെന്നും മറുനാടനിലെ ആ ഒഴുക്കില്‍ അറിയാതെ പലതും പറഞ്ഞുപോയതാണെന്നും ശ്രീലേഖ സമ്മതിക്കുന്നു. ഇന്ന് തച്ചങ്കേരി തന്റെ അടുത്ത കുടുംബസുഹൃത്താണെന്നും മുന്‍പുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം നേരത്തെ തന്നെ പറഞ്ഞുതീര്‍ത്തതാണെന്നും അവര്‍ വെളിപ്പെടുത്തി.
സര്‍വീസിലിരുന്ന കാലം മുതല്‍ക്കേ തച്ചങ്കേരിയും ശ്രീലേഖയും തമ്മിലുള്ള ഭിന്നത പരസ്യമായിരുന്നു. തച്ചങ്കേരി തന്നെ നിരന്തരം വേട്ടയാടുന്നുവെന്നും തന്റെ ഔദ്യോഗിക ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് ശ്രീലേഖ മുന്‍പ് വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ വിരമിച്ച ശേഷം എല്ലാ കൈപ്പേറിയ ഓര്‍മ്മകളും മായ്ച്ചുകളയാന്‍ ആഗ്രഹിക്കുന്നുവെന്നും തച്ചങ്കേരിയുമായുള്ള സൗഹൃദം നിലനിര്‍ത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കുന്ന തരത്തിലാണ് മാപ്പു പറച്ചില്‍.
ഈ അപ്രതീക്ഷിത അനുരഞ്ജനം കേരളത്തിലെ ഐപിഎസ് വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഇഗോ മാറ്റിവെച്ച് ഒരു സഹോദരി എന്ന നിലയില്‍ ക്ഷമ ചോദിച്ച ശ്രീലേഖയുടെ നടപടിയെ സോഷ്യല്‍ മീഡിയയില്‍ വലിയൊരു വിഭാഗം പ്രശംസിക്കുന്നു. പതിറ്റാണ്ടുകളായി കേരള പോലീസിനെ പിടിച്ചുലച്ച ഒരു വലിയ വിഭാഗീയതയ്ക്കാണ് ഈ മാപ്പുപറച്ചിലിലൂടെ ഇപ്പോള്‍ തിരശ്ശീല വീഴുന്നത്. തച്ചങ്കേരിയെ അധിക്ഷേപിച്ചതിലുള്ള ഖേദം പ്രകടിപ്പിച്ചതോടെ വിരമിച്ച ശേഷമുള്ള അവരുടെ സൗഹൃദത്തിന് പുതിയൊരു തലം കൈവന്നിരിക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ചൈത്ര തെരേസാ ജോണ്‍ മലപ്പുറം പോലീസ് ചീഫ്; 9 പുതിയ ഐപിഎസുകാര്‍ക്കും നിയമനം; ഐപിഎസ് തലത്തിലെ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ





