രാഹുലിന്റെ അയോഗ്യത: എടുപിടിയെന്ന തിരുമാനം തിരിച്ചടിയാകുമോയെന്ന് ആശങ്ക; തീരുമാനത്തെ എതിര്‍ത്ത് പ്രതിപക്ഷം

തിരുവനന്തപുരം: ലൈംഗീക പീഢനകേസില്‍ പ്രതിയായി അറസ്റ്റിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിനെ ധൃതിപിടിച്ച് അയോഗ്യനാക്കാനുള്ള നീക്കത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു. നിയമസഭയുടെ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ട് ഇത്തരം ഒരു നടപടിയിലേയ്ക്ക് പോകുന്നതിനുള്ള ശ്രമമാണ് ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. രാഹുലിനെതിരായ പാര്‍ട്ടി നടപടി നിലനിര്‍ത്തികൊണ്ടുതന്നെ ഇതിലുള്ള പ്രതിഷേധം പ്രതിപക്ഷം സ്പീക്കറെ നേരിട്ട് അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മൂന്ന് വനിതകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുക മാത്രമല്ല, അറസ്റ്റിലാകുകയും കോടതിയില്‍ നിന്ന് വളരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ വരെ ഏറ്റുവാങ്ങുകയും ചെയ്തതാണ് രാഹുല്‍ മാങ്കൂട്ടം. അതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭയുടെ പെരുമാറ്റചട്ടങ്ങളുടെ ലംഘനം ആരോപിച്ചുകൊണ്ട് ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം അംഗമായ ഡി.കെ. മുരളി സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.
സ്പീക്കര്‍ ആ പരാതി നിയമസഭയുടെ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് നല്‍കിയിരുന്നു. അവര്‍ ഇന്ന് യോഗം ചേര്‍ന്ന് പരാതിക്കാരനായ ഡി.കെ. മുരളിയില്‍ നിന്നും മൊഴിയെടുത്ത് ശിപാര്‍ശ സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇത് സമിതിയുടെ പ്രവര്‍ത്തനത്തം സംബന്ധിച്ച കീഴ്‌വഴക്കങ്ങളുടെ പൂര്‍ണ്ണമായ ലംഘനമാണ്.
പ്രിവിലജ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് ഒരു പരാതി ലഭിച്ചുകഴിഞ്ഞാല്‍ അതില്‍ പരാതിക്കാരന്റേയും ആരോപണ വിധേയന്റേയും മാത്രമല്ല, ആ പരാതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെയുമൊക്കെ മൊഴി എടുത്ത് സംഭവത്തെക്കുറിച്ച് സമിതിക്ക് ബോദ്ധ്യമുണ്ടായശേഷം മാത്രമേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാറുള്ളു. അവസാനമായി രണ്ടു പ്രിവിലേജ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ വന്നത് പി.സി. ജോര്‍ജിന് എതിരായിട്ടായിരുന്നു. ഒന്ന് മാണികോണ്‍ഗ്രസിലായിരുന്നപ്പോള്‍ അദ്ദേഹം പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ പരസ്യമായി ലംഘിച്ചുകൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അന്നത്തെ ആര്യനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കെ.എം. മാണിയുടെ പാര്‍ട്ടി നല്‍കിയ പരാതിയാണ്. മറ്റൊന്ന് കന്യാസ്ത്രീമാര്‍ക്കെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു.
ഈ രണ്ടു പരാതികളിലും നടപടി വളരെ നീണ്ടതായിരുന്നു. ബന്ധപ്പെട്ട എല്ലാവരുടേയും പരാതികള്‍ പരിഗണിച്ച് അവരുടെ അഭിപ്രായം കേട്ടശേഷമാണ് തീരുമാനത്തിലേയക്ക് പോയത്. എന്നിട്ടുതന്നെ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ ലംഘിച്ചുവെന്ന കേസില്‍ സഭ കൈകൊണ്ട തീരുമാനത്തെ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടം സഭയുടെ പെരുമാറ്റചട്ടം ലംഘിച്ചുവെന്നത് ഇപ്പോള്‍ ഒരു കോടതി മുഖേന തെളിയിക്കപ്പെട്ടിട്ടില്ല, സഭാ സമിതിക്കും അത് തെളിയിക്കാനായിട്ടില്ല. ആ പശ്ചാത്തലത്തില്‍ പരാതിക്കാരനെ മാത്രം കേട്ടുകൊണ്ടുള്ള തീരുമാനം തിരിച്ചടിയാകുമെന്ന അഭിപ്രായം ഇടതുമുന്നണിയിലുമുണ്ട്. രാഹുല്‍ പൊതുസമൂഹത്തിന് മുന്നില്‍ കുറ്റവാളിയാണെങ്കിലും നിയമംവഴി അത് തെളിയിക്കപ്പെടുന്നതുവരെ നടപടിക്രമങ്ങള്‍ പാലിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നതാണ് നിയമജ്ഞരും നല്‍കുന്ന സൂചനകള്‍.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.