ശബരിമലയിലെ ഹെലികോപ്റ്റര്‍ വിവാദം: ഡി.ജി.സി.എ ഡേറ്റകള്‍ നിര്‍ണായകം; അപ്രത്യക്ഷമാകാതിരിക്കാന്‍ ജാഗ്രതയോടെ പോലീസ്, അന്വേഷണം തുടരും

പത്തനംതിട്ട/കൊച്ചി: ശബരിമല ക്ഷേത്രത്തിന് മുകളില്‍ അതീവ സുരക്ഷാമേഖലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്ന സംഭവത്തില്‍, വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡി.ജി.സി.എ.) നിന്നുള്ള ഡേറ്റകള്‍ക്കായി കേരള പോലീസ് കാത്തിരിപ്പ് തുടരുന്നു. കേസ് അന്വേഷണത്തില്‍ ഏറ്റവും നിര്‍ണായകമായത് ഡി.ജി.സി.എ കണ്‍ട്രോള്‍ റൂമുകളില്‍ നിന്നുള്ള ഡിജിറ്റല്‍ വിവരങ്ങളായതിനാല്‍, ഇവ അപ്രത്യക്ഷമാകാതിരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച് പമ്പാ പോലീസ് ഡി.ജി.സി.എയ്ക്ക് കത്തയച്ചു.
കോസ്റ്റ് ഗാര്‍ഡിന്റെ വിശദീകരണത്തെ തുടര്‍ന്ന് ഹൈക്കോടതി ഈ വിഷയത്തിലുള്ള കേസ് അവസാനിപ്പിച്ചിരുന്നെങ്കിലും, സുരക്ഷാവീഴ്ച മുന്‍നിര്‍ത്തി രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുമായി ശക്തമായി മുന്നോട്ടുനീങ്ങാനാണ് കേരള പോലീസിന്റെ തീരുമാനം. ഇതിനിടെ സംഭവത്തില്‍ ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്ക് മാറ്റിയെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഡി.ജി.സി.എയില്‍ നിന്ന് ആദ്യഘട്ടത്തില്‍ കൃത്യമായ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പമ്പാ പോലീസ് വീണ്ടും കത്തയക്കുകയായിരുന്നു. വിമാനം പറന്ന കൃത്യമായ ഉയരം, ലൊക്കേഷന്‍ വിവരങ്ങള്‍, എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള ആശയവിനിമയങ്ങള്‍ എന്നിവയടങ്ങിയ ഡേറ്റകള്‍ കേസ് തെളിയിക്കുന്നതില്‍ പ്രധാനമാണ്. ഇത്തരം ഡിജിറ്റല്‍ ഡേറ്റകള്‍ നിശ്ചിത സമയപരിധിക്ക് ശേഷം ഡിലീറ്റ് ചെയ്യപ്പെടാനോ ഓവര്‍റൈറ്റ് ചെയ്യപ്പെടാനോ സാധ്യതയുള്ളതിനാലാണ് അവ അപ്രത്യക്ഷമാകാതിരിക്കാനുള്ള നടപടി വേണമെന്ന് പോലീസ് കത്തില്‍ പ്രത്യേകം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിവരങ്ങള്‍ വൈകാതെ തന്നെ ലഭ്യമാകുമെന്നാണ് പോലീസ് കേന്ദ്രങ്ങളുടെ പ്രതീക്ഷ.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍, ഡി.ജി.സി.എ. എന്നിവിടങ്ങളിലെ കൃത്യമായ സാങ്കേതിക വിവരങ്ങളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ച ശേഷം മാത്രം കോസ്റ്റ് ഗാര്‍ഡിനെ ഔദ്യോഗികമായി സമീപിക്കാനാണ് പോലീസിന്റെ നീക്കം. നിലവില്‍ കോസ്റ്റ് ഗാര്‍ഡ് അധികൃതരോട് പോലീസ് വിവരങ്ങള്‍ നേരിട്ട് തിരക്കിയിട്ടില്ല. അതിനിടെ, വിവാദത്തിലകപ്പെട്ട കോസ്റ്റ്ഗാര്‍ഡിന്റെ ‘സി.ജി. 821’ ഹെലികോപ്റ്റര്‍ കൊച്ചി സ്‌ക്വാഡ്രണില്‍നിന്ന് ചെന്നൈയിലേക്ക് മാറ്റിയതായി വിവരമുണ്ട്. പോലീസ് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടയിലാണ് ഈ മാറ്റമെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇത് എയര്‍ക്രാഫ്റ്റുകളുടെ പതിവ് മെയിന്റനന്‍സ് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നാണ് ഡിഫന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയുടെ സുരക്ഷ കണക്കിലെടുത്ത് ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കടുത്ത ജാഗ്രതയിലാണ് ആഭ്യന്തര വകുപ്പ്. കോപ്റ്റര്‍ താഴ്ന്നുപറന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനും രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കഴിഞ്ഞയാഴ്ച പമ്പയിലും സന്നിധാനത്തുമായി നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സിന്റെ (ചടഏ) നേതൃത്വത്തില്‍ കനത്ത സുരക്ഷാ മോക്ഡ്രില്‍ സംഘടിപ്പിച്ചത്.
കഴിഞ്ഞ ഏപ്രില്‍ 23-ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സന്നിധാനത്തെ ആശങ്കയിലാഴ്ത്തിയ സംഭവം നടന്നത്. സന്നിധാനത്തിന് തൊട്ടുമുകളിലായി താഴ്ന്നുപറന്ന ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന് മുകളില്‍ കുറച്ചുസമയം നിശ്ചലമായി (ഒീ്‌ലൃശിഴ) നില്‍ക്കുകയും, അതിലുണ്ടായിരുന്നവര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പമ്പാ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. ഡി.ജി.സി.എയില്‍ നിന്നുള്ള ശാസ്ത്രീയ വിവരങ്ങള്‍ പുറത്തുവരുന്നതോടെ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകുമെന്നാണ് കരുതുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.