കണ്ണൂര്‍: കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സി.പി.എമ്മില്‍ വലിയ അഴിച്ചുപണികള്‍ ഉണ്ടാകുമെന്ന പ്രവചനങ്ങള്‍ അസ്ഥാനത്താക്കി പാര്‍ട്ടിയില്‍ ‘പിണറായി യുഗം’ തന്നെ തുടരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയന് മാറുമ്പോള്‍, അത് കേവലം ഒരു പദവി മാറ്റമല്ല, മറിച്ച് പാര്‍ട്ടിക്ക് മേലുള്ള തന്റെ പിടിമുറുക്കല്‍ കൂടിയാണെന്ന് വ്യക്തമാകുന്നു. കേന്ദ്ര നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറിയായി എം.എ. ബേബി എത്തിയേക്കുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെ, കേരളത്തില്‍ ബേബിക്ക് യാതൊരു സ്വാധീനവുമില്ലെന്ന് തെളിയിക്കുക കൂടിയാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം.
ഭരണവിരുദ്ധ വികാരവും കനത്ത തോല്‍വിയും ചര്‍ച്ചയാകുമ്പോഴും പാര്‍ട്ടിയില്‍ പുതിയൊരു നേതൃത്വം ഉടന്‍ ഉണ്ടാകാനിടയില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. അടുത്ത അഞ്ചു വര്‍ഷവും പിണറായി വിജയന് തന്നെയാകും പാര്‍ട്ടിയുടെ അവസാന വാക്ക്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എം.വി ഗോവിന്ദനും തുടരും. തോല്‍വിയിലെ ‘കൂട്ടുത്തരവാദിത്തം’ എന്ന വാദം ഉയര്‍ത്തുന്നതിലൂടെ വ്യക്തിപരമായി പിണറായിക്ക് നേരെ ഉയരാവുന്ന വിമര്‍ശനങ്ങളുടെ കൂര്‍ത്ത മുനകള്‍ ഒടിക്കാനാണ് ഗോവിന്ദനും പിണറായിയും ലക്ഷ്യമിടുന്നത്. ഇത് ഇരുവരുടെയും പദവികള്‍ക്ക് കൂടുതല്‍ സുരക്ഷ നല്കുന്നു.
ഭാവി മുഖ്യമന്ത്രി എന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടപ്പെട്ട കെ.എന്‍. ബാലഗോപാലിന്റെ രാഷ്ട്രീയ സാധ്യതകള്‍ക്ക് ഈ നീക്കം വലിയ തിരിച്ചടിയാണ്. പിണറായി വിജയന് പ്രതിപക്ഷ നേതാവായി സഭയില്‍ തുടരുന്നതോടെ അടുത്ത അഞ്ചു വര്‍ഷത്തേക്ക് പാര്‍ലമെന്ററി രംഗത്ത് മറ്റൊരു നേതാവ് വളര്‍ന്നു വരാനുള്ള സാഹചര്യം ഇല്ലാതാകും. ഇതോടെ പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും കണ്ണൂര്‍ ആധിപത്യം ചോദ്യം ചെയ്യപ്പെടാതെ തുടരും.
കേന്ദ്രത്തില്‍ ജനറല്‍ സെക്രട്ടറിയായാലും കേരള ഘടകത്തില്‍ എം.എ. ബേബിക്ക് സ്വാധീനമുണ്ടാകില്ലെന്ന് ഉറപ്പിക്കാന്‍ പിണറായിയുടെ സജീവ സാന്നിധ്യം സഹായിക്കും. പരാജയത്തിന്റെ ഭാരം എല്ലാവരിലും തുല്യമായി വീതം വെക്കുന്നതിലൂടെ പിണറായിയുടെ നേതൃത്വത്തിന് നേരെ വിരല്‍ ചൂണ്ടാനുള്ള സാഹചര്യം ഒഴിവാക്കപ്പെടുന്നു. കണ്ണൂരില്‍ നിന്നുള്ള ഈ രണ്ടു നേതാക്കളും ചേര്‍ന്ന് പാര്‍ട്ടി സംവിധാനത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന രീതി വരും വര്‍ഷങ്ങളിലും തുടരും.
പയ്യന്നൂരും തളിപ്പറമ്പും ഉള്‍പ്പെടെയുള്ള പാര്‍ട്ടി കോട്ടകള്‍ തകര്‍ന്നടിഞ്ഞ പശ്ചാത്തലത്തില്‍, പാര്‍ട്ടിയെ വീഴ്ചകളില്‍ നിന്ന് കരകയറ്റാനെന്ന പേരില്‍ പിണറായി വിജയന് നടത്തുന്ന ഇടപെടലുകള്‍ യഥാര്‍ത്ഥത്തില്‍ പുതിയ നേതൃനിര വളര്‍ന്നു വരുന്നത് തടയാനുള്ളതാണെന്ന വിമര്‍ശനം പാര്‍ട്ടിയിലെ ഒരു വിഭാഗം രഹസ്യമായി പങ്കുവെക്കുന്നുണ്ട്. എന്തായാലും സഭയ്ക്കകത്ത് പിണറായിയും സഭയ്ക്ക് പുറത്ത് എം.വി ഗോവിന്ദനും നയിക്കുന്ന ഇരട്ടക്കുഴല്‍ തോക്കായി സി.പി.എം വരും ദിവസങ്ങളില്‍ മാറും.
സണ്ണി ജോസഫും കെ.സി വേണുഗോപാലും വി. മുരളീധരനും ഉള്‍പ്പെടുന്ന കരുത്തുറ്റ നിരയെ നേരിടാന്‍ പിണറായിയുടെ തന്നെ അനുഭവസമ്പത്ത് വേണമെന്ന വാദമുയര്‍ത്തിയാണ് ഈ കരുനീക്കങ്ങള്‍ നടക്കുന്നത്. ചുരുക്കത്തില്‍, പരാജയത്തിലും തളരാതെ സിപിഎമ്മിലെ പിണറായി യുഗം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്.


തിരുത്തല്‍ വാദികള്‍ക്കെതിരെ സിപിഎമ്മില്‍ ‘ചാട്ടവാര്‍’; ഹസ്കറിന് പാര്‍ട്ടി താക്കീത്, റെജി ലൂക്കോസ് ബിജെപിയില്‍; മുഖ്യമന്ത്രിയെ വിമര്‍ശിച്ചതില്‍ വിട്ടുവീഴ്ചയില്ലെന്ന് ഹസ്കര്‍; സിപിഎം ഞെട്ടലില്‍
വൈദ്യുതി ബില്ലിൽ സർക്കാർ പരസ്യം; കെഎസ്ഇബിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി




