ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സിപഎമ്മില്‍ അസാധാരണമായ അധികാരത്തര്‍ക്കങ്ങളും നാടകീയ നീക്കങ്ങളും മുറുകുന്നു. പിണറായി വിജയന് നിയമസഭയില്‍ പ്രതിപക്ഷനേതാവാകട്ടെയെന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ കേന്ദ്ര നേതൃത്വത്തില്‍ കടുത്ത ഭിന്നതയ്ക്ക് വഴിവെച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന അവെയ്ലബിള് പൊളിറ്റ്ബ്യൂറോ (പിബി) ഈ നിര്‍ദ്ദേശം തള്ളിയതോടെയാണ് അടിയന്തരമായി ഓണ്‍ലൈന്‍ വഴി പൂര്‍ണ്ണ പിബി യോഗം വിളിച്ചുചേര്‍ത്തത്. ഒടുവില്‍ വോട്ടെടുപ്പിലേക്ക് നീങ്ങിയ നാടകീയമായ യോഗത്തില്‍ കേവലം മൂന്ന് വോട്ടുകളുടെ മാത്രം നേരിയ ഭൂരിപക്ഷത്തിലാണ് (10-7) പിണറായിക്ക് പ്രതിപക്ഷനേതൃ പദവിയിലേക്കുള്ള വഴി തുറന്നത്. എ കെ ജി സെന്ററില്‍ നിന്നുള്ള കല്പനകള് ഡല്‍ഹിയിലെ കേന്ദ്ര കമ്മിറ്റി ഓഫീസായ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഭവനില്‍ ചോദ്യം ചെയ്യപ്പെടുന്ന പുതിയ രാഷ്ട്രീയ ചിത്രമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
പൂര്‍ണ്ണ പിബി യോഗത്തില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ അടിയന്തര ഇടപെടലാണ് പിണറായിക്ക് തുണയായത്. മലയാളികളായ എം.എ. ബേബി, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, എ. വിജയരാഘവന് എന്നിവരുടെയും പിണറായി വിജയന്റെ സ്വന്തം വോട്ടും ഒന്നുപോലെ പെട്ടിയില്‍ വീണില്ലായിരുന്നുവെങ്കില്‍ ക്യാപ്റ്റന്‍ പ്രതിപക്ഷനേതാവെന്ന പദവി നഷ്ടമാകുമായിരുന്നു. എന്നാല്‍, ഈ നീക്കത്തില്‍ കേരളത്തില്‍ നിന്നുള്ള മറ്റൊരു പിബി അംഗമായ വിജു കൃഷ്ണന് വിയോജിപ്പ് രേഖപ്പെടുത്തി എന്നത് പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കം എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നു. ആകെ 18 അംഗങ്ങളുള്ള പിബിയില്‍ യു. വാസുകി യോഗത്തില്‍ നിന്ന് വിട്ടുനിന്നു.
കഴിഞ്ഞ പിബി യോഗത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും ന്യായവാദങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ബംഗാള്‍ ഘടകം ഇത്തവണ നിലപാട് മാറ്റിയത് രാഷ്ട്രീയ വൃത്തങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ബംഗാളില്‍ നിന്നുള്ള തപന്‍ സെന്‍, മുഹമ്മദ് സലിം, രാമചന്ദ്ര ഡോം എന്നിവരും തമിഴ്നാട്ടില്‍ നിന്നുള്ള കെ. ബാലകൃഷ്ണന്, രാജസ്ഥാനില്‍ നിന്നുള്ള അമ്രാറാം, ശ്രീദീപ് ഭട്ടാചാര്യ എന്നിവരും ഇക്കുറി പിണറായിക്ക് അനുകൂലമായി നിലകൊണ്ടു. അതേസമയം വിജു കൃഷ്ണനൊപ്പം ബി.വി. രാഘവലു, നീലോത്പല്‍ ബസു, അശോക് ധാവ്ളെ, ജിതേന്‍ ചൗധരി, മറിയം ധാവ്ളെ, ആര്. അരുണ്‍കുമാര്‍ എന്നിവര്‍ പിണറായി തുടരുന്നതിനെ ശക്തമായി എതിര്‍ത്ത് വോട്ട് ചെയ്തു.
പാര്‍ട്ടി ചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഈ വോട്ടിങ് ഭിന്നത വരാനിരിക്കുന്ന കേന്ദ്ര കമ്മിറ്റി (സിസി) യോഗത്തിലും വന്‍ കൊടുങ്കാറ്റായി മാറുമെന്നാണ് സൂചന. ഈ മാസം 22 മുതല്‍ 24 വരെ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കേരളത്തിലെ ജില്ലാ കമ്മിറ്റികളില്‍ നിന്ന് പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങള്‍ ഔദ്യോഗികമായി ചര്‍ച്ചയ്ക്ക് വരും. കേന്ദ്ര കമ്മിറ്റിയില്‍ അംഗങ്ങള്‍ക്ക് യാതൊരു ഭയവുമില്ലാതെ തുറന്നു സംസാരിക്കാന്‍ അവസരം നല്‍കണമെന്നും കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ അവരെ തടയാന്‍ ശ്രമിക്കരുതെന്നും ദേശീയ നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിവിധ ജില്ലാ കമ്മിറ്റികളില്‍ നിന്ന് ഉയര്‍ന്നുവന്ന താഴേത്തട്ടിലെ വിമര്‍ശനങ്ങള്‍ ക്രോഡീകരിച്ചുള്ള റിപ്പോര്‍ട്ടാകും കേന്ദ്ര കമ്മിറ്റിയുടെ മുന്പില് അവതരിപ്പിക്കുക. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം.വി. ഗോവിന്ദന് തന്നെ, താനുള്‍പ്പെടെയുള്ള സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളെയും ധാര്‍ഷ്ട്യത്തെയും കുറിച്ചുള്ള കടുത്ത വിമര്‍ശനങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് യോഗത്തില്‍ വായിക്കേണ്ടി വരും എന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിയില്‍ പരമാധികാരിയായിരുന്ന പിണറായി വിജയന് മേല്‍ കേന്ദ്ര നേതൃത്വത്തിന് കൃത്യമായ പിടിത്തം വീണുകഴിഞ്ഞു എന്നതിന്റെ തെളിവാണ് മൂന്ന് വോട്ടിന്റെ ഈ ‘അതിജീവന വിജയം’.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സോഷ്യൽ മീഡിയാ ‘വിചാരണ’ വിനയായി; ഷിംജിത മുസ്തഫയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം





