പാലക്കാട് 40 ഡിഗ്രി കടക്കും; ചൂട് താങ്ങാനാവാതെ മീനുകൾ ചത്തുപൊങ്ങി; വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ്; ജാഗ്രതാ നിർദേശം

പാലക്കാട്: കേരളത്തിൽ വേനൽച്ചൂട് അസഹനീയമാകുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തി. കൊച്ചിയിലും താപനില 37 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്നതോടെ നഗരജീവിതം ദുസഹമായിരിക്കുകയാണ്.

 കടുത്ത ചൂട് മനുഷ്യരെ മാത്രമല്ല മറ്റ് ജീവജാലങ്ങളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പാലക്കാട് സുമതി എന്ന കർഷക പാട്ടത്തിനെടുത്ത് വളർത്തിയിരുന്ന കുളത്തിലെ മത്സ്യങ്ങൾ വ്യാപകമായി ചത്തുപൊങ്ങി. ഉയർന്ന താപനിലയും വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതുമാണ് ഇതിന് കാരണമായത്. ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഈ കർഷകയ്ക്കുണ്ടായത്.

 ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിലെത്തി. ഇന്നലെ മാത്രം 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിൽ ഉപയോഗിച്ചത്. വൈദ്യുതി ആവശ്യകത 5,933 മെഗാവാട്ടിലെത്തി. ഇത് 6,000 മെഗാവാട്ട് മറികടന്നാൽ സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി നൽകുന്ന സൂചന.

അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നത് ശാരീരിക അസ്വസ്ഥതകൾ വർദ്ധിപ്പിക്കും.പകൽ സമയത്ത് കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഓൺലൈൻ ഡെലിവറി തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.

ചൂടിന് ആശ്വാസമായി ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഇടിമിന്നൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വനമേഖലയിൽ കാട്ടുതീ പടരാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികളും വനവാസികളും ജാഗ്രത പാലിക്കണം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.