കൊച്ചി: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ ആദ്യകാല അന്വേഷണ ഉദ്യോഗസ്ഥനും ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടറുമായ പി. രാധാകൃഷ്ണനെ സര്‍വീസില്‍നിന്ന് പുറത്താക്കിയത് തീര്‍ത്തും അസാധാരണം. സര്‍വീസ് ചട്ടങ്ങളിലെ സെക്ഷന്‍ 56 ജെ പ്രകാരം നിര്‍ബന്ധിത വിരമിക്കലിനാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഉത്തരവിട്ടത്. രാഷ്ട്രപതി ഉത്തരവില്‍ ഒപ്പിട്ടതോടെ നടപടി പ്രാബല്യത്തിലായി. നിലവില്‍ ജമ്മു കശ്മീരില്‍ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
വേട്ടക്കാരന് ഒടുവില്‍ ഇരയായി മാറിയിരിക്കുന്നു! സ്വര്‍ണ്ണക്കടത്ത് കേസിന്റെ തുടക്കത്തില്‍ സിംഹത്തെപ്പോലെ ഗര്‍ജിച്ച്, മുഖ്യമന്ത്രിയുടെ അതിശക്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ കൈകളില്‍ വിലങ്ങുവെച്ച അതേ ഉദ്യോഗസ്ഥന്, ഇതാ ഇപ്പോള്‍ നാണംകെട്ട് പടിയിറങ്ങുകയാണ്. കൈക്കൂലി ആരോപണവും വഴിവിട്ട ബന്ധങ്ങളും ഒടുവില്‍ ഒരു ഉദ്യോഗസ്ഥന്റെ കരിയര്‍ തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്.
അന്വേഷണ ഘട്ടത്തിലെ വഴിവിട്ട ഇടപെടലുകളും കൈക്കൂലി ആരോപണങ്ങളുമാണ് രാധാകൃഷ്ണനെതിരായ നടപടിക്ക് പിന്നിലെന്നാണ് സൂചന. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള സുപ്രധാന നടപടികള്‍ക്ക് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു. എന്നാല്‍ കേസ് പുരോഗമിക്കവെ, പ്രതികളുമായും മറ്റും ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന ഗുരുതരമായ ആക്ഷേപം ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നു. ബി.ജെ.പി. അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യമായി ഈ ആരോപണം ഉന്നയിച്ചിരുന്നു.
റെയ്ഡ് വിവരങ്ങള്‍ നേരത്തെ ചോര്‍ത്തി നല്കി എന്നതടക്കം ഭരണപരമായ വിഴ്ചകളും രാധാകൃഷ്ണനെ പ്രതിക്കൂട്ടിലാക്കി. കൊച്ചിയിലെ സേവനത്തിനിടെ ഉയര്‍ന്ന ആക്ഷേപങ്ങളെത്തുടര്‍ന്ന് ചെന്നൈയിലേക്ക് മാറ്റിയെങ്കിലും സ്വാധീനം ഉപയോഗിച്ച് വീണ്ടും കൊച്ചിയില്‍ തിരിച്ചെത്തുകയായിരുന്നു. ഇതിനിടയിലാണ് കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബു കൈക്കൂലി ആരോപണവുമായി രംഗത്തെത്തിയത്. ഈ പരാതിയില്‍ ഇ.ഡി. നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ രാധാകൃഷ്ണനെതിരെ തെളിവുകള്‍ ലഭിച്ചതായാണ് വിവരം.
നേരത്തെ തനിക്കെതിരെയുള്ള സ്ഥലംമാറ്റ നടപടിക്കെതിരെ രാധാകൃഷ്ണന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ (ഇഅഠ) സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നടപടികളില്‍ ഇടപെടാന്‍ ട്രിബ്യൂണല്‍ വിസമ്മതിച്ചു. ഇതോടെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സര്‍വീസില്‍നിന്ന് നീക്കാനുള്ള കേന്ദ്ര തീരുമാനമുണ്ടായത്.


ഹാട്രിക് പ്രതീക്ഷയില്‍ സിപിഎം ദേശീയ നേതൃത്വവും; എക്സിറ്റ് പോളുകളെ തള്ളി സിപിഎം; ഭരണത്തുടര്‍ച്ചയില്‍ ഉറച്ച പ്രതീക്ഷയോടെ ഇടതുമുന്നണി
ഹൈക്കോടതി പച്ചക്കൊടി കാട്ടി; 24 മണിക്കൂറിനകം ഇ.ഡിയുടെ പടയോട്ടം; ചോദ്യമുനയില്‍ പിണറായിയും മകളും; കരിമണല്‍ കേസില്‍ കളി മാറി; സ്റ്റേ നീങ്ങിയതിന് തൊട്ടുപിന്നാലെ മിന്നല്‍ റെയ്ഡ്; അരമണിക്കൂറിലെ സ്റ്റേ മാറ്റം, 24 മണിക്കൂറിലെ പൂട്ട്; പിണറായിയുടെയും റിയാസിന്റെയും വസതികളില്‍ ഇ.ഡി; രാഷ്ട്രീയ ഭൂകമ്പത്തില്‍ കേരളം





