തിരുവനന്തപുരം: ദേശീയപാത 66-ന്റെ വിവിധ റീച്ചുകളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെത്തുടർന്ന് ചടങ്ങ് ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതകളുടെ ഉദ്ഘാടന പരിപാടിയിൽ നിന്നാണ് മന്ത്രിയെ മാറ്റിനിർത്തിയത്. ഇതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കില്ല.
ദേശീയപാത നിർമ്മാണത്തിന്റെ നോഡൽ ഏജൻസിയായ പൊതുമരാമത്ത് വകുപ്പിന്റെ മന്ത്രിയെ ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന വിലയിരുത്തലിലാണ് സർക്കാർ. കേന്ദ്രമന്ത്രിമാർക്കും ഗവർണർക്കും പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ് എന്നിവർക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. എന്നാൽ, വികസന പദ്ധതിയിൽ നിർണ്ണായക പങ്കുവഹിച്ച വകുപ്പ് മന്ത്രിയെ തഴഞ്ഞതിൽ കടുത്ത അതൃപ്തിയാണ് സംസ്ഥാന സർക്കാരിനുള്ളത്.
മുൻ കേന്ദ്രസഹമന്ത്രി എന്ന നിലയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിലവിലെ വകുപ്പ് മന്ത്രിക്ക് ക്ഷണമില്ലാത്തത് വിവേചനമാണെന്ന് സർക്കാർ വൃത്തങ്ങൾ ആരോപിക്കുന്നു.ഉദ്ഘാടന ചടങ്ങ് കേന്ദ്ര സർക്കാർ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സംസ്ഥാന പ്രതിനിധികൾ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്.
കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഉമ തോമസ് എംഎൽഎ എന്നിവർക്കും ക്ഷണമുണ്ട്.സംസ്ഥാനത്തെ റോഡ് വികസനത്തിൽ വലിയ നാഴികക്കല്ലാകേണ്ട പദ്ധതിയുടെ ഉദ്ഘാടനം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പുതിയ പോർമുഖമായി മാറിയിരിക്കുകയാണ്.


അയ്യപ്പസംഗമം അഴിമതിയുടെ കേന്ദ്രം; മറുപടി പറയേണ്ടത് മന്ത്രി വാസവനെന്ന് രമേശ് ചെന്നിത്തല





