തൃപ്പൂണിത്തുറ: ആനന്ദാരവങ്ങള്‍ ഉയരേണ്ട കല്യാണവീട്ടില്‍ ഇപ്പോള്‍ ഉയരുന്നത് ഹൃദയം പിളര്‍ക്കുന്ന നിലവിളികള്‍ മാത്രം. മംഗല്യത്തിന്റെ മധുരം നുണയേണ്ട ദിനത്തില്‍, ഉറ്റവരെയും ഉടയവരെയും കണ്ണീര്‍ക്കടലിലാഴ്ത്തി ജസ്റ്റിന്‍ മരണത്തിന് കീഴടങ്ങി. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടില്‍ ജസ്റ്റിന്‍ വി. ജോണ്‍ (32) ആണ് സ്വന്തം വിവാഹദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ അന്ത്യശ്വാസം വലിച്ചത്. ഒരു നാടിന്റെയാകെ പ്രതീക്ഷയായിരുന്ന യുവാവിന്റെ അപ്രതീക്ഷിത വിയോഗം ചാത്താരി ഗ്രാമത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.
തിങ്കളാഴ്ച തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വെച്ചായിരുന്നു ജസ്റ്റിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ നടന്ന ‘അത്താഴമൂട്ട്’ ചടങ്ങില്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം ജസ്റ്റിന്‍ ഏറെ സന്തോഷവാനായിരുന്നു. എന്നാല്‍, ആഘോഷങ്ങള്‍ക്കിടെ വിധി വില്ലന്റെ രൂപത്തിലെത്തി. ചടങ്ങിനിടെ പെട്ടെന്നുണ്ടായ അസ്വസ്ഥതകളെത്തുടര്‍ന്ന് ജസ്റ്റിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട ജസ്റ്റിന്‍ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് എല്ലാവരും വിശ്വസിച്ചു. വിവാഹച്ചടങ്ങുകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ച് ബന്ധുക്കള്‍ ആശുപത്രി വരാന്തകളില്‍ കണ്ണീരോടെ പ്രാര്‍ത്ഥനയിലായിരുന്നു. എന്നാല്‍, തിങ്കളാഴ്ച പുലര്‍ച്ചെയോടെ ആ പ്രതീക്ഷകള്‍ കരിനിഴലിലായി. തന്റെ വിവാഹമുഹൂര്‍ത്തത്തിന് സാക്ഷിയാകേണ്ട ജസ്റ്റിന്‍ ലോകത്തോട് വിടപറഞ്ഞു.
കിഴക്കേക്കോട്ടയിലെ സെന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ് ഉടമ വിളങ്ങാട്ടില്‍ ജോണിന്റെയും എല്‍സമ്മയുടെയും മകനാണ് ജസ്റ്റിന്‍. മാതാപിതാക്കളുടെ ഏക ആണ്‍തരിയുടെ മരണം ആ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ഓസ്ട്രേലിയയിലുള്ള സഹോദരി ജിനു മരിയ ഉള്‍പ്പെടെയുള്ള ഉറ്റവര്‍ വിവാഹത്തിനായി നാട്ടിലെത്തിയിരുന്നു. ആഘോഷപ്പൊലിമയില്‍ മുഴങ്ങേണ്ടിയിരുന്ന ആ വീട് ഇപ്പോള്‍ മരണവീടിന്റെ ശ്മശാനമൂകതയിലാണ്.
ജസ്റ്റിന്‍ നേരത്തെ കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സ തേടിയിരുന്നതായി വിവരമുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം നാളെ (ചൊവ്വാഴ്ച) ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും. വിധി താലിച്ചാര്‍ത്താന്‍ വിധിക്കാത്ത ജസ്റ്റിന്റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടുകയാണ് തൃപ്പൂണിത്തുറ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

സീറ്റുവിഭജന ചര്‍ച്ചകളിലേക്ക് എല്‍.ഡി.എഫ്; ഘടകകക്ഷികളുടെ വിധി നിര്‍ണ്ണയിക്കാന്‍ സി.പി.എം; കേരള കോണ്‍ഗ്രസ് ബി-യ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍?





