കാൺപൂർ : ഉത്തർപ്രദേശിലെ കാൺപൂരിൽ വൻ ലഹരിവേട്ട. ട്രക്കിൽ കടത്തുകയായിരുന്ന ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന 600 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാൺപൂർ ജിടി റോഡിൽ 15 കിലോമീറ്ററോളം പിന്തുടർന്ന ശേഷമാണ് പൊലീസ് ലഹരിക്കടത്ത് പിടികൂടിയത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
“ഓപ്പറേഷൻ വൈറ്റ് പൗഡർ” എന്ന മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ചും റാവത്പൂർ പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഹരിയാന സ്വദേശി ലിയാഖത്ത് അലി (30) ആണ് അറസ്റ്റിലായത്. ഒഡീഷയിൽ നിന്ന് ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, മധ്യപ്രദേശ് എന്നിവയുൾപ്പെടെ നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി കഞ്ചാവ് കൊണ്ടുവരും വഴിയാണ് ഇയാൾ പിടിയിലായത് എന്നാണ് റിപ്പോർട്ട്.
കോൾ ഡീറ്റെയിൽ റെക്കോർഡുകൾ (സിഡിആർ) തുടർച്ചയായി നിരീക്ഷിച്ചതിനും മുൻ മയക്കുമരുന്ന് കേസുകളുമായി ബന്ധമുള്ള വ്യക്തികളെ നിരീക്ഷിച്ചതിനും ശേഷമാണ് ഓപ്പറേഷൻ നടത്തിയതെന്ന് അഡീഷണൽ ഡിസിപി സുമിത് സുധാകർ രാംടെകെ വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി വൈകിയാണ് ആഗ്ര, നോയിഡ, ഡൽഹി, ഹരിയാന എന്നിവിടങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന ട്രക്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ ഓപ്പറേഷനിൽ കഞ്ചാവ് പിടികൂടുകയായിരുന്നു.
പൊലീസിന്റെ സാന്നിധ്യം മനസ്സിലാക്കി ട്രക്ക് ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഏകദേശം 15 കിലോമീറ്ററോളം പിന്തുടർന്ന ശേഷം ഗുരുദേവ് കൊട്ടാരത്തിന് സമീപം ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനം തടയുകയായിരുന്നു. പരിശോധനയിൽ പാഴ്സലുകളിലും ബോക്സുകളിലുമായി ഒളിപ്പിച്ച നിലയിൽ 600 കിലോഗ്രാമിലധികം കഞ്ചാവ് പൊലീസ് കണ്ടെടുത്തു.
ഒഡീഷയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നും ആഗ്ര, ഡൽഹി, നോയിഡ, ഹരിയാനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യാനാണ് ഇവ എത്തിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ, അറസ്റ്റിലായ പ്രതി അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ അംഗങ്ങളാണെന്ന് സംശയിക്കുന്ന ജംഷെഡ്, ജാവേദ്, ജുനൈദ് എന്നീ മൂന്ന് കൂട്ടാളികളുടെ പേരുകൾ കൂടി വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.


കേരളമാകെ യു.ഡി.എഫ് തരംഗം : കമ്മ്യൂണിസ്റ്റ് കോട്ടകളിൽ അപ്രതീക്ഷിത മുന്നേറ്റം
ബാര്‍ക് റേറ്റിംഗിലെ വമ്പന്മാരെ വിലയ്ക്കു വാങ്ങാന്‍ ശത കോടീശ്വരന്; കൊച്ചി കേന്ദ്രീകരിച്ച് രഹസ്യ നീക്കം; ലക്ഷ്യം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിലെ രാഷ്ട്രീയ അതിപ്രധാനിയ്ക്ക് വേണ്ടി കോടികള്‍ വാരി എറിയാന്‍ പ്രമുഖ വ്യവസായി





