മമതയെ ഞെട്ടിച്ചു; ബംഗാളില്‍ കാവിവസന്തം; മെയ് ഒമ്പതിന് സത്യപ്രതിജ്ഞ; മമതയുടെ കോട്ട തകര്‍ത്തത് ന്യൂനപക്ഷ വോട്ടുകളിലെ ഭിന്നിപ്പ്

കൊല്‍ക്കത്ത: ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയെഴുതി പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിലേക്ക്. മെയ് ഒമ്പതിന് രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനത്തില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ അറിയിച്ചു. 200-ലധികം സീറ്റുകള്‍ നേടി ഐതിഹാസിക വിജയമാണ് ബിജെപി സ്വന്തമാക്കിയത്. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യമായി.
ഒരു ദശാബ്ദത്തിലേറെയായി മമത ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും കരുത്തായിരുന്ന ന്യൂനപക്ഷ വോട്ട് ബാങ്കിലുണ്ടായ വിള്ളലാണ് ബിജെപിക്ക് വഴിതുറന്നത്. മുര്‍ഷിദാബാദ്, മാള്‍ഡ, ഉത്തര്‍ ദിനാജ്പൂര്‍ എന്നീ ജില്ലകളില്‍ മുസ്ലിം വോട്ടുകള്‍ ഏകപക്ഷീയമായി ടിഎംസിക്ക് ലഭിച്ചിരുന്ന പതിവ് ഇത്തവണ തെറ്റി. ഈ മേഖലകളില്‍ വോട്ടുകള്‍ കോണ്‍ഗ്രസ്, ഇടതുപക്ഷം, എ.ജെ.യു.പി എന്നീ പാര്‍ട്ടികളിലായി ചിതറിപ്പോയത് ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഒരുക്കി.
തൃണമൂലിന്റെ ഉരുക്കുകോട്ടയായ മുര്‍ഷിദാബാദില്‍ നടന്ന അട്ടിമറി രാഷ്ട്രീയ നിരീക്ഷകരെപ്പോലും ഞെട്ടിക്കുന്നതാണ്. 66 ശതമാനത്തിലധികം മുസ്ലിം ജനസംഖ്യയുള്ള ഇവിടെ 2021-ല്‍ വെറും രണ്ട് സീറ്റിലൊതുങ്ങിയ ബിജെപി ഇത്തവണ ഒമ്പത് സീറ്റുകളാണ് നേടിയത്. ന്യൂനപക്ഷ വോട്ടുകള്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികളിലേക്ക് ഭിന്നിച്ചു പോയപ്പോള്‍ ഹിന്ദു വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി ഏകീകരിക്കപ്പെട്ടത് താമരയുടെ കുതിപ്പിന് വേഗത കൂട്ടി.
മാള്‍ഡയിലും സമാനമായ ഫലമാണ് ഉണ്ടായത്. കോണ്‍ഗ്രസിന്റെ സ്വാധീനം നിലനില്‍ക്കുന്ന ഇവിടെ മുസ്ലിം വോട്ടുകള്‍ ഭിന്നിച്ചപ്പോള്‍ ബിജെപി തങ്ങളുടെ സീറ്റ് എണ്ണം നാലില്‍ നിന്ന് ആറായി ഉയര്‍ത്തി. ഉത്തര്‍ ദിനാജ്പൂറിലും തൃണമൂലിന് വലിയ തിരിച്ചടി നേരിട്ടു. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ്-ഇടത് സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടുകള്‍ തൃണമൂലിന്റെ തോല്‍വി ഉറപ്പാക്കുന്നതായിരുന്നു.
ബംഗാളിലെ വിജയം കേവലം ഒരു ഭരണമാറ്റം മാത്രമല്ല, രാഷ്ട്രീയ സംസ്‌കാരത്തിന്റെ മാറ്റമാണെന്ന് സമിക് ഭട്ടാചാര്യ വ്യക്തമാക്കി. രാഷ്ട്രീയ ബഹുസ്വരത വീണ്ടെടുക്കാനാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളെ കര്‍ശനമായി നേരിടുമെന്നും ആഘോഷങ്ങള്‍ ആരെയും വേദനിപ്പിക്കുന്ന രീതിയിലാകരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഭബാനിപൂരില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കുണ്ടായ തോല്‍വി ജനവികാരം തൃണമൂലിന് എതിരാണെന്നതിന്റെ തെളിവായി. 15,000-ത്തിലധികം വോട്ടുകള്‍ക്കാണ് സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ബംഗാളികള്‍ പോലും ഈ മാറ്റത്തിനായി രംഗത്തിറങ്ങിയത് ശ്രദ്ധേയമായിരുന്നു. ‘ഡബിള്‍ എന്‍ജിന്‍’ സര്‍ക്കാരിനായുള്ള ജനങ്ങളുടെ ആഗ്രഹമാണ് ഈ ഫലത്തിലൂടെ പ്രതിഫലിക്കുന്നത്.
ഈ ചരിത്ര വിജയം വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പശ്ചിമ ബംഗാള്‍ ഇനി ബിജെപിയുടെ രാഷ്ട്രീയ പരീക്ഷണശാലയായി മാറും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.