ലഖ്നൗ: വിവാഹബന്ധം വേർപെടുത്താതെ മറ്റൊരു പങ്കാളിയുമായി ലിവ്-ഇൻ റിലേഷൻഷിപ്പിൽ കഴിയുന്നത് നിയമപരമായി അനുവദിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. വ്യത്യസ്ത പങ്കാളികളുമായി വിവാഹിതരായ ശേഷം ഒന്നിച്ച് ജീവിക്കുന്ന തങ്ങൾക്ക് വീട്ടുകാരിൽ നിന്നും മറ്റും ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതികളുടെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വിവേക് കുമാർ സിങ്ങിന്റെ നിർണ്ണായക നിരീക്ഷണം.
ഹർജിക്കാർ രണ്ടുപേരും നിലവിൽ വിവാഹിതരാണെന്നും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലാത്തതിനാൽ ഇവരുടെ ഒന്നിച്ച് താമസിക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. വാദങ്ങൾ പരിഗണിച്ച കോടതി, വിവാഹമോചനം നേടാതെ ഇത്തരമൊരു ബന്ധത്തിന് നിയമസാധുത നൽകാനാവില്ലെന്ന് വ്യക്തമാക്കി. പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ സ്വകാര്യതയിൽ മാതാപിതാക്കൾക്ക് പോലും ഇടപെടാൻ അവകാശമില്ലെന്നത് ശരിയാണെങ്കിലും വ്യക്തിസ്വാതന്ത്ര്യം എന്നത് പൂർണ്ണമായ ഒന്നല്ലെന്ന് കോടതി ഓർമ്മിപ്പിച്ചു.
“ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ നിയമപരമായ അവകാശത്തിലേക്ക് കടന്നുകയറാനുള്ളതല്ല. തന്റെ പങ്കാളിക്കൊപ്പം ജീവിക്കാനുള്ള ഒരാളുടെ അവകാശം ഇല്ലാതാക്കി മറ്റൊരു ബന്ധത്തിലേക്ക് പോകുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കാനാവില്ല,” ജസ്റ്റിസ് വിവേക് കുമാർ സിങ് നിരീക്ഷിച്ചു. ഇഷ്ടപ്പെട്ടവർക്കൊപ്പം ജീവിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട കോടതികളിൽ നിന്ന് നിയമപരമായ വിവാഹമോചനം നേടുകയാണ് വേണ്ടതെന്ന് കോടതി കർശന നിർദ്ദേശം നൽകി.
ഇന്ത്യൻ മാമ്പഴങ്ങൾ വേണ്ട ; ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി ജപ്പാൻ
നിയമവിരുദ്ധമായ ഈ സാഹചര്യത്തിൽ ഹർജിക്കാർക്ക് പ്രത്യേക പോലീസ് സംരക്ഷണം നൽകാൻ കോടതി വിസമ്മതിച്ചു. എന്നാൽ, ഇവർ ഏതെങ്കിലും തരത്തിലുള്ള ശാരീരിക ആക്രമണത്തിന് ഇരയാകുകയോ ബുദ്ധിമുട്ടുകൾ നേരിടുകയോ ചെയ്താൽ സാധാരണ പൗരന്മാർ എന്ന നിലയിൽ പോലീസിനെ സമീപിക്കാവുന്നതാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തിലെ ധാർമ്മികതയും നിയമപരമായ വിവാഹബന്ധത്തിന്റെ പവിത്രതയും ഉയർത്തിപ്പിടിക്കുന്നതാണ് ഹൈക്കോടതിയുടെ ഈ വിധി.


എന്‍സിപിയില്‍ ലയന നീക്കം; അജിത് പവാറിന്റെ വിയോഗത്തിന് പിന്നാലെ പവാര്‍ കുടുംബം ഒന്നിക്കുന്നു? കേരളത്തില്‍ ശശീന്ദ്രനും സംഘവും വെട്ടിലാകും





