എറണാകുളം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ഡാഷ് മോനെ രേവന്താ’ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്ന് സതീശൻ പരിഹസിച്ചു. മാധ്യമപ്രവർത്തകർ ഒന്നുകൂടി ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ ‘ഡാഷ്’ കൂടി പൂരിപ്പിച്ചേനെ എന്നും, അത് കേരളത്തിന് എത്ര വലിയ നാണക്കേടായേനെ എന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കെ സർക്കാരിനെതിരെ അഴിമതി ആരോപണങ്ങളുടെ പെരുമഴയാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. 2018-ലെ പ്രളയം കരിമണൽ ലോബിക്ക് വേണ്ടി കൃത്രിമമായി സൃഷ്ടിച്ചതാണെന്ന മാത്യു കുഴൽനാടന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവതരമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും രാജിവെക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
“സിപിഐഎം രക്തസാക്ഷി ഫണ്ട് മുക്കിയവരാണ് യഥാർത്ഥ ശവംതീനികൾ. അഭിമന്യു ഫണ്ടും വിഷ്ണു ഫണ്ടും ഇവർ തട്ടിച്ചു. സ്വന്തം പാർട്ടിയുടെ രക്തസാക്ഷി ഫണ്ട് തട്ടിച്ചവർ അത് മറച്ചുവെക്കാനാണ് ഇപ്പോൾ വയനാട് ഫണ്ടിന്റെ പേരിൽ വിവാദമുണ്ടാക്കുന്നത്.” വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പദ്ധതിയിൽ വലിയ ക്രമക്കേടുകളും അഴിമതിയും നടക്കുന്നുണ്ട്. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഈ പദ്ധതിയിലെ മുഴുവൻ അഴിമതികളും അന്വേഷിക്കുമെന്ന് സതീശൻ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി-ലാലേട്ടൻ അഭിമുഖം വിവാദത്തിൽ; ചെലവാക്കിയത് 11 ലക്ഷത്തിലധികം രൂപയെന്ന് വിവരാവകാശ രേഖ; ‘പി ആർ സ്റ്റണ്ട്’ എന്ന് പ്രതിപക്ഷം
ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ അയ്യപ്പന്റെ സ്വർണ്ണം വരെ കൊള്ളയടിച്ചവർക്ക് കുടപിടിക്കുന്ന സമീപനമാണ് പിണറായി സർക്കാർ സ്വീകരിച്ചത്. സർക്കാരിന്റെ പദ്ധതികളെല്ലാം വെറും പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാല് വോട്ടിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിഡിപി, എസ്ഡിപിഐ ഉൾപ്പെടെയുള്ള എല്ലാ വർഗ്ഗീയ പാർട്ടികളുമായാണ് ഇപ്പോൾ ഡീൽ ഉറപ്പിച്ചിരിക്കുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു.


നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി വിധി ചോദ്യം ചെയ്തുള്ള സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് നോട്ടീസ്





