മുഖ്യമന്ത്രിക്ക് ഒഎസ്ഡി ഇല്ലാതായിട്ട് ഒരു മാസം; ഐഎഎസ് ഏകോപനത്തില്‍ പ്രതിസന്ധിയായി ഡോ എസ് കാര്‍ത്തികേയന്‍ ഐഎഎസിന്റെ അപ്രതീക്ഷിത അവധി എടുക്കല്‍; കേശവേന്ദ്രകുമാറും മീര്‍ മുഹമ്മദ് അലിയും കേരളം വിട്ടു; ഐഎഎസുകാരുടെ പിന്തുണ തേടി മുഖ്യമന്ത്രിയുടെ യോഗം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി പദവി ഒഴിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് മാസമൊന്നായി. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഈ സുപ്രധാന ചുമതലയില്‍ ആളെത്താത്തത് സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയാണ്. ഐഎഎസുകാര്‍ക്ക് പദവി ഏറ്റെടുക്കാനുള്ള വൈമുഖ്യം കാരണമാണോ ഒഴിവ് നികത്താത്തത് എന്നതാണ് ഉയരുന്ന ചോദ്യം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി പദവിയിലുണ്ടായിരുന്ന പേരെടുത്ത ഐഎഎസുകാരനായ ഡോ എസ് കാര്‍ത്തികേയന്‍ അവിചാരിതമായി അവധിയില്‍ പോവുകയായിരുന്നു. ഒരു വര്‍ഷത്തേക്കാണ് അവധി എടുത്തത്. ഇതോടെയാണ് പദവി ഒഴിവു വന്നത്.

കാര്‍ത്തികേയന്‍ അവധിക്ക് പോയപ്പോള്‍ മറ്റൊരു മുതിര്‍ന്ന ഐഎഎസുകാരനായ കേശവേന്ദ്രകുമാര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകും. ധനകാര്യ എക്‌സപെന്‍ഡീച്ചര്‍ സെക്രട്ടറിയാണ് കേശവേന്ദ്രകുമാര്‍. മീര്‍ മുഹമ്മദ് അലിയും കേരളം വിട്ടു. ഇതെല്ലാം ഐഎഎസുകാരുടെ കുറവ് കേരളത്തില്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിനൊപ്പമാണ് തീര്‍ത്തും അവിചാരിതമായി മുഖ്യമന്ത്രിയുടെ അതിവിശ്വസ്ത കസേരയില്‍ ഇരുന്ന മിടുക്കനായ കാര്‍ത്തികേയന്റെ അവധി എടുക്കലും. അവധിക്ക് പിന്നിലെ കാരണം സെക്രട്ടറിയേറ്റിലുള്ളവര്‍ക്ക് പോലും അറിയില്ലെന്നതാണ് വസ്തുത.

ഇന്ന് മുഖ്യമന്ത്രി സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ആറാഴചയ്ക്കുള്ളില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നും അതിന് മുമ്പ് എല്ലാ ജോലിയും ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു. പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനം എടുക്കരുതെന്നും ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്ക് കിട്ടാനുള്ള കുടിശികയും മറ്റും ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. രണ്ടു മണിക്കൂര് നീണ്ടു നിന്ന യോഗത്തിലും മുഖ്യമന്ത്രിയുടെ ഒ എസ് ഡിയുടെ അഭാവം ശ്രദ്ധിക്കപ്പെട്ടു. ഐ എ എസ് ഉദ്യോഗസ്ഥന്മാര്‍ക്ക് പല വിഷയങ്ങളിലും തീരുമാനത്തിലെത്താന്‍ വേണ്ട ഏകോപനം ഒ എസ് ഡിയുടെ കസേരയില്‍ ആളില്ലാത്തത് സൃഷ്ടിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഒഎസ് ഡി എന്നതിനൊപ്പം ചില സുപ്രധാന ചുമതലകളും കാര്‍ത്തികേയന്‍ വഹിച്ചിരുന്നു. മെഡിക്കല്‍ ബിരുദധാരിയായ അദ്ദേഹം മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. സിവില്‍ സര്‍വീസിനോടുള്ള താല്‍പര്യം കാരണമാണ് ഈ രംഗത്തേക്ക് എത്തിയത്. 2011-ലാണ് ഐഎഎസ് കരസ്ഥമാക്കിയത്. കൊല്ലം ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് മാലിന്യ നിര്‍മ്മാര്‍ജ്ജനം, നഗര വികസനം തുടങ്ങിയ മേഖലകളില്‍ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. തിരുവനന്തപുരം സബ് കളക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥയായ ഡോ. കെ. വാസുകി ആണ് അദ്ദേഹത്തിന്റെ പങ്കാളി. ഇരുവരും മെഡിക്കല്‍ പഠനകാലം മുതല്‍ സുഹൃത്തുക്കളായിരുന്നു. 2010-ലാണ് ഇവര്‍ വിവാഹിതരായത്. വാസുകിയെ സര്‍ക്കാര്‍ ഗവര്‍ണ്ണറുടെ ഒസിഎഡിയാക്കാനുള്ള പാനലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് കാര്‍ത്തികേയന്‍ അവധി എടുത്തത്. ഇതോടെ മുഖ്യമന്ത്രിക്ക് ഒഎസ്ഡി ഇല്ലാതെയായി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.