കടകംപള്ളിയും പ്രശാന്തും സംശയനിഴലില്‍; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ വിട്ടുവീഴ്ചക്കില്ല; ജനുവരി 5 നിര്‍ണ്ണായകം

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് പുതിയ രാഷ്ട്രീയ പ്രകമ്പനങ്ങളിലേക്ക്. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എം.എല്‍.എ വി.കെ. പ്രശാന്തും അന്വേഷണ സംഘത്തിന്റെ സംശയനിഴലിലാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. കേസ് ജനുവരി 5-ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കെ, പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനെയും ഭരണകക്ഷി നേതാക്കളെയും പ്രതിരോധത്തിലാക്കും. ഇതിന്റെ സൂചനകള്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
അന്വേഷണം രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ്, സ്വര്‍ണ്ണം വീണ്ടെടുക്കുന്നതില്‍ വലിയ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കൊല്ലം കോടതിയെ അറിയിച്ചത്. സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ വസ്തുതകള്‍ കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ജനുവരി 5-ന് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ നല്‍കുന്ന സത്യവാങ്മൂലം രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
സന്നിധാനത്തുനിന്ന് കൊള്ളയടിക്കപ്പെട്ട സ്വര്‍ണ്ണം പൂര്‍ണ്ണമായും കണ്ടെത്താനായിട്ടില്ലെന്ന് എസ് ഐ ടി കൊ്ല്ലം കോടതിയെ അറിയിച്ചു. കേസിലെ പ്രധാന പ്രതികളായ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും ഹാജരാക്കിയ സ്വര്‍ണ്ണം ശബരിമലയിലേത് തന്നെയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പങ്കജ് ഭണ്ഡാരി 109.243 ഗ്രാമും ഗോവര്‍ധന്‍ 474.960 ഗ്രാമും സ്വര്‍ണ്ണമാണ് ഹാജരാക്കിയത്. ശ്രീകോവിലിന്റെ കട്ടിളപ്പാളികള്‍, ദശാവതാര രൂപങ്ങള്‍ ആലേഖനം ചെയ്ത പാളികള്‍, രാശി ചിഹ്നങ്ങളുള്ള പാളികള്‍, തൂണുകളിലെ സ്വര്‍ണ്ണ പാളികള്‍ എന്നിങ്ങനെ വലിയൊരു ശേഖരം തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രതികള്‍ നല്‍കിയ സ്വര്‍ണ്ണം യഥാര്‍ത്ഥത്തില്‍ നഷ്ടപ്പെട്ട അളവിനേക്കാള്‍ വളരെ കുറവാണെന്നത് കൊള്ളയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു.
ശ്രീകോവിലിന്റെ കട്ടിളയില്‍ പതിപ്പിച്ചിരുന്ന ഏഴ് പാളികളാണ് ഇളക്കിയെടുത്തത്. അതീവ സുരക്ഷാ മേഖലയായ സന്നിധാനത്ത് ഇത്രയും വലിയൊരു കൊള്ള നടക്കണമെങ്കില്‍ ഉന്നതതലത്തിലുള്ള ഒത്താശയുണ്ടോ എന്നാണ് പരിശോധിക്കുന്നത്. പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച പരസ്പരവിരുദ്ധമായ മൊഴികളാണ് രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം നീളാന്‍ കാരണമായത്.
സ്വര്‍ണ്ണം ഉരുക്കി മാറ്റിയോ അതോ മറ്റെവിടെയെങ്കിലും ഒളിപ്പിച്ചോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശ്രമിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ പ്രമുഖരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയേക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.