കൊച്ചി/ന്യൂഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ പുകയുന്നതിനിടെ, എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനായി പുനര്‍നിയമിച്ചു. 2026-27 വര്‍ഷത്തേക്കുള്ള സമിതിയുടെ അധ്യക്ഷനായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് കെ.സിയെ നിയമിച്ചത്. ഈ നീക്കത്തോടെ കേരള മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് കെ.സി. വേണുഗോപാല്‍ പിന്മാറിയെന്ന സൂചനകളാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്നത്.
വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും പിന്തുണയ്ക്കുന്നവര്‍ തമ്മിലുള്ള പിടിവലി മുറുകിയാല്‍, ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി കെ.സി. വേണുഗോപാല്‍ എത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ പി.എ.സി അധ്യക്ഷ സ്ഥാനം കെ.സിക്ക് വീണ്ടും നല്‍കിയതിലൂടെ അദ്ദേഹം ഡല്‍ഹിയില്‍ തുടരണമെന്ന സന്ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്. എങ്കിലും, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പി.എ.സി അധ്യക്ഷ സ്ഥാനം രാജിവെച്ച് കേരളത്തിലെത്താന്‍ കെ.സിക്ക് തടസ്സമില്ലെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
മുസ്ലീം ലീഗ് വി.ഡി. സതീശനെ പിന്തുണയ്ക്കുന്നു എന്ന സൂചനകള്‍ പുറത്തുവന്നതാണ് കെ.സിയെ ഡല്‍ഹിയില്‍ തന്നെ നിലനിര്‍ത്താന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ ഘടകകക്ഷികളുടെ, പ്രത്യേകിച്ച് ലീഗിന്റെ അഭിപ്രായത്തിന് വലിയ പ്രാധാന്യമുണ്ടാകും. സതീശന്റെ കാര്യത്തില്‍ ലീഗിനുള്ള അനുകൂല നിലപാട് തിരിച്ചറിഞ്ഞാണ് കെ.സി. വേണുഗോപാല്‍ ഡല്‍ഹി രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതെന്ന് പറയപ്പെടുന്നു.
കെ.സി. വേണുഗോപാല്‍ മത്സരത്തില്‍ നിന്ന് ഒഴിഞ്ഞുനില്ക്കുകയാണെങ്കില്, അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം രമേശ് ചെന്നിത്തലയെ പിന്തുണച്ചേക്കാന് സാധ്യതയുണ്ട്. നിലവില്‍ എംഎല്‍എമാരുടെ പിന്തുണ നോക്കിയാല്‍ കെ.സിക്ക് പിന്നില്‍ രണ്ടാമത് ചെന്നിത്തലയ്ക്കാണ് മുന്‍തൂക്കം. എന്നാല്‍, ഘടകകക്ഷികളുടെയും യുവനേതാക്കളുടെയും പിന്തുണ വി.ഡി. സതീശന് കരുത്താവുന്നു. പട നയിച്ച സതീശന് തന്നെ നാട് നയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു.
തിങ്കളാഴ്ച ഫലം പുറത്തുവരുകയും യുഡിഎഫ് അധികാരത്തിലെത്തുകയും ചെയ്താല്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ഹൈക്കമാന്‍ഡിന് വലിയ പരീക്ഷണമാകും. ഗ്രൂപ്പുകള്‍ക്ക് അതീതമായി എംഎല്‍എമാരുടെ പിന്തുണ ആര്‍ക്കെന്നതും ഘടകകക്ഷികളുടെ താല്പര്യവും ഒരുപോലെ പരിഗണിക്കേണ്ടി വരും. കെ.സി. വേണുഗോപാലിന്റെ ഡല്‍ഹിയിലെ പുനര്‍നിയമനം ഈ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ആദ്യപടിയാണോ അതോ സതീശന് വഴിതുറക്കലാണോ എന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍; ഗവര്‍ണര്‍ ഭരണഘടനാനുസൃതമായി നീങ്ങുമെന്ന് ബിജെപി; വിജയ്ക്ക് പിന്തുണ തേടി സമ്മര്‍ദ്ദമുറുക്കി ടിവികെ.





