ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മാൾഡയിൽ വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്കെത്തിയ മൂന്ന് വനിതാ ജഡ്ജിമാർ അടക്കമുള്ള ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം തടഞ്ഞുവെച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. പശ്ചിമ ബംഗാൾ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ രാഷ്ട്രീയ ചേരിതിരിവ് നിലനിൽക്കുന്ന സംസ്ഥാനമാണെന്ന് കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തരമായി കേന്ദ്ര സായുധ സേനയെ വിന്യസിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത നീക്കമാണ് മാൾഡയിൽ നടന്നതെന്ന് കോടതി വിലയിരുത്തി. “നിങ്ങളുടെ സംസ്ഥാനത്ത് എല്ലാവരും രാഷ്ട്രീയമാണ് സംസാരിക്കുന്നത്. അക്രമികൾ ആരാണെന്ന് ഞങ്ങൾക്ക് അറിയില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? പുലർച്ചെ രണ്ട് മണി വരെ ഞാൻ സാഹചര്യം നിരീക്ഷിക്കുന്നുണ്ടായിരുന്നു,” എന്ന് ചീഫ് ജസ്റ്റിസ് ബംഗാൾ അഡ്വക്കേറ്റ് ജനറലിനോട് നേരിട്ട് പറഞ്ഞു. ജുഡീഷ്യൽ ഓഫീസർമാരുടെ മനസ്സിൽ ഭയം സൃഷ്ടിക്കാനോ നിയമം കൈയ്യിലെടുക്കാനോ ആരെയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
മാൾഡയിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതിനെതിരെ പ്രതിഷേധിച്ച ജനക്കൂട്ടം ഏഴ് ജുഡീഷ്യൽ ഓഫീസർമാരെയാണ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിൽ ഒമ്പത് മണിക്കൂറോളം തടഞ്ഞുവെച്ചത്. രാത്രി വൈകി പോലീസ് എത്തി ഇവരെ മോചിപ്പിക്കുന്നതിനിടെ വ്യാപകമായ കല്ലേറുമുണ്ടായി. സംഭവത്തെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചിട്ടും ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരോട് കോടതി വിശദീകരണം തേടി.
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന വോട്ടർ പട്ടിക പുതുക്കലിൽ 63 ലക്ഷത്തിലധികം പേരുകൾ നീക്കം ചെയ്തതാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. ഇത് സംബന്ധിച്ച തർക്കങ്ങൾ പരിശോധിക്കാനെത്തിയ ജുഡീഷ്യൽ ഓഫീസർമാരെയാണ് ജനക്കൂട്ടം ഘരാവോ ചെയ്തത്. ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ബംഗാളിലെ ക്രമസമാധാന നിലയിലുള്ള ആശങ്കയും പ്രകടിപ്പിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
പുതിയ അധ്യയന വർഷം മുതൽ ത്രിഭാഷാ നിയമം നിർബന്ധമാക്കി സിബിഎസ്ഇ; മൂന്നാം ഭാഷയ്ക്ക് ബോർഡ് പരീക്ഷയില്ല
പുതിയ അധ്യയന വർഷം മുതൽ ത്രിഭാഷാ നിയമം നിർബന്ധമാക്കി സിബിഎസ്ഇ; മൂന്നാം ഭാഷയ്ക്ക് ബോർഡ് പരീക്ഷയില്ല






