“അത് മുനീറിന്റെ മാത്രമല്ല, ലീഗുകാരുടെ വീടാണ്” സി.എച്ച്. മുഹമ്മദ് കോയയുടെ ഓർമ്മകൾ ഉറങ്ങുന്ന വീട് ജപ്തി ചെയ്യാൻ വിടില്ലെന്ന് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും;വ്യക്തിപരമായ വിഷയമെന്ന് മുനീർ

കോഴിക്കോട്: മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിന്റെ കോഴിക്കോട്ടെ വസതിയായ ‘ക്രസന്റ് ഹൗസ്’ ജപ്തി ഭീഷണിയിലായ സംഭവത്തിൽ വൈകാരികമായ പ്രതികരണവുമായി മുസ്ലിം ലീഗ് നേതൃത്വം. വീട് ജപ്തി ചെയ്യാൻ അനുവദിക്കില്ലെന്നും പാർട്ടി മുനീറിനൊപ്പം ഉണ്ടാവുമെന്നും നേതാക്കൾ വ്യക്തമാക്കി.
 ജപ്തി വാർത്ത പുറത്തുവന്നതിന് പിന്നാലെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മുനീറിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. “അത് മുനീറിന്റെ മാത്രമല്ല, മുസ്ലിം ലീഗുകാരുടെ വീടാണ്. ആ വീട് നഷ്ടമാവില്ല,” എന്ന് കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.കെ. ഫൈസൽ ബാബു പറഞ്ഞു. ലീഗ് ഉള്ള കാലത്തോളം മുനീർ അനാഥനാവില്ലെന്ന് ദേശീയ സെക്രട്ടറി സി.കെ. സുബൈറും ഫേസ്ബുക്കിൽ കുറിച്ചു.
 മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ വസതി എന്ന നിലയിൽ ലീഗ് പ്രവർത്തകർക്ക് വലിയ വൈകാരിക അടുപ്പമുള്ള വീടാണ് നടക്കാവിലെ ക്രസന്റ് ഹൗസ്.ജപ്തി ഭീഷണി തന്റെ വ്യക്തിപരമായ വിഷയമാണെന്നും അതിലേക്ക് പാർട്ടിയെ വലിച്ചിഴയ്ക്കേണ്ടതില്ലെന്നുമാണ് മുനീറിന്റെ നിലപാട്.
“നേതാക്കൾ വിളിച്ചിരുന്നു, പക്ഷേ സഹായിക്കാൻ ഞാൻ പറഞ്ഞിട്ടില്ല. അങ്ങനെ ചോദിക്കാൻ പാടില്ലല്ലോ. വീട് നവീകരിക്കാൻ എടുത്ത വായ്പയാണിത്. ബാങ്ക് പരമാവധി സമയം നീട്ടിത്തന്നിട്ടുണ്ട്. എങ്ങനെയെങ്കിലും തുക കണ്ടെത്താൻ നോക്കട്ടെ.” – എം.കെ. മുനീർ.കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിൽ 58 ലക്ഷം രൂപയുടെ ബാധ്യതയാണ് മുനീറിനുള്ളത്. പത്ത് വർഷം മുൻപ് വീട് നവീകരണത്തിന് എടുത്ത ലോണാണിത്. കടബാധ്യത മൂലം ജാഫർഖാൻ കോളനിയിലെ സ്വന്തം വീട് മുൻപ് വിറ്റിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.