ഇസ്ലാമാബാദ്: ലോകം ഉറ്റുനോക്കിയ യുഎസ്-ഇറാൻ മാരത്തൺ ചർച്ചകൾ കരാറില്ലാതെ അവസാനിച്ചു. പാകിസ്താന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട ചർച്ചകളാണ് ഫലം കാണാതെ പിരിഞ്ഞത്. ആണവായുധം വികസിപ്പിക്കില്ലെന്ന അമേരിക്കയുടെ കർശന നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ വിസമ്മതിച്ചതാണ് ചർച്ചകൾ അലസാൻ കാരണമായതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും നിരന്തരം സമ്പർക്കം പുലർത്തിയാണ് ചർച്ചകൾ മുന്നോട്ട് കൊണ്ടുപോയതെങ്കിലും ഇറാന്റെ നിലപാട് തിരിച്ചടിയാവുകയായിരുന്നു. ഉടമ്പടിയില്ലാതെ അമേരിക്കൻ സംഘം പാകിസ്താനിൽ നിന്ന് മടങ്ങുകയാണെന്നും വാൻസ് വ്യക്തമാക്കി. “ഒരു ഉടമ്പടിയിലെത്താൻ കഴിഞ്ഞില്ല എന്നത് ദൗർഭാഗ്യകരമാണ്. ഇത് അമേരിക്കയേക്കാൾ കൂടുതൽ ബാധിക്കുക ഇറാനെയായിരിക്കും. ഞങ്ങളുടെ നിബന്ധനകൾ അവർക്ക് സ്വീകാര്യമായിരുന്നില്ല.”
“ചർച്ച പരാജയപ്പെട്ടത് മധ്യസ്ഥരായ പാകിസ്താന്റെ പിഴവുകൊണ്ടല്ല. അവർ അത്ഭുതകരമായ ജോലിയാണ് ചെയ്തത്. ഇരുവിഭാഗങ്ങൾക്കുമിടയിലെ വിടവ് നികത്താൻ അവർ തീവ്രമായി ശ്രമിച്ചു.” 21 മണിക്കൂർ നീണ്ട ചർച്ചയിൽ പല പ്രധാന വിഷയങ്ങളും സംസാരിക്കാൻ സാധിച്ചു എന്നത് മാത്രമാണ് ആശ്വാസകരമായ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ കത്തുന്നു! ടെഹ്റാനിൽ മാത്രം 200 മരണം; യുവജനങ്ങളെ വെടിവെച്ചിട്ട് ഭരണകൂടം; ഇന്റർനെറ്റും ഫോണും നിശ്ചലം
അമേരിക്കയുടെ ‘അമിതമായ ആവശ്യങ്ങളാണ്’ ചർച്ച പരാജയപ്പെടാൻ കാരണമെന്ന് ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലെ ഗതാഗത അവകാശം, ഇറാന്റെ ആണവ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് ഇറാൻ തയ്യാറായില്ല. പൊതുവായ ഒരു കരാർ രൂപപ്പെടുത്തുന്നതിന് അമേരിക്കയുടെ കടുത്ത നിലപാടുകൾ തടസ്സമായെന്ന് ഇറാൻ അധികൃതർ ആരോപിച്ചു.
ചർച്ചകൾ പരാജയപ്പെട്ടതോടെ മേഖലയിൽ നിലനിന്നിരുന്ന രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ അവസാനിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.


മധ്യേഷ്യയിൽ സമാധാന നീക്കം: ഇസ്രായേലും ലെബനനും വെടിനിർത്തലിലേക്ക്





