കോട്ടയം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ് വരുന്നു. രാജ്യസഭാ കാലാവധി അവസാനിക്കുന്നതോടെ അദ്ദേഹത്തിന് കേന്ദ്രമന്ത്രിസ്ഥാനം ഒഴിയേണ്ടി വരുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമാകുന്നത്. മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് കുര്യന്റെ കാലാവധി ഈ വര്‍ഷം ഏപ്രിലില്‍ അവസാനിക്കാനിരിക്കെയാണ്, അദ്ദേഹം കേരള നിയമസഭയിലേക്ക് മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കായിരുന്നു ജോര്‍ജ് കുര്യന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഈ കാലാവധി ഏപ്രിലില്‍ അവസാനിക്കും. ഏപ്രിലില്‍ ഒഴിവ് വരുന്ന മധ്യപ്രദേശിലെ മൂന്ന് സീറ്റുകളിലൊന്നില്‍ കുര്യനെ ബിജെപി വീണ്ടും പരിഗണിക്കുമോ എന്നതാണ് പ്രധാന ചോദ്യം. രാജ്യസഭയിലേക്ക് വീണ്ടും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടില്ലെങ്കില്‍, മന്ത്രിയായി തുടരാന്‍ അദ്ദേഹത്തിന് സാധിക്കില്ല. മെയ് മാസത്തിലാകും പുതിയ രാജ്യസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ നടക്കുക. ഈ സാഹചര്യത്തില്‍ മന്ത്രിസഭാ പുനസംഘടന ഉണ്ടായാല്‍ കുര്യന്റെ സ്ഥാനം തെറിക്കുമോ എന്ന ആശങ്ക അദ്ദേഹത്തിന്റെ അനുയായികള്‍ക്കിടയിലുണ്ട്.
രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുന്നതിന് പകരം ജോര്‍ജ് കുര്യനെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ആലോചന. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം ലഭിച്ചു കഴിഞ്ഞു. മധ്യകേരളത്തില്‍ ബിജെപിക്ക് വേരോട്ടമുണ്ടാക്കാന്‍ ഒരു ക്രൈസ്തവ മുഖം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. സുരേഷ് ഗോപി തൃശൂരില്‍ നേടിയ മുന്നേറ്റം കാഞ്ഞിരപ്പള്ളിയില്‍ കുര്യനിലൂടെ ആവര്‍ത്തിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഒരിക്കല്‍ അല്‍ഫോന്‍സ് കണ്ണന്താനത്തെ പരീക്ഷിച്ച മണ്ഡലത്തില്‍ ഇക്കുറി കേന്ദ്രമന്ത്രിയെന്ന പ്രതിച്ഛായയുമായി ജോര്‍ജ് കുര്യന്‍ എത്തുന്നതോടെ കടുത്ത മത്സരം കാഴ്ചവയ്ക്കാനാകുമെന്ന് പാര്‍ട്ടി കരുതുന്നു.
കേരളത്തില്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചാല്‍ കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് അയക്കാന്‍ സാധ്യത കുറവാണ്. അങ്ങനെയെങ്കില്‍ ഏപ്രിലില്‍ കാലാവധി തീരുന്നതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരും. പിന്നീട് നിയമസഭയില്‍ ജയിച്ച് എംഎല്‍എ ആയി കേരള രാഷ്ട്രീയത്തില്‍ സജീവമാകാനാണോ അതോ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് ജയിക്കാന്‍ ആകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പക്ഷേ കുര്യന് വലിയ തോതില്‍ വോട്ടുയര്‍ത്താന്‍ കഴിയുകയും ചെയ്യും.
കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജോര്‍ജ് കുര്യന്‍ നടത്തുന്ന സജീവമായ ഇടപെടലുകള്‍ അദ്ദേഹം നിയമസഭയിലേക്ക് അങ്കത്തിനൊരുങ്ങുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. നിയമസഭയിലെ പ്രകടനം കുര്യനും നിര്‍ണ്ണായകമാണ്. അഥവാ തോറ്റാല്‍ പോലും വലിയ തോതില്‍ വോട്ടുയര്‍ത്തിയാല്‍ വീണ്ടും രാജ്യസഭാ സീറ്റ് കുര്യന് കിട്ടിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാകും നിര്‍ണ്ണായക തീരുമാനം എടുക്കുക.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ബിജെപിയുടെ വരുമാനം നാലിരട്ടിയായി വര്‍ധിച്ചു; തിരഞ്ഞെടുപ്പ് ചെലവിലും രണ്ടരയിരട്ടി വര്‍ധന, പരസ്യത്തിനും വിമാനയാത്രയ്ക്കും മാത്രം കോടികള്‍ കണക്കുകള്‍ പുറത്ത്





