സ്ത്രീകളുടെ സൗജന്യ യാത്ര നാളെ മുതൽ ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തിരുവനന്തപുരം : സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി  നാളെ മുതൽ ആരംഭിക്കുകയാണ്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങളും നിബന്ധനകളും കെ.എസ്.ആർ.ടി.സി വൃത്തങ്ങൾ പുറത്തുവിട്ടു.

ജൂൺ 15 ന് രാവിലെ 8.30 ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത് . ആദ്യ സർവീസ് നടത്തുന്ന ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. ഉദ്ഘാടനത്തിന് ശേഷം രാവിലെ 9 മണി മുതൽ മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ നിരക്കിലുള്ള ടിക്കറ്റുകൾ ലഭ്യമായി തുടങ്ങുക. അതിനു മുൻപ് ബസ്സിൽ കയറുന്നവർക്ക് സൗജന്യ യാത്ര ആനുകൂല്യം ലഭിക്കുകയില്ല. മുഖ്യമന്ത്രിയും മന്ത്രിയും ഉൾപ്പെടെയുള്ളവർ ആദ്യ സർവീസിൽ കുറച്ചു ദൂരം യാത്ര ചെയ്യും.

പ്രത്യേകം കാർഡുകളോ സർട്ടിഫിക്കറ്റുകളോ രജിസ്ട്രേഷനോ ഒന്നും ആവശ്യമില്ലാതെ തന്നെ എല്ലാ സ്ത്രീകൾക്കും ഈ സൗജന്യ യാത്ര ആനുകൂല്യം ലഭിക്കുന്നതാണ്. ആദ്യഘട്ടത്തിൽ 3,125 ഓർഡിനറി ബസ്സുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലൂടെ  കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്ന ബാധ്യത സർക്കാർ ഗ്രാന്റായി  നൽകും. ഇതിനായി പ്രതിദിനം ഏകദേശം രണ്ടു കോടിയിലധികം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

യാത്രക്കാർ അറിഞ്ഞിരിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ:

  • സൗജന്യ യാത്ര നടത്തുമ്പോഴും സാധാരണ ടിക്കറ്റ് എടുക്കുന്നത് പോലെ ഇറങ്ങേണ്ട സ്ഥലം കണ്ടക്ടറോട് പറഞ്ഞ് ‘0’ (പൂജ്യം) ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.
  • ഏതെങ്കിലും സാഹചര്യത്തിൽ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടതെങ്കിലും അല്ലെങ്കിൽ ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുൻപേ ഇറങ്ങണമെങ്കിലും ആ വിവരം കൃത്യമായി കണ്ടക്ടറെ അറിയിക്കേണ്ടതാണ്.
  • സ്ത്രീകളുടെ കൂടെ 5 മുതൽ 11 വയസ്സ് വരെയുള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പണം നൽകി ഹാഫ് ടിക്കറ്റ് എടുക്കേണ്ടതുണ്ട്.
  • പുരുഷന്മാർ കൂടെയുണ്ടെങ്കിൽ ആ കാര്യം കണ്ടക്ടറോട് പറഞ്ഞ് ടിക്കറ്റ് എടുക്കണം.
  • പുരുഷന്മാരാണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ, കൂടെ വനിതകൾ ഉണ്ടെന്ന കാര്യം ടിക്കറ്റ് മെഷീനിൽ എൻ്റർ ചെയ്യുന്നതിനു മുൻപ് തന്നെ കണ്ടക്ടറോട് പറയണം.
  • സൗജന്യ യാത്ര നടത്തുന്ന സ്ത്രീകൾക്ക് നിലവിൽ ഓർഡിനറി ബസ്സുകളിൽ ഉള്ളതുപോലെ 15 കിലോ വരെയുള്ള ലഗേജ് യാത്ര തികച്ചും സൗജന്യമായിരിക്കും.
  • സ്ത്രീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസ്സുകൾ തിരിച്ചറിയുന്നതിനായി ബസ്സുകളിൽ ‘പ്രിയദർശിനി’ എന്ന സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ടാകും.

സൗജന്യ യാത്ര ലഭിക്കുന്ന ബസ്സുകൾ:

സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ടൗൺ ടു ടൗൺ എന്നിങ്ങനെ ഏഴ് വിഭാഗം ബസ്സുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകുക.

സൗജന്യ യാത്ര ലഭിക്കാത്ത സർവീസുകൾ:

സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ മുതൽ മുകളിലോട്ടുള്ള മറ്റെല്ലാ സൂപ്പർ ക്ലാസ് സർവീസുകൾ, ഉത്സവകാല സ്പെഷ്യൽ സർവീസുകൾ, വീക്ക് എൻഡ് അഡീഷണൽ സർവീസുകൾ, ബി ടി സി സർവീസുകൾ, ചാർട്ടേർഡ് ട്രിപ്പുകൾ എന്നിവയിൽ സൗജന്യ യാത്രാ ആനുകൂല്യം അനുവദനീയമല്ല.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.